|    May 25 Thu, 2017 11:58 pm
FLASH NEWS

‘ധര്‍മയുദ്ധ’ ത്തില്‍ ഇന്ത്യ നേടി

Published : 17th October 2016 | Posted By: SMR

ധര്‍മശാല: ഇന്ത്യ – ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്ക്  തകര്‍പ്പന്‍ ജയം. ഇന്ത്യയുടെ ബൗളിങ് നിരയും ബാറ്റിയും നിരയും ഒരുപോലെ തിളങ്ങിയ മല്‍സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ആദ്യ ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 44 ഓവറില്‍ 190 റണ്‍സിന് കൂടാരം കയറി. മറുപടി ബാറ്റിങില്‍ 33.1 ഓവറില്‍ ഇന്ത്യ 194 റണ്‍സെടുത്ത് വിജയം നേടി. വീരാട് കോഹ്‌ലി (85) അര്‍ധസെഞ്ച്വറി നേടി തിളങ്ങി. ഹര്‍ദിക് പാണ്ഡ്യയും അമിത് മിശ്രയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കിവീസ് പതനത്തെ വേഗത്തിലാക്കി.
ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ധര്‍മശാലയില്‍ കൂറ്റന്‍ സ്‌കോര്‍ സ്വപ്‌നംകണ്ടിറങ്ങിയ കിവീസിന് തുടക്കത്തിലേ പിഴച്ചു. കളിയുടെ രണ്ടാം ഓവറില്‍ത്തന്നെ കിവീസ് വെടിക്കെട്ട് ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലെ(12) മടക്കി ഇന്ത്യ സൂചന നല്‍കി.  പതിയെ സ്‌കോര്‍ ഉയര്‍ത്തിയ ന്യൂസിലന്‍ഡിന് ഉമേഷ് യാദവ് ബ്രേക്കിട്ടു. മൂന്നു റണ്‍സുമായി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനെ യാദവ് അമിത് മിശ്രയുടെ കൈകളിലെത്തിച്ചു. ആറോവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33 എന്ന നിലയിലേക്ക് ഇന്ത്യകിവീസിനെ എറിഞ്ഞൊതുക്കി.
യുവ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ഓള്‍ റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണിനെ(4) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ മടക്കി. ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത കിവീസ് വിക്കറ്റ് കീപ്പര്‍ ലൂക്ക് റോഞ്ചിയെ പൂജ്യത്തിന് പറഞ്ഞയച്ച് പാണ്ഡ്യ ഇന്ത്യന്‍ ആത്മവിശ്വാസം ഉയര്‍ത്തി. ധോണി പരീക്ഷണം വീണ്ടും ഫലം കണ്ടു. കേദാര്‍ ജാദവിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാനുള്ള ധോണിയുടെ തീരുമാനത്തിന്റെ യുക്തി ആ ഓവറില്‍ത്തന്നെ ഫലം കണ്ടു. ജെയിംസ് നിഷാമിനെ(10) റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയ ജാദവ് അപകടകാരിയായ മിച്ചല്‍ സാന്ററെ(0) ധോണിയുടെ കൈകളിലെത്തിച്ചു. 19 ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ കിവീസ് സ്‌കോര്‍ ഏഴിന് 65 എന്ന നിലയിലേക്ക് കൂപ്പുകുത്തി.  ഒരു ഘട്ടത്തില്‍ 100 റണ്‍സിനു താഴെ ഒതുങ്ങുമെന്നു കരുതിയ കിവീസ് ഇന്നിങ്‌സിന് കരുത്തായത് ഓപണര്‍ ടോം ലാദം(79) നടത്തിയ ഒറ്റയാള്‍ ചെറുത്തുനില്‍പ്പാണ് ന്യൂസിലന്‍ഡിന് 190 എന്ന സ്‌കോറിലേക്കെത്തിച്ചത്. ഒമ്പതാമനായി ഇറങ്ങിയ ടിം സൗത്തി ആഞ്ഞടിച്ച് കളിച്ചതും ടീമിന് പിന്തുണയായി. 45 ബൗളില്‍ അര്‍ധസെഞ്ച്വറി നേടിയ ടിം സൗത്തിയെ(55) തുടക്കത്തിലേ യാദവ് കൈവിട്ടുകളഞ്ഞിരുന്നു. ഒടുവില്‍ അമിത് മിശ്രയാണ് സൗത്തിയുടെ കുതിപ്പിന് തടയിട്ടത്. ഹര്‍ദിക് പാണ്ഡ്യയും അമിത് മിശ്രയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി കിവീസ് പതനത്തെ വേഗത്തിലാക്കി . കളിതീരാന്‍ ആറ് ഓവറുകള്‍ ബാക്കിയാക്കി കിവീസ് 190ന് കൂടാരം കയറി.
മറുപടി ബാറ്റിങില്‍ 191 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കംതന്നെയാണ് ഓപണര്‍മാരായ അജന്‍ക്യ രഹാനയും രോഹിത് ശര്‍മയും നല്‍കിയത്. പതിവിലും വിപരീതമായി  രഹാനെ തല്ലിത്തകര്‍ത്തുകളിച്ചു.  മികച്ച ഫോമില്‍ കളിച്ചുവന്ന രഹാനെയും(33) നിഷാമിനുമുന്നില്‍ വീണപ്പോള്‍ ഇന്ത്യ 12 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലായിരുന്നു.  മഹേന്ദ്രസിങ് ധോണിയുടയും  കോഹ്‌ലിയുടേയും ബാറ്റിങാണ് ഇന്ത്യക്ക് തുണയായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day