|    Oct 23 Tue, 2018 8:04 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ധോണി നായകനായ അവസാന മല്‍സരത്തില്‍ ഇന്ത്യക്ക് തോല്‍വി

Published : 11th January 2017 | Posted By: fsq

 

മുംബൈ: ഇന്ത്യന്‍ മണ്ണിലെ ടെസ്റ്റ് തോല്‍വികള്‍ക്ക് പകരം വീട്ടാന്‍ തയാറാണെന്ന് മുന്നറിയിപ്പ് നല്‍കി സന്നാഹ മല്‍സരത്തില്‍ ഇന്ത്യ എ ടീമിനെതിരേ ഇംഗ്ലണ്ട് ഇലവന് മൂന്നു വിക്കറ്റ് ജയം. മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അവസാനമായി നയിച്ച മല്‍സരത്തില്‍ മികച്ച പ്രകടനം തന്നെ ഇന്ത്യ പുറത്തെടുത്തെങ്കിലും വിജയിക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയ ലക്ഷ്യത്തിനെതിരേ 48.5 പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. ഇന്ത്യക്കുവേണ്ടി അമ്പാട്ടി റായിഡു (100) സെഞ്ച്വറി കണ്ടെത്തിയപ്പോള്‍ ശിഖര്‍ ധവാനും (63) ധോണിയും (68*) യുവരാജ് സിങും (56) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.മികച്ച പ്രകടനമാണ് സന്ദര്‍ശകര്‍ക്കെതിരെ ഇന്ത്യ പുറത്തെടുത്തത്. ഓപണിങ്ങില്‍ ശിഖര്‍ ധവാനൊപ്പം ഇറങ്ങിയ മന്ദീപ് സിങ്(8) പെട്ടെന്ന് മടങ്ങിയെങ്കിലും രണ്ടാമനായി ക്രീസിലെത്തിയ റായ്ഡുവിനൊപ്പം ധവാന്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിനെ മുന്നോട്ട് നയിച്ചു. നീണ്ട നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ഏകദിന ടീമിലേക്ക് ഇടം പിടിച്ച ധവാന്‍ എട്ട് ബൗണ്ടറികളും ഒരു സിക്‌സറും പറത്തി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. രണ്ടാമനായി ധവാന്‍ മടങ്ങുമ്പോള്‍ ഇന്ത്യ 28.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 136 എന്ന നിലയിലായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ യുവരാജും മികച്ച ബാറ്റിങ് പുറത്തെടുത്തു. ഫോമൗട്ടിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതിരുന്ന യുവരാജ് 48 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സ്‌റും പറത്തിയാണ് അര്‍ധസെഞ്ച്വറി കണ്ടെത്തിയത്. സെഞ്ച്വറി കണ്ടെത്തിയെങ്കിലും അമ്പാട്ടി റായിഡു പരിക്കിനെത്തുടര്‍ന്ന് ക്രീസ് വിട്ടു. നാലാമനായി ധോണി ഫുള്‍ഫോമില്‍ ആഞ്ഞടിച്ച് മുന്നേറി അര്‍ധസെഞ്ച്വറി നേടി. അവസാന ഓവറുകളില്‍ ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്ത ധോണി 40 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും പറത്തിയാണ് 68 റണ്‍സ് നേടിയത്. സഞ്ജു സാംസണ്‍ (0) നിരാശപ്പെടുത്തിയെങ്കിലും നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 304 എന്ന മാന്യമായ സ്‌കോര്‍ ഇന്ത്യ പടുത്തുയര്‍ത്തി.305 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് തുടക്കം മുതലേ ആക്രമിച്ച് മുന്നേറി. പരിക്കിന് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ആശിഷ് നെഹ്‌റ തുടക്കം മുതലേ അടി വാങ്ങിച്ചുകൂട്ടി. ഇംഗ്ലണ്ട് ഓപണര്‍മാരായ ജേസണ്‍ റോയും(62) അലക്‌സ് ഹെയ്ല്‍സും(40) മികച്ച പ്രകടനം പുറത്തെടുത്തത് ഇംഗ്ലണ്ട് ജയത്തിന്റെ വേഗത കൂട്ടി. സാം ബില്ലിങ്‌സ് (93) ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോററായി. മധ്യനിരയില്‍ ജോസ് ബട്‌ലറും (46) ലിയാം ഡൗസണും (41) മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ വിജയവും ഇംഗ്ലണ്ടിനൊപ്പം നിന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss