|    Oct 20 Fri, 2017 6:22 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ധ്രുവീകരണത്തിന് ആക്കംകൂട്ടരുത്

Published : 19th October 2016 | Posted By: SMR

ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ആസൂത്രിതമായി തന്നെ പല ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളും നടത്തിവരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഏക സിവില്‍കോഡ് എന്ന ആശയം പൊതുസമൂഹത്തിനു മുമ്പിലേക്ക് ചര്‍ച്ചയ്ക്കുവേണ്ടി ഇട്ടുകൊടുത്തത് അവയിലൊന്നു മാത്രം. അതിനു മുമ്പേ തന്നെ ലൗ ജിഹാദ്, ഘര്‍വാപസി, മാട്ടിറച്ചി ഭോജനം തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കി ഹിന്ദുത്വരാഷ്ട്രീയം കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. എല്ലാം സാമുദായിക ധ്രുവീകരണവും സ്പര്‍ധയും ഉളവാക്കാനും അതുവഴി ന്യൂനപക്ഷസമൂഹത്തെ വിവേചനത്തിന് ഇരകളാക്കാനും വേണ്ടിയുള്ള നീക്കങ്ങളാണ് എന്നു സ്പഷ്ടം. അതിന്റെ ഭാഗമായാണ് യുപിയിലെ കൈരാനയില്‍ നിന്ന് ഹിന്ദുക്കള്‍ ഒഴിഞ്ഞുപോവേണ്ടിവരുന്നു എന്ന മുറവിളി സംഘപരിവാരത്തിന്റെ ഭാഗത്തുനിന്നുണ്ടായതും. മുസ്‌ലിംകളെ പേടിച്ച് ഹിന്ദു കുടുംബങ്ങള്‍ ശാംലി ജില്ലയിലെ കൈരാന നഗരത്തില്‍നിന്നു പലായനം ചെയ്യേണ്ടിവരുന്നുവെന്ന് ആദ്യം പറഞ്ഞത് ബിജെപി എംപി ഹുക്കും സിങാണ്. തുടര്‍ന്ന് അമിത് ഷാ വരെയുള്ളവര്‍ ഇത് ഏറ്റുപാടുകയും ദേശീയതലത്തില്‍ തന്നെ ‘മുസ്‌ലിംപേടി’ സൃഷ്ടിക്കുകയും ചെയ്തു. കൈരാനയില്‍ ഹിന്ദുക്കള്‍ക്കു നേരെയുള്ള മുസ്‌ലിം പീഡനം വലിയ ഭീതിയാണ് ഭൂരിപക്ഷ സമുദായക്കാര്‍ക്കിടയില്‍ സൃഷ്ടിച്ചത്.
നിര്‍ഭാഗ്യവശാല്‍ ഈ ഭീതിക്കു വളംവച്ചുകൊടുക്കുന്ന ചില നടപടികളിലാണ് ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഏര്‍പ്പെട്ടിട്ടുള്ളത്. സുപ്രിംകോടതിയിലെ അഭിഭാഷകയും ബിജെപി നേതാവുമായ മോണിക്ക അറോറ നല്‍കിയ പരാതിയെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം നടത്തുകയും നിരവധി ഹിന്ദു കുടുംബങ്ങള്‍ മുസ്‌ലിംകളുടെ പീഡനം മൂലം നാടുവിടേണ്ടിവന്നുവെന്ന് രേഖപ്പെടുത്തുകയും ചെയ്തു. സപ്തംബര്‍ 21നാണ് ഈ റിപോര്‍ട്ട് വന്നത്. എന്നാല്‍ പ്രസ്തുത റിപോര്‍ട്ട് വസ്തുതാപരമല്ലെന്നാണ് പല സാമൂഹികചിന്തകരും അഭിപ്രായപ്പെടുന്നത്. മതിയായ അന്വേഷണം നടത്തിയശേഷം പുറത്തിറക്കിയ റിപോര്‍ട്ടല്ല ഇത് എന്നു മാത്രമല്ല, ദേശീയ ന്യൂനപക്ഷ കമ്മീഷന് കീഴില്‍ ഒരു സംഘം സ്ഥലം സന്ദര്‍ശിക്കുകയും കൈരാനയില്‍നിന്ന് മുസ്‌ലിംകളെ പേടിച്ച് ഹിന്ദുക്കള്‍ വ്യാപകമായി സ്ഥലംവിടുന്നുവെന്ന നിഗമനം വസ്തുതാവിരുദ്ധമാണെന്ന അഭിപ്രായവുമായി രംഗത്തുവരുകയും ചെയ്തിരിക്കുന്നു. യുപി തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കള്ളക്കഥ പ്രചരിപ്പിച്ച് രാഷ്ട്രീയലാഭമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യം സംഭവത്തിനു പിന്നില്‍ കാണുന്നുണ്ട് പലരും.
മുസഫര്‍നഗര്‍ കലാപത്തിന് ഇരയായ മുപ്പതിനായിരത്തില്‍പ്പരം മുസ്‌ലിംകള്‍ കൈരാനയിലെത്തുകയും അവര്‍ നഗരത്തെ ക്രിമിനലുകളുടെ ലോകമാക്കി മാറ്റുകയും ചെയ്തുവെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തല്‍. അതു വസ്തുതാപരമായി ശരിയല്ല. ഏറിവന്നാല്‍ രണ്ടായിരമോ മൂവായിരമോ ആളുകളാണ് കൈരാനയിലെത്തിയത്. അവര്‍ കഷ്ടപ്പാടുകള്‍ക്കിടയില്‍ ഒരു പുതിയ ജീവിതം കണ്ടെത്താന്‍ പാടുപെടുകയാണ്. അതേസമയം, മെച്ചപ്പെട്ട ഭാവി തേടി പശ്ചിമ യുപിയില്‍ നിന്ന് ആളുകള്‍ മറ്റിടങ്ങളിലേക്ക് കുടിയേറുന്നത് ജാതിമതാതീതമായി ആണുതാനും. ഈ അവസ്ഥയില്‍ മനുഷ്യാവകാശ കമ്മീഷന്‍ പോലെയുള്ള സ്ഥാപനങ്ങള്‍ നിരുത്തരവാദപരമായ സമീപനങ്ങള്‍ കൈക്കൊള്ളുന്നത് കഷ്ടമാണ്. അത് സാമുദായിക ധ്രുവീകരണത്തിന് ആക്കംകൂട്ടുകയേയുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക