|    Jan 19 Thu, 2017 3:45 am
FLASH NEWS

ധവളനഗരത്തിലെ പിശാച്

Published : 22nd November 2015 | Posted By: swapna en

കുന്നത്തൂര്‍ രാധാകൃഷ്ണന്‍/    എം കെ വൈശാഖന്‍

സ്വപ്‌നസദൃശവും ഭയാനകവുമായ ജീവിത യാഥാര്‍ഥ്യങ്ങളുടെ കളങ്കമറ്റ ചിത്രീകരണം സൃഷ്ടിക്കുന്ന അനുഭവപ്രപഞ്ചമാണ് മാര്‍ട്ടിന്‍ സ്‌കോര്‍സെയുടെ ചലച്ചിത്രകലയുടെ കാതല്‍. ദി ലാസ്റ്റ് ടെംറ്റേഷന്‍ ഓഫ് ക്രൈസ്റ്റ്, ദി വൂള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ്, ഷട്ടര്‍ ഐലന്റ് തുടങ്ങിയ സിനിമകളില്‍ മേല്‍പ്പറഞ്ഞ ദ്വന്ദങ്ങളെ സമര്‍ഥമായി സന്നിവേശിപ്പിച്ചതുകൊണ്ടാണ് അവ മൗനനൊമ്പരമായി പ്രേക്ഷകഹൃദയങ്ങളില്‍ അവശേഷിക്കുന്നത്. ആധുനിക ലോകം കണ്ട ഏറ്റവും വലിയ പരമ്പരക്കൊലയാളി (സീരിയല്‍കില്ലര്‍)യുടെ ജീവിതത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നിര്‍വഹിച്ച് തന്റെ സര്‍ഗാത്മകതയ്ക്കു പുതിയ മുഖം നല്‍കാനുള്ള ശ്രമത്തിലാണിപ്പോള്‍ സ്‌കോര്‍സെ. അമേരിക്കയിലെ ഷിക്കാഗോയിലും ഫിലാഡെല്‍ഫിയയിലുമായി 200ലേറെ പേരെ കൊലപ്പെടുത്തിയ ഡോ. ഹെന്റി ഹൊവാര്‍ഡ് ഹോംസ് അഥവാ എച്ച് എച്ച് ഹോംസിന്റെ ഭാവനയേതുമില്ലാത്ത ജീവിതചിത്രീകരണമാണ് സ്‌കോര്‍സെ നിര്‍വഹിക്കുന്നത്.

ധവളനഗരത്തിലെ പിശാച് (ദി ഡെവിള്‍ ഇന്‍ ദി വൈറ്റ് സിറ്റി) എന്നാണ് ചിത്രത്തിന്റെ പേര്, എറിക് ലാല്‍സണിന്റെ ദി ഡെവിള്‍ ഇന്‍ ദി വൈറ്റ് സിറ്റി: മര്‍ഡര്‍, മാജിക് ആന്റ് മാഡ്‌നസ് അറ്റ് ദി ഫെയര്‍ ദാറ്റ് ചെയ്ഞ്ച്ഡ് അമേരിക്ക എന്ന നോണ്‍ ഫിക്ഷന്‍ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിക്കുന്നത്. എച്ച് എച്ച് ഹോംസിന്റെ ക്രൂരകൃത്യങ്ങളുടെ നേര്‍ക്കാഴ്ചയാവുന്നു ഈ പുസ്തകം.

ടൈറ്റാനിക്കിലെ യുവ കാമുകനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്ന ലിയനാഡോ ഡി കാപ്രിയോ ആണ് ഹോംസിന് ജീവന്‍ നല്‍കുന്നത്. 2003ലാണ് ലാല്‍സണിന്റെ പുസ്തകം പുറത്തിറങ്ങിയത്. താമസിയാതെ വാര്‍ണര്‍ ബ്രദേഴ്‌സും പിന്നീട് പാരമൗണ്ട് പിക്‌ചേഴ്‌സും പുസ്തകത്തെ ആസ്പദമാക്കി ചലച്ചിത്രനിര്‍മാണത്തിനൊരുങ്ങിയെങ്കിലും പകര്‍പ്പവകാശ പ്രശ്‌നത്തില്‍ തട്ടി അവയൊക്കെ വിഫലമായി. ഒടുവില്‍ പാരാമൗണ്ട് പിക്‌ചേഴ്‌സ് തന്നെ സിനിമാ നിര്‍മാണത്തിനുള്ള അവകാശം ഈയിടെ ലേലത്തില്‍ പിടിച്ചു.ഷിക്കാഗോയിലെ കൊലപാതക പരമ്പര അരങ്ങേറുന്നത് മൂന്നു നിലകളുള്ള കോട്ടയില്‍ വച്ചാണ്. അത്തരമൊരു ഹോട്ടല്‍ കോട്ടയുടെ ഡമ്മി സ്‌കോര്‍സെക്കു സൃഷ്ടിക്കേണ്ടി വരും.

ഡോക്ടര്‍ കൊലയാളി

 

പരമ്പരക്കൊലയാളി എന്നു മാത്രം എച്ച് എച്ച് ഹോംസിനെ വിശേഷിപ്പിക്കാനാവില്ല. മനോവിഭ്രാന്തിമൂലം കൊലപാതകങ്ങള്‍ ദിനചര്യയാക്കിയവരുണ്ട്. ഹോംസ് ആ വിഭാഗത്തില്‍പെടുന്നില്ല. പണത്തോടുള്ള അത്യാര്‍ത്തിയും ഹോബിയുമാണ് ഇവിടെ ക്രൂരതയുടെ ഉദ്ഭവസ്ഥാനം. 1861ല്‍ ന്യൂഹാം ഷൈറില്‍ ഒരു ബ്രിട്ടിഷ് കുടിയേറ്റ കുടുംബത്തിലാണ് ഹോംസ് ജനിച്ചത്. 33 വര്‍ഷം മാത്രം ജീവിച്ചുകൊണ്ട് അയാള്‍ അമേരിക്കയെ ഭീതിയുടെ കരിമ്പടം പുതപ്പിച്ചു. സ്വന്തമോ ബന്ധമോ ഹോംസിന്റെ തടസ്സമായിരുന്നില്ല.

സ്വന്തം കാമുകിയെ പോലും അയാള്‍ കാലപുരിക്കയച്ചിട്ടുണ്ട്. പ്രസവിക്കരുതെന്ന മുന്‍ ഉപാധി തെറ്റിച്ചു എന്നായിരുന്നു കാമുകിയുടെ കുറ്റം. 1882ല്‍ മിഷിഗന്‍ സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുത്തതോടെ ആരംഭിക്കുന്നു ഹോംസിന്റെ കുറ്റകൃത്യങ്ങളുടെ ജൈത്രയാത്ര. ലബോറട്ടറിയില്‍ നിന്ന് മൃതദേഹങ്ങള്‍ മോഷ്ടിച്ച് വികൃതമാക്കി, വ്യാജരേഖ ചമച്ച് ഇന്‍ഷുറന്‍സ് തുക തട്ടുകയായിരുന്നു ആദ്യകാല ‘വിനോദം’. ഷിക്കാഗോയിലെത്തിയതോടെ പലതരം തട്ടിപ്പുകളിലൂടെ അയാള്‍ പണം വാരിക്കൂട്ടി. ഇതിനിടെ ഡോ. എലിസബത്ത് എസ് ഹോള്‍ട്‌സണിന്റെ മരുന്നു കടയില്‍ ജോലിക്കാരനായി മാറി. ഹോംസ് ഡോക്ടറായതിനാല്‍ എലിസബത്തിന്റെ പ്രീതി എളുപ്പത്തില്‍ പിടിച്ചുപറ്റാനായി. ഭര്‍ത്താവ് മരിച്ചപ്പോള്‍ എലിസബത്ത് മരുന്നുകട ഹോംസിനു വിറ്റു. കൊലപാതകങ്ങള്‍ക്കായിനിര്‍മിച്ച രാവണന്‍ കോട്ടമരുന്നുകട പണയം വച്ചു കിട്ടിയ പണം ചേര്‍ത്ത് അതിനടുത്തു തന്നെ ഭൂമിവാങ്ങി. ഹോംസ് കോട്ടപോലെ ഹോട്ടല്‍ പണിതു. കോട്ടയുടെ താഴെ നിലയില്‍ ഹോംസിന്റെ മരുന്നുകടയും മറ്റു കടകളുമായിരുന്നു പ്രവര്‍ത്തിച്ചത്.

രണ്ടും മൂന്നും നിലകളില്‍ നൂറിലേറെ വരുന്ന ജനവാതിലുകളില്ലാത്ത മുറികളായിരുന്നു. വാതില്‍ തുറന്നാല്‍ രാവണന്‍ കോട്ടയിലാണ് പ്രവേശിക്കുക. അകത്തു പോകുന്നവര്‍ക്ക് പുറത്തുവരാന്‍ മാര്‍ഗമൊന്നുമില്ല. കെട്ടിടം നിര്‍മിക്കുന്ന സമയത്ത് ജോലിക്കാരെ ഇടയ്ക്കിടെ മാറ്റിയതിനാല്‍ അതിന്റെ യഥാര്‍ഥ രൂപം എന്താണെന്നു ഹോംസിനല്ലാതെ മറ്റാര്‍ക്കും അറിയുമായിരുന്നില്ല. ഇരകളെ കൊല്ലാന്‍ പാകത്തില്‍ എല്ലാ സജ്ജീകരണങ്ങളും കെട്ടിടത്തിലുണ്ടായിരുന്നു. വാതക ചേംബറും തൂക്കിലേറ്റുന്ന മുറിയും ശബ്ദം പുറത്തുവരാത്ത നിലവറകളും ശവഗന്ധം കൊണ്ടുനിറഞ്ഞു. മൃതദേഹങ്ങള്‍ ഇരു ചെവിയറിയാതെ മറവുചെയ്യാനുള്ള സംവിധാനം വേറെ. യുവതികളായിരുന്നു ഹോംസിന്റെ പ്രധാന ഇരകള്‍. തന്റെ ഹോട്ടലില്‍ ജോലി തേടിയെത്തുന്ന യുവതികള്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്നായിരുന്നു വ്യവസ്ഥ. പോളിസിയുടെ പ്രീമിയം ഹോംസ് തന്നെ അടയ്ക്കും. പോളിസിയുടെ ഗുണഭോക്താവും അയാള്‍ തന്നെ.

ഇപ്രകാരം നിയമിക്കപ്പെടുന്നവരെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടി സമ്പാദ്യം കുമിച്ചുകൂട്ടി. കൊല ചെയ്യപ്പെട്ടവരുടെ അസ്ഥികൂടങ്ങള്‍ മെഡിക്കല്‍ സ്‌കൂളുകള്‍ക്ക് വിറ്റ് വേറെയും പണം സമ്പാദിച്ചു. ഹോംസിന്റെ ഹോട്ടല്‍ കോട്ടയില്‍ നിന്ന് മൂന്നു മൈല്‍ അകലെ ലോകവാണിജ്യ മേള നടക്കുന്ന കാലമായിരുന്നു അത്. മേളയ്‌ക്കെത്തുന്നവരില്‍ പലര്‍ക്കും ആതിഥ്യം നല്‍കിയിരുന്നത് കോട്ടയിലായിരുന്നു. അവരില്‍ പലരും കോട്ടയില്‍നിന്ന് തിരിച്ചുവരവുണ്ടായില്ല. ഹോംസിന്റെ കുറ്റകൃത്യങ്ങളില്‍ അയാളെ സഹായിച്ച ഒരു ആശാരിയുണ്ടായിരുന്നു. ബെഞ്ചമിന്‍ പിറ്റെസല്‍. ഫിലാഡെല്‍ഫിയയില്‍ വച്ച് അയാളെയും കൊന്ന് ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്തു. ഇതിനിടെ ഹോംസ് മൂന്നു സ്ത്രീകളെ വിവാഹം കഴിച്ചു. ജൂലിയ സ്മിത്ത് എന്ന കാമുകിയെ അമിതമായ ഡോസില്‍ ക്ലോറോഫോം നല്‍കിയാണ് കൊലപ്പെടുത്തിയത്. ഇതിനിടെ തന്റെ പേരില്‍ പോളിസിയെടുത്ത് മറ്റൊരു മൃതദേഹം ഹാജരാക്കി (സുകുമാരക്കുറുപ്പ് മോഡല്‍) പണം തട്ടാനും ശ്രമം നടന്നു. ഇന്‍ഷുറന്‍സ് കമ്പനിക്ക് സംശയം തോന്നിയതിനാല്‍ അതു വിഫലമായി.

കൊലപാതക പരമ്പരകളെല്ലാം സമര്‍ഥമായി മൂടിവയ്ക്കാന്‍ ഹോംസിനു കഴിഞ്ഞു. ഡോക്ടറെന്ന പ്രതിച്ഛായ അതെളുപ്പമാക്കി. മുകള്‍നിലയിലേക്ക് ഹോംസിന്റെ ജോലിക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഫിലാഡെല്‍ഫിയ ഡിറ്റക്ടീവ് ഫ്രാങ്ക്ഗയറുടെ അന്വേഷണമാണ് ഹോംസിന്റെ ക്രൂരകൃത്യങ്ങള്‍ പുറംലോകത്തെത്തിച്ചത്. ഷിക്കാഗോ പോലിസും സമാനമായ അന്വേഷണം തുടങ്ങിയിരുന്നു. അങ്ങനെ ഹോംസ് അറസ്റ്റിലായി. 30 കൊലപാതകങ്ങള്‍ ഹോംസ് സമ്മതിച്ചു. ഫ്രാങ്ക്ഗയറുടെ അന്വേഷണത്തിന് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയുണ്ടായി. ആദ്യം നിരപ                                 രാധിയാണ് താനെന്നാണ് ഹോംസ് പോലിസിനോടു പറഞ്ഞത്. ചെകുത്താന്‍ ആവേശിച്ചപ്പോള്‍ ചെയ്തു പോയതാണ് കുറ്റങ്ങളെന്നായി പിന്നീട്. അയാള്‍ക്ക് മാനസികാസ്വാസ്ഥ്യമൊന്നുമില്ലായിരുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും കുട്ടികളും ഹോംസിന്റെ ഇരകളായിട്ടുണ്ട്.

കുട്ടികളെ ഇരകളാക്കിയത് എന്തിനെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഷിക്കാഗോ ഹോട്ടല്‍ കോട്ടയില്‍ തിരച്ചില്‍ നടത്തിയ പോലിസ് അമ്പരിപ്പിക്കുന്ന വസ്തുക്കളാണ് കണ്ടെത്തിയത്. പീഡനമുറികള്‍, രഹസ്യ പാതകള്‍, അസ്ഥികൂടങ്ങള്‍, രക്തം തളംകെട്ടി നില്‍ക്കുന്ന അവയവങ്ങള്‍ കീറിമുറിക്കുന്ന മേശ, സ്ത്രീകളുടെ വസ്ത്രകൂമ്പാരം, കമ്പിളിയില്‍ സൂക്ഷ്മമായി പൊതിഞ്ഞുവച്ച സ്ത്രീകളുടെ മുടിശേഖരം, കുമ്മായക്കുഴികള്‍ എന്നിവ കണ്ടെത്തി.

ഹോംസിനൊപ്പം ഹോട്ടലിനകത്തേക്കു പോയ സ്ത്രീകള്‍ ഒരിക്കലും തിരിച്ചുവരുന്നത് കണ്ടിട്ടില്ലെന്ന അയല്‍വാസികളുടെ മൊഴി കൂടിയായപ്പോള്‍ ചിത്രം പൂര്‍ണമായി. 1895ല്‍ ഹോംസിന്റെ കൊലക്കോട്ട ദുരൂഹ സാഹചര്യത്തില്‍ കത്തിയമര്‍ന്നു. 1896 മെയ് ഏഴിന് ഫിലാഡെല്‍ഫിയ കൗണ്ടി ജയിലില്‍ ഹോംസിനെ തൂക്കിലേറ്റി. അതോടെ നിഷ്ഠുരകൃത്യങ്ങള്‍ ചരിത്രത്തിലേക്കു പിന്‍വാങ്ങി.  ഹോംസിനെ മാര്‍ട്ടിന്‍ സ്‌കോര്‍സെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ആകാംക്ഷാപൂര്‍വം സഹൃദയലോകം ഉറ്റുനോക്കുന്നത്. ഹോംസ് കെട്ടുകഥയല്ല, പച്ചയായ യാഥാര്‍ഥ്യമാണ് എന്നതാണ് അതിനു കാരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക