|    Nov 13 Tue, 2018 7:55 am
FLASH NEWS

നഗരം വീണ്ടും തിരക്കിലേക്ക്‌

Published : 22nd August 2018 | Posted By: kasim kzm

കോഴിക്കോട്: മഴ വെയിലിന് വഴിമാറിയതോടെ നഗരം വീണ്ടും പതിവു തിരക്കിലേക്ക്. പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ഓണം-ബക്രീദ് ഔദ്യോഗിക ആഘോഷങ്ങളില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും മിഠായിത്തെരുവ് തിരക്കില്‍ വീര്‍പ്പുമുട്ടുന്നുണ്ട്. വസ്ത്രവ്യാപാര രംഗത്ത് ഉണര്‍വുണ്ടെന്നാണ് ഈ തിരക്ക് സൂചിപ്പിക്കുന്നത്. മാത്രമല്ല നഗരത്തിലെ വലിയ മാളുകളെല്ലാം തിരക്കിലാണ്. ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍, അതുപോലെ വലിയ ഷോപ്പുകള്‍ എന്നിവയിലെല്ലാം സാമാന്യം നല്ല തിരക്കുണ്ട്. തെറ്റില്ലാത്ത കച്ചവടം നടക്കുന്നതായും അത്തരം കടകളിലുള്ളവര്‍ പറയുന്നു. എന്നാല്‍ ചെറുകിട ഷോപ്പുകളില്‍ പൊതുവെ കച്ചവടം കുറവാണ്. തെരുവുകച്ചവടം തെറ്റില്ലാത്തവിധം നടക്കുന്നുണ്ട്. നിപയ്ക്കു ശേഷം ആദ്യമായി കഴിഞ്ഞ ദിവസമാണ് കാര്യമായി കച്ചവടം നടന്നതെന്ന് തെരുവു കച്ചവടക്കാരനായ പാലാഴി സ്വദേശി മുരളി പറഞ്ഞു. നാലു പതിറ്റാണ്ടായി പൂക്കച്ചവടം നടത്തുന്ന സെയ്തിക്ക പറഞ്ഞത് ഒരു കാലത്തുമില്ലാത്ത വിധം വളരെ മോശമാണ് കച്ചവടം എന്നാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക ഓണാഘോഷം ഒഴിവാക്കിയതോടെ വലിയ പൂക്കളങ്ങള്‍ ഒരുക്കാന്‍ വേണ്ടി വന്‍തോതില്‍ പൂക്കള്‍ ആവശ്യമായിരുന്നു. അതുപോലെ സ്‌കൂളുകളിലെ ഓണാഘോഷങ്ങള്‍ക്കായും ധാരാളം കുട്ടികള്‍ പൂക്കള്‍ വാങ്ങാന്‍ എത്തുമായിരുന്നു. അത് വേണ്ടെന്നുവച്ചതും കച്ചവടത്തൈ സാരമായി ബാധിച്ചു. ‘കൂടപ്പിറപ്പുകള്‍ ദുരിതം പേറുമ്പോള്‍ എന്ത് ആഘോഷം’ എന്നാണ് സെയ്തിക്ക ചോദിച്ചത്. എന്തായാലും കഴിഞ്ഞ ദിവസം നല്ല കച്ചവടം കിട്ടി എന്ന് അദ്ദേഹവും പറഞ്ഞു. പാളയം പച്ചക്കറി മാര്‍ക്കറ്റും വലിയങ്ങാടിയുമെല്ലാം കച്ചവടം ഇനിയും ചൂടുപിടിച്ചിട്ടില്ല. പലചരക്കുകടകൡ പതിവു തിരക്കു കാണാനായില്ല. ദുരിതബാധിതരല്ലാത്തവരെല്ലാം ഓണം-പെരുന്നാള്‍ കോടിയടക്കമുള്ളവ വാങ്ങുന്നതിനായി നഗരത്തിലെത്തുന്നുണ്ടെങ്കിലും സീസണ്‍ കച്ചവടം എന്ന നിലയിലേക്ക് ഇതുവരെ മിഠായിത്തെരുവും ഉണര്‍ന്നിട്ടില്ലെന്നു പറയുന്നവരുമുണ്ട്. മിഠായിത്തെരുവ് നവീകരിച്ച ശേഷം കച്ചവടം വളരെ മോശമാണെന്ന അഭിപ്രായമാണ് താജ് റോഡിലെ ഫാന്‍സി കച്ചവടക്കാര്‍ പറഞ്ഞത്. എന്തായാലും പ്രളയക്കെടുതിയും നിപയുമായി നഗരത്തിലെ കച്ചവടം പൊതുവെ മോശമായിത്തന്നെ നീങ്ങുന്നു. പ്രളയവും കെടുതിയും സമ്പന്നരുടെ വാങ്ങാനുള്ള ശേഷിയെ കാര്യമായി ബാധിക്കാത്തതുകൊണ്ടുതന്നെ മാളുകടക്കമുള്ള വന്‍കിട ഷോപ്പുകളെയും ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss