|    Oct 21 Sun, 2018 8:39 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

നക്ഷത്രശോഭയുള്ള ഒരു മഹത്ജീവിതം

Published : 17th December 2017 | Posted By: kasim kzm

ഇന്ദ്രപ്രസ്ഥം – നിരീക്ഷകന്‍

നീണ്ട 19 വര്‍ഷക്കാലം കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുകയെന്നു പറഞ്ഞാല്‍ ചില്ലറക്കാര്യമല്ല. കാരണം കോണ്‍ഗ്രസ്- അതിന്റെ പഴയകാല പാരമ്പര്യം എന്തായാലും ശരി- ഒരു ചളിക്കുണ്ടാണ്. അതിന്റെ അകത്തളത്തിലെ നാറ്റം അസഹനീയമാണ്. അസാമാന്യമായ ക്ഷമാശക്തിയുള്ളവര്‍ക്കു മാത്രമേ രണ്ടു പതിറ്റാണ്ടു കാലം അത്തരമൊരു അന്തരീക്ഷത്തില്‍ കഴിഞ്ഞുകൂടാനാവുകയുള്ളൂ. അധികാരക്കുത്തകയാണ് കോണ്‍ഗ്രസ്സിനെ മലീമസമായ ചുറ്റുപാടുകളിലേക്കു നയിച്ചത്. രാജീവ് ഗാന്ധി ശ്രീപെരുംപുതൂരില്‍ കൊല്ലപ്പെടുമ്പോള്‍ ആ അധികാരക്കുത്തക തകര്‍ന്നിരുന്നുവെങ്കിലും കോണ്‍ഗ്രസ് രാജ്യത്തെ ചോദ്യംചെയ്യപ്പെടാനാവാത്ത ശക്തിയായിരുന്നു. രാജീവ് ഗാന്ധിയുടെ മരണത്തിനു ശേഷം ഏഴു വര്‍ഷം കഴിഞ്ഞാണ് സോണിയ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷപദം സ്വീകരിക്കാന്‍ തയ്യാറായത്. അത്രയും കാലം അവര്‍ കടുത്ത ആത്മസംഘര്‍ഷത്തിലായിരുന്നു, ധര്‍മസങ്കടത്തിലും. ഇറ്റലിയില്‍ നിന്നു നെഹ്‌റു കുടുംബത്തിലെ മണവാട്ടിയായി വരുന്ന സന്ദര്‍ഭത്തില്‍ രാഷ്ട്രീയമെന്നത് അവരുടെ ചിന്തയിലേ ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മൂത്ത പുത്രനാണെങ്കിലും അദ്ദേഹവും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലി ചെയ്ത രാജീവിനൊപ്പം രണ്ടു മക്കളെയും നോക്കിവളര്‍ത്തി മുന്നോട്ടുപോകാനായിരുന്നു അവര്‍ക്കു താല്‍പര്യം. പക്ഷേ, വിധി അങ്ങനെയൊന്നുമായിരുന്നില്ല. ആദ്യം ഭര്‍തൃമാതാവ് ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരാല്‍ വെടിയേറ്റു മരിച്ചു. അതിനു മുമ്പ് ഭര്‍തൃസഹോദരന്‍ സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ മരിച്ചിരുന്നു. സഞ്ജയിന്റെ മരണശേഷം രാജീവ് അമ്മയെ സഹായിക്കാനായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ മനസ്സില്ലാമനസ്സോടെയാണ് സമ്മതിച്ചത്. പക്ഷേ, ഭര്‍ത്താവും അതേ ദുരന്തവഴിയില്‍ തന്നെയാണ് ജീവിതത്തോട് വിടപറഞ്ഞത്. അതൊരു കഠിനമായ പരീക്ഷണകാലമായിരുന്നു. ഒരു കുടുംബം പൂര്‍ണമായും ദുര്‍മരണങ്ങള്‍ക്കു കീഴ്‌പെട്ടുപോയി. മക്കളുടെ ഭാവി പോലും ചോദ്യചിഹ്നമായി മാറിയ കാലം. അവര്‍ അകത്തേക്ക് ഉള്‍വലിഞ്ഞു. പിന്നീട് ഏഴു വര്‍ഷം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സിനെ മാത്രമല്ല, രാജ്യത്തെയും രക്ഷിക്കാനായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുക എന്ന ദൃഢനിശ്ചയമാണ് അവര്‍ സ്വീകരിച്ചത്. കാരണം, അപ്പോഴേക്കും കോണ്‍ഗ്രസ് ശക്തമായ നേതൃത്വമില്ലാതെ കൊടുങ്കാറ്റില്‍ അകപ്പെട്ട കപ്പല്‍ പോലെ തകര്‍ച്ചയിലേക്കു നീങ്ങുകയായിരുന്നു. രാജ്യത്ത് വര്‍ഗീയതയും ഭീകരതയും കൊടികുത്തിവാഴുകയായിരുന്നു. കോണ്‍ഗ്രസ്സും നെഹ്‌റു കുടുംബവും ഏതു മൂല്യങ്ങള്‍ക്കു വേണ്ടിയാണോ നിലകൊണ്ടത്, അതിനെയെല്ലാം തൂത്തുവാരി ഗോഡ്‌സെയുടെ പിന്‍മുറക്കാര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ ചേക്കേറിക്കഴിഞ്ഞിരുന്നു. അങ്ങനെയുള്ള സന്ദര്‍ഭത്തിലാണ് സോണിയ അരങ്ങത്തേക്കു വന്നത്. എന്തൊരു വരവായിരുന്നു അത്! അഞ്ചു വര്‍ഷത്തിനകം ബിജെപി മന്ത്രിസഭയെ അധികാരത്തില്‍ നിന്നു പുറത്താക്കി അവര്‍ കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തില്‍ എത്തിച്ചു. അതിനായി വിശാലമായ ഒരു ദേശീയ മുന്നണിയാണ് അവര്‍ കെട്ടിപ്പടുത്തത്. മുലായംസിങ് യാദവ് മുതല്‍ ഫാറൂഖ് അബ്ദുല്ല വരെയും രാംവിലാസ് പാസ്വാന്‍ മുതല്‍ മുത്തുവേല്‍ കരുണാനിധി വരെയും രാജ്യത്തിന്റെ നാനാമേഖലകളിലെ നാനാതരക്കാരായ നേതാക്കളുമായി അവര്‍ ആത്മബന്ധം സ്ഥാപിച്ചു. അതിനു സോണിയക്കു കരുത്തേകിയത് അവരുടെ നിലപാടുകളിലെ ആത്മാര്‍ഥതയും സാധാരണ ജനങ്ങളോടുള്ള കൂറുമായിരുന്നു. 2004ല്‍ കോണ്‍ഗ്രസ്സിനെ വിജയത്തിലേക്കു നയിച്ച ശേഷം നാടകീയമായാണ് താന്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചത്. അത് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ ഒരനുഭവമായിരുന്നു. സിദ്ധാര്‍ഥ രാജകുമാരന്‍ സുഖഭോഗാദികള്‍ തിരസ്‌കരിച്ചു ഗൗതമബുദ്ധനായി ലോകസേവനത്തിനിറങ്ങിയ സംഭവത്തെയാണ് ആ വേളയില്‍ പലരും അനുസ്മരിച്ചത്. കോണ്‍ഗ്രസ് അധികാരത്തിന്റെ ലഹരിയില്‍ ആറാടിയ അവസരത്തിലും സോണിയ ജനങ്ങളുടെ ശബ്ദത്തിനു ചെവികൊടുത്ത നേതാവായിരുന്നു. അവരുടെ നേതൃത്വത്തിലാണ് രാജ്യത്തെ മാറ്റിമറിച്ച നിരവധി നിയമനിര്‍മാണങ്ങള്‍ അരങ്ങേറിയത്. വിവരാവകാശ നിയമം മുതല്‍ ഭക്ഷ്യസുരക്ഷാ നിയമം വരെ ജനങ്ങള്‍ക്കു ഭരണത്തില്‍ അവകാശം നല്‍കുന്ന നിരവധി നിയമങ്ങള്‍.  സോണിയാജി ഇന്ത്യയുടെ ദേശീയ ജീവിതത്തിലെ അപൂര്‍വമായൊരു പ്രതിഭാസമാണ്. നക്ഷത്രശോഭയുള്ള ഒരു മഹത്ജീവിതം.                     ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss