|    Apr 20 Fri, 2018 2:37 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ധീരയായ പോരാളി പുതിയ സമരമുഖത്ത്

Published : 29th July 2016 | Posted By: SMR

പതിനാറ് വര്‍ഷമായി തുടരുന്ന നിരാഹാരസമരം അവസാനിപ്പിക്കുമെന്ന് ഇറോം ശര്‍മിള പ്രഖ്യാപിച്ചിരിക്കുന്നു. വിവാഹിതയാവാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുമുള്ള താല്‍പര്യം മുമ്പും പ്രകടിപ്പിച്ചിരുന്നെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായാണ് ആഗസ്ത് 9ന് സമരം നിര്‍ത്തുമെന്ന അവരുടെ പ്രഖ്യാപനം പുറത്തുവന്നത്.
അസ്വസ്ഥബാധിത പ്രദേശങ്ങളില്‍ സൈന്യത്തിന് വിശേഷാധികാരങ്ങള്‍ നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്റ്റ് (അഫ്‌സ്പ) മണിപ്പൂര്‍ സംസ്ഥാനത്ത് 1980ലാണ് നടപ്പാക്കിയത്.  2000 നവംബറില്‍ അസാം റൈഫിള്‍സ് ഭടന്മാരുടെ വെടിവയ്പില്‍ 10 നിരപരാധികള്‍ കൊല്ലപ്പെട്ടു. ഈ ക്രൂരതയ്ക്ക് സൈനികര്‍ക്ക് സംരക്ഷണം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യവുമായി 2000 നവംബര്‍ മൂന്നിനാണ് നിരാഹാരസമരം ആരംഭിച്ചത്. സമാധാനപരമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടിയ ഇറോം ശര്‍മിളയ്‌ക്കെതിരേ പലതവണ ആത്മഹത്യാശ്രമത്തിന് കേസെടുത്തു. നിര്‍ബന്ധിതമായി ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമം നടത്തി.
ശക്തവും ഒപ്പം സമാധാനപരവുമായ ഈ യുവതിയുടെ പോരാട്ടം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്താതിരിക്കില്ല. കാരണം, ജനാധിപത്യത്തെക്കുറിച്ച് ഉറക്കെ സംസാരിക്കുകയും മൂല്യവത്തായ ഭരണഘടന സ്വീകരിക്കുകയും ചെയ്ത ഒരു രാഷ്ട്രത്തിലെ ഭരണകൂടത്തിന്റെ നടപടികള്‍ എത്രമാത്രം അശ്ലീലമാണെന്ന് ലോകത്തിനു മുന്നില്‍ അവര്‍ തുറന്നുകാട്ടി. മനസ്സാക്ഷി തടവുകാരിയായാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇറോം ശര്‍മിളയെ വിശേഷിപ്പിച്ചത്.
അഫ്‌സ്പയുടെ മറവില്‍ 1970 മുതല്‍ മണിപ്പൂരില്‍ നടന്ന 1,528 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സുപ്രിംകോടതി ഏതാനും ദിവസം മുമ്പ് നിര്‍ദേശിച്ചു. ഇറോം ശര്‍മിളയുടെ പോരാട്ടത്തിന്റെ ധാര്‍മികത എടുത്തുപറയുന്നതാണ് ഈ വിധി.
അഫ്‌സ്പ പിന്‍വലിക്കുകയെന്ന ലക്ഷ്യം നേടിയെടുക്കുന്നതിനു കഴിയാതെ പോയത് രാഷ്ട്രീയകക്ഷികളുടെ ആര്‍ജവമില്ലായ്മയും നേതാക്കളുടെ ആജ്ഞാശേഷിയില്ലായ്മയും കാരണമാണെന്ന് അവര്‍ തിരിച്ചറിയുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും അടുത്ത വര്‍ഷം നടക്കുന്ന മണിപ്പൂര്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നുമുള്ള പ്രഖ്യാപനം ഇതു വ്യക്തമാക്കുന്നു.
അഫ്‌സ്പ എന്ന കരിനിയമം സമാധാനം കൊണ്ടുവന്നില്ല. ശാന്തിയും സമാധാനവും പുനസ്ഥാപിക്കുന്നതിന് അടിച്ചമര്‍ത്തലുകളല്ല, ചര്‍ച്ചകളാണ് ആവശ്യമെന്ന് അനുഭവം തെളിയിക്കുന്നു. ഇറോം ശര്‍മിള ഒന്നരദശകത്തിലേറെ നീണ്ട പോരാട്ടത്തിന് അന്ത്യം കുറിക്കുമ്പോള്‍ തലയുയര്‍ത്തിപ്പിടിച്ചുതന്നെ നില്‍ക്കുന്നു. ജനാധിപത്യസമൂഹത്തില്‍ രാഷ്ട്രീയ വിഷയമായി ഈ കരിനിയമത്തെ സമര്‍പ്പിക്കാനും ജനപിന്തുണയോടെ അത് വലിച്ചെറിയാനുമുള്ള കരുത്ത് നേടാന്‍ അവര്‍ക്കു കഴിയുമെന്നാണു കരുതേണ്ടത്. ധീരയായ പോരാളിയെ പുതിയ സമരമുഖത്തും ജനാധിപത്യവാദികള്‍ പിന്തുണയ്ക്കുമെന്നു തീര്‍ച്ച.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss