|    Jul 16 Mon, 2018 2:35 pm
FLASH NEWS

ധര്‍മശാല- പറശ്ശിനിക്കടവ് സൗഹൃദവീഥി പദ്ധതി പാളി

Published : 25th September 2017 | Posted By: fsq

 

പറശ്ശിനിക്കടവ്: സഞ്ചാരികളെ ആകര്‍ഷിക്കാനും തിരക്കേറിയ പറശ്ശിനിക്കടവ് റോഡ് ആകര്‍ഷകമാക്കുന്നതിനുമായി ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ധര്‍മശാല—പറശ്ശിനിക്കടവ് സൗഹൃദവീഥി ലക്ഷ്യംകാണാതെ കാടുകയറി നശിക്കുന്നു.ജെയിംസ് മാത്യു എംഎല്‍എയുടെ വികസനഫണ്ടും വിനോദസഞ്ചാര വകുപ്പിന്റെ ഫണ്ടും ചേര്‍ത്താണ് ഒന്നരവര്‍ഷം മുമ്പ് സൗഹൃദവീഥി സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ തുടങ്ങിയത്. ടൂറിസം വകുപ്പില്‍നിന്ന് 80 ലക്ഷം രൂപയും, എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 60 ലക്ഷം രൂപയുമാണ് ഇതിനായി വിനിയോഗിച്ചത്. ധര്‍മശാല മുതല്‍ പറശ്ശിനി വരെ നടപ്പാത നിര്‍മിച്ച് ടൈല്‍സ് പാകലും, സ്‌നേക്ക് പാര്‍ക്ക് വരെ റോഡരികിലെ മതിലില്‍ ചിത്രങ്ങള്‍ വരക്കലും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പിന്നീട് ഒരു പ്രവൃത്തിയും നടത്തിയില്ല. പ്രവൃത്തി തുടങ്ങി ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍, പാതയുടെ ഇരുഭാഗവും കാടുകയറി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ചെടികള്‍ വേനല്‍ക്കാലത്ത് പൂര്‍ണമായി കരിഞ്ഞുണങ്ങിയിരുന്നു. എറണാകുളം ആസ്ഥാനമായ ഹാബിറ്റാറ്റ് എന്ന കമ്പനിക്കായിരുന്നു നിര്‍മാണ കരാര്‍. ആര്‍ക്കിടെക്റ്റ് പത്മശ്രീ ജി ശങ്കറിന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രവൃത്തികള്‍. റോഡരികില്‍ ചെടികള്‍ നട്ടുപിടിപ്പിക്കല്‍, സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, വയോജനങ്ങളുടെ വിശ്രമസ്ഥലം എന്നിവ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ധര്‍മശാല മുതല്‍ പറശ്ശിനിക്കടവ് വരെയുള്ള റോഡിന്റെ ഇരുവശവും ചെടികളും മരങ്ങളും വച്ചുപിടിപ്പിക്കുകയും നല്ല നടപ്പാതകളും പാമ്പുവളര്‍ത്ത് കേന്ദ്രത്തിനു സമീപം വീഥിക്കരികില്‍ ഒരു ചെറിയ പാര്‍ക്കും പദ്ധതിയില്‍ ലക്ഷ്യമിടുന്നു. കഴിഞ്ഞ ജനുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു പറഞ്ഞ അധികൃതര്‍ ഇപ്പോള്‍ സൗഹൃദവീഥിയെക്കുറിച്ച് മറന്നമട്ടാണ്. സൗന്ദര്യവല്‍ക്കരണത്തിന്റെ രണ്ടാംഘട്ട പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വൈകുന്നതാണ് തുടര്‍നടപടികള്‍ ഇഴയാന്‍ കാരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss