|    Nov 15 Thu, 2018 1:55 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നഗരം തുരുത്തുകളായി മാറിയ രാത്രി

Published : 9th December 2015 | Posted By: SMR

നവംബര്‍ 30ന് അര്‍ധരാത്രിയോടെ പെയ്ത മഴയില്‍ ഒറ്റപ്പെട്ട തുരുത്തുകളായി മാറുകയായിരുന്നു നഗരം. നവംബര്‍ എട്ടിനു തുടങ്ങിയ മഴയില്‍ത്തന്നെ നഗരം വെള്ളക്കെട്ടിന്റെ കെടുതികളിലായി. നിര്‍ത്താതെ പെയ്ത മഴ ദിവസങ്ങള്‍ നീണ്ടു. പിന്നീടൊഴിഞ്ഞു. നഗരം സാധാരണ നിലയിലേക്കു വരവെയാണ് നവംബര്‍ 30ന് വീണ്ടും മഴ. കടുത്ത മഴയില്‍ നഗരം പൂര്‍ണമായും വെള്ളത്തിനടിയിലായി. വൈദ്യുതി നിലച്ചു. വെള്ളം മൂടിയ നഗരത്തിലെ മാന്‍ഹോളുകളില്‍ വാഹനങ്ങള്‍ കുടുങ്ങി റോഡില്‍ ഗതാഗതം സ്തംഭിച്ചു. നഗരം നിശ്ചലമായി. കുടിവെള്ള വിതരണമില്ലാതായി. വെള്ളം കയറിയ വീടുകളില്‍ ഭക്ഷണസാധനങ്ങളെല്ലാം നശിച്ചു.
രക്ഷതേടിയുള്ള വിഹ്വലമായ വിളികളുടെ ദിവസങ്ങളായിരുന്നു പിന്നീടെന്ന് നാഷനല്‍ ഡിസാസ്റ്റര്‍ റസ്‌പോണ്‍സ് ഫോഴ്‌സ്(എന്‍ഡിആര്‍എഫ്) ഡിജിപി എസ് പി ശെല്‍വന്‍ പറയുന്നു. നിരന്തരമുള്ള കോളുകള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ വിഷമിച്ചു. ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. എന്നാ ല്‍, വിളികള്‍ അവഗണിക്കാനും കഴിയുമായിരുന്നില്ല.
പൂനയിലും ഡല്‍ഹിയിലും ഭൂവനേശ്വറിലുമുള്ള എന്‍ഡിആര്‍എഫ് സംഘത്തെ അടിയന്തരമായി വിളിപ്പിച്ചു. അപ്പോഴേക്കും കോട്ടൂര്‍പുരവും പട്ടിനംപാക്കവും മുടിച്ചൂരും മണലി ന്യൂടൗണുമെല്ലാം ദുരിതത്തില്‍ മുങ്ങിയിരുന്നു. ഫോണുകള്‍ പ്രവര്‍ത്തനരഹിതമായി. തങ്ങളുടെ സംഘങ്ങളുമായി ബന്ധപ്പെടാ ന്‍ അടിയന്തരമായി സമാന്തര സംവിധാനമൊരുക്കി. കനത്തമഴയില്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായിരുന്നില്ലെന്ന് ശെല്‍വന്‍ പറയുന്നു. കുത്തൊഴുക്കില്‍ വീടുകളിലേക്ക് ബോട്ടുകള്‍ അടുപ്പിക്കുക എളുപ്പമായിരുന്നില്ല. റോഡുകളും പാലങ്ങളും തകര്‍ന്നുപോയിരുന്നു. ചില സ്ഥലങ്ങളില്‍ ജലനിരപ്പ് കെട്ടിടങ്ങളുടെ ആദ്യനിലയ്ക്കു മുകളിലേക്കുയര്‍ന്നു. അവിടെ വീടുകളില്‍ നിന്ന് ഓരോരുത്തരെയായി പുറത്തെത്തിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ സമയമെടുത്തു. അപ്പോഴും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. നടുക്കടലില്‍ തകര്‍ന്ന കപ്പല്‍ പോലെ മുങ്ങിത്താഴുകയായിരുന്നു ചെന്നൈ.
എന്താണ് ചെന്നൈയെ ഇത്തരത്തിലൊരു മുങ്ങിത്താഴലിലേക്കു നയിച്ചത്. ദുര്‍ബലമായ അഴുക്കുചാല്‍ സംവിധാനം. നിയമവിരുദ്ധമായി നിര്‍മിക്കപ്പെട്ട കെട്ടിടങ്ങള്‍. നഗരാസൂത്രണത്തിന്റെ അഭാവം. വളരുന്ന നഗരത്തെ കൈകാര്യം ചെയ്യുന്നതി ല്‍ വന്ന വീഴ്ച. വിശകലനങ്ങള്‍ ഒരുപാടുണ്ട്. ഓരോ ഇന്ത്യന്‍ നഗരത്തിനും പാഠമാണ് ചെന്നൈ. ഉത്തരാഖണ്ഡും ശ്രീനഗറും ചെന്നൈയ്ക്കു കൂടിയുള്ള മുന്നറിയിപ്പുകളായിരുന്നു. ആരും ഒന്നും കണ്ടില്ല. കനത്ത മഴയുണ്ടാക്കിയ കുത്തൊഴുക്കില്‍ കാറുകളും മറ്റു വാഹനങ്ങളും ഒഴുകിപ്പോവുന്നതു നോക്കിനില്‍ക്കാന്‍ മാത്രമേ എല്ലാവര്‍ക്കുമായുള്ളൂ. മഴ തുടങ്ങി രണ്ടാം ദിവസം തന്നെ എല്ലാ മേഖലയിലും തങ്ങളുടെ സംഘത്തെ അയക്കാന്‍ കഴിഞ്ഞതായി ശെല്‍വന്‍ പറയുന്നു. 40 പേരുള്ള 51 സംഘങ്ങള്‍ വിവിധ ഭാഗങ്ങളിലെത്തി രാപ്പകല്‍ ഭേദമില്ലാതെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കെത്തിച്ചു. കഴിഞ്ഞ ദിവസം വരെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ഇനി ആളുകളെ രക്ഷിക്കാനില്ല. ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളുമെത്തിക്കുകയെന്നതാണ് ഇപ്പോള്‍ ചെയ്യുന്നത്- ശെല്‍വന്‍ പറയുന്നു.
ചെന്നൈയില്‍ ഇത്രവലി യൊരു ദുരന്തം തങ്ങള്‍ പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് എന്‍ഡിആര്‍എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ആര്‍ ജയറാം പറഞ്ഞു. നവംബര്‍ തുടക്കത്തില്‍ പെയ്ത മഴയെത്തുടര്‍ന്ന് 15നു തന്നെ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിരുന്നു. ദുരന്തമുണ്ടായാല്‍ അതിവേഗത്തില്‍ പ്രതികരിക്കുകയെന്നതാണ് പ്രധാനം. തങ്ങള്‍ക്കതു കഴിഞ്ഞു. വെള്ളമൊഴിഞ്ഞ നഗരത്തില്‍ പൊങ്ങിവന്ന മാലിന്യങ്ങളും പകര്‍ച്ചവ്യാധികളുമാണ് ചെന്നൈ നേരിടുന്ന പുതിയ വെല്ലുവിളി. പകര്‍ച്ചവ്യാധികളുടെ വലിയൊരു പൊട്ടിപ്പുറപ്പെടലിനു സാധ്യതയില്ലെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രാലയം പറയുമ്പോഴും ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണത്തിനു കുറവൊന്നുമില്ല. ചര്‍മ സംബന്ധമായ രോഗങ്ങളും വയറിളക്കവുമായി ചികില്‍സ തേടിയെത്തുന്നവരുടെ തിരക്കാണ് ആശുപത്രികളില്‍. ദുരന്തം തുടങ്ങിയ ശേഷം ഓരോ ക്യാംപില്‍ നിന്നും ദിവസവും 150 പേരെങ്കിലും ചികില്‍സ തേടിയെത്തുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. സമാനമായ ഏതൊരു ദുരന്തത്തിന്റെയും ബാക്കിപത്രമാണത്.

(തുടരും)

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss