|    Mar 26 Sun, 2017 1:24 am
FLASH NEWS

നഗരങ്ങളിലെ ജലാശയങ്ങള്‍ രോഗാണുവാഹകരെന്ന് സിഎജി

Published : 18th July 2016 | Posted By: SMR

പി എച്ച് അഫ്‌സല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങളോട് ചേര്‍ന്നുള്ള ജലാശയങ്ങള്‍ അപകടകരമായ തോതില്‍ മലിനീകരിക്കപ്പെടുന്നതായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപോര്‍ട്ട്. കോഴിക്കോട് കനോലി കനാല്‍, കോട്ടയം പെണ്ണാര്‍തോട്, കോതമംഗലം കുരൂര്‍ തോട്, കൊടുങ്ങല്ലൂര്‍ കാവിന്‍കടവ്, കൊല്ലംതോട്, ഏളൂര്‍ കുഴിക്കണ്ടം തോട് എന്നിവയുടെ മലിനീകരണ തോതാണ് സിഎജി പഠനവിധേയമാക്കിയത്. ആയിരക്കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലൂടെ നദികളും കനാലുകളും കറുത്ത് കട്ടപിടിച്ച് രോഗാണുക്കളെ വഹിച്ചാണ് ഒഴുകുന്നതെന്ന് 2016ലെ സിഎജി റിപോര്‍ട്ടില്‍ പറയുന്നു.
കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത്മൂലം കോഴിക്കോട് കനോലി കനാലില്‍ 100 മില്ലി ലിറ്റര്‍ ജലത്തില്‍ 3,600 മുതല്‍ 52,000 എംപിഎന്‍ വരെയാണ് കോളിഫോം ബാക്ടീരിയയുടെ തോത്. ഫീക്കല്‍ കോളിഫോം ബാക്ടീരിയ 2800-45,000 എംപിഎന്‍ ആണ്. അടുത്തുള്ള ആശുപത്രികളും വാണിജ്യസ്ഥാപനങ്ങളും മലിനജലം കനാലിലേക്ക് തുറന്നിട്ടിരിക്കുകയാണ്. കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയയുടെ പരിധി 50 എംപിഎനും (മോസ്റ്റ് പ്രോബബിള്‍ നമ്പര്‍), ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ തോത് 500 എംപിഎനുമാണ്. അതേസമയം, മലിനീകരണം സംബന്ധിച്ച് നിരവധി തവണ കോര്‍പറേഷന് പരാതികള്‍ ലഭിച്ചിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് സിഎജി കുറ്റപ്പെടുത്തി.
കോട്ടയം മുനിസിപ്പാലിറ്റി പരിധിയിലുള്ള പൊണ്ണന്‍തോടില്‍ കോളിഫോം ബാക്ടീരിയയും ഫീക്കല്‍ കോളിഫോം ബാക്ടീരിയയും യഥാക്രമം 4200 ഉം 1200 ഉം ആണ്. കോതമംഗലം കുരൂര്‍ തോട്ടില്‍ 14 വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1400 എംപിഎന്‍ ആണ് ബാക്ടീരിയയുടെ തോത്. കോല്ലംതോട്ടില്‍ 2500, 1200 എന്ന തോതിലാണ് ബാക്ടീരിയ. എല്ലായിടത്തും ആശുപത്രികളില്‍ നിന്നും വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള കക്കൂസ് മാലിന്യം അടക്കം കനാലിലേക്കും തോടുകളിലേക്കും തുറന്നിട്ടിരിക്കുകയാണ്.
കോട്ടയം പൊണ്ണന്‍തോട്ടില്‍ നിന്നുള്ള ജലം മീനച്ചിലാറിലേക്കാണ് ഒഴുകുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നടക്കം ടണ്‍കണക്കിന് സെപ്റ്റിക് മാലിന്യമാണ് മീനച്ചിലാറിലേക്ക് ഒഴുകുന്നത്. കൊല്ലം ജില്ലാ ആശുപത്രി, ഗവ. വിക്ടോറിയ ആശുപത്രി, വിവിധ വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംസ്‌കരിക്കാത്ത മാലിന്യങ്ങള്‍ കൊല്ലംതോട്ടിലേക്കും അവിടെനിന്ന് അഷ്ടമുടി കായലിലേക്കും ഒഴുകുന്നതായും സിഎജി കണ്ടെത്തി. എച്ച്‌ഐഎല്‍, എഫ്എസിറ്റി, മെര്‍ക്കെം എന്നിവിടങ്ങളില്‍ നിന്നുള്ള സംസ്‌കരിക്കാത്ത വ്യവസായികമാലിന്യങ്ങളാണ് ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ കുഴിക്കണ്ടം തോട്ടിലേക്ക് ഒഴുകുന്നത്. അവിടെ നിന്നു മലിനജലം പെരിയാറിലേക്കും ചേരുന്നു. കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ മലിനീകരണം നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇതുവരെ നടപടിയായിട്ടില്ലെന്ന് സിഎജി റിപോര്‍ട്ടില്‍ പറയുന്നു.
ജലസ്രോതസ്സുകളില്‍ മാലിന്യം വലിച്ചെറിയുന്നത് ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്. ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെ തടവും 10,000 മുതല്‍ 25,000 രൂപ വരെ പിഴയും ഈടാക്കാം. ജലാശയങ്ങളിലേക്ക് മലിനജലം ഒഴുക്കുന്നത് തടയാന്‍ ശക്തമായ നിയമങ്ങളുണ്ടായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് സിഎജി റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

(Visited 121 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക