|    Jan 18 Wed, 2017 7:39 pm
FLASH NEWS

‘ധര്‍മജനസേന’ വായിച്ചറിയാന്‍ ശകലം പഴങ്കഥ…

Published : 5th October 2015 | Posted By: RKN

വെട്ടും തിരുത്തും/ പി എ എം ഹനീഫ്

നവംബര്‍ 2, 5 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്… ഇരുമുന്നണികളും അരയും തലയും മുറുക്കിക്കഴിഞ്ഞു. സ്ഥാനാര്‍ഥിനിര്‍ണയം തകൃതിയില്‍ പുരോഗമിക്കുന്നു. മൂന്നാംമുന്നണിയിലൊരു ചേരുവയായ ധര്‍മജനസേന പുത്തന്‍ തന്ത്രങ്ങളും അടവും നയങ്ങളുമായി അണിയറയില്‍ കരുക്കള്‍ നീക്കുന്നു… കുറേക്കാലമായി ‘ഹൈന്ദവ’ വോട്ട്ബാങ്കുകളുമായി ചങ്ങാത്തം സ്ഥാപിക്കാനും അതിലൂടെ ‘നാണയശേഖരം’ കൊഴുപ്പിക്കാനും ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയില്‍നിന്നു കഠിന ശ്രമം… പത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ട് നായാടി-നമ്പൂതിരി വോട്ട് ശേഖരിക്കാനും അതിലൂടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പയറ്റാനും കഠിന ഉല്‍സാഹം… ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് മുന്നിട്ടിറക്കം. അതിനാല്‍ ശകലം ‘വെട്ടും തിരുത്തും’ നിര്‍ബന്ധമാണെന്നുവരുന്നു. രാജ്യക്ഷേമം: പ്രജകളുടെ ഇംഗിതങ്ങളൊക്കെ നേര്‍വഴിക്കറിഞ്ഞ് സംശുദ്ധമായൊരു അധികാരവികേന്ദ്രീകരണവും അഴിമതിമുക്തമായ ഭരണസമ്പ്രദായമെന്ന ‘ഒരിക്കലും നടപ്പാക്കാനാവാത്ത മനോഹര സ്വപ്നവു’മൊക്കെ കിനാവുകാണാം… പ്രജകളെ പറഞ്ഞുപറ്റിക്കാം… പക്ഷേ… ‘പണമാണു മുഖ്യം. ധര്‍മങ്ങളും മൂല്യങ്ങളും പണത്തിനു മുന്നില്‍ നിഷ്പ്രഭം. പണമുണ്ടെങ്കില്‍ ഏതു പാതിരാവിനെയും പകലാക്കാം…’ ഒരു മുതലാളിയുടെ ഈ വെല്ലുവിളി മലയാളിയുടെ കാതുകളില്‍ പുതിയ തരംഗം സൃഷ്ടിക്കുന്നുവോ? പഴങ്കഥയിലേക്ക്… ‘അച്ഛന്‍ അമ്മേനെ കെട്ടിയകാലം. അച്ഛന്‍ പറഞ്ഞാണ് ഈ കഥകള്‍ മകന്‍ അറിഞ്ഞത്. കല്യാണം കഴിഞ്ഞ് അച്ഛനും അമ്മേം ഒന്നാംവിരുന്നിനു പോവുകയാണ്… വഴിയില്‍ കോവിലകത്തെ വലിയ തമ്പുരാന്‍ നില്‍ക്കുന്നു.

”എവിടെ പോണടാ കൊച്ചുരാമാ…” തമ്പുരാന്‍ ചോദിച്ചു. അച്ഛന്‍ വിറച്ചുപോയി. ”അടിയന്‍ ഒന്നാംവിരുന്നിനു പോകേണ്… കടക്കരപ്പള്ളീല്.” ”ങും ശരി”- തമ്പുരാന്‍ ഉത്തരവായി. ”ആ കൊളത്തിലും കണ്ടത്തിലും കെടക്കുന്ന പായലൊക്കെ വാരി വരമ്പത്തുനിക്കുന്ന വാഴയ്ക്കു വച്ചിട്ടു പോടാ…” അച്ഛനും അമ്മയും എറങ്ങി. കൊളത്തിലോട്ട്… അമ്മയും അച്ഛനും ഉടുത്തിരിക്കുന്നത് കല്യാണക്കോടി. നേരം ഇരുട്ടുന്നതിനു മുമ്പ് കൊളത്തിലും കണ്ടത്തിലുമുള്ള പായലൊക്കെ വാരി വാഴയ്ക്കു  വച്ചിട്ട് അമ്മേം അച്ഛനും പോയി. ആ നനഞ്ഞുനാറിയ പോക്ക് കാണണവാര്്ന്നൂ… ആ അച്ഛന്റെയും അമ്മയുടെയും മകന്‍ കള്ളുകച്ചവടക്കാരനായി. പഴയ തമ്പുരാന്റെ കോവിലകം വിലയ്ക്കു വാങ്ങി. ഇനി, ആ കോവിലകത്തിന്റെ കഥ കേള്… കോവിലകം തെളച്ചുനിക്കണകാലം. അച്ഛന്‍ ചെത്തുകാരനാര്ന്നൂ… നല്ല ഒത്ത ആള്… അച്ഛന്‍ ഒരുദിവസം തെങ്ങേല് ചെത്തിക്കൊണ്ടിര്ന്നപ്പം ദൂരെ, കോവിലകത്തെ കൊളത്തില്‍ ഒരു ഒച്ച.

നോക്കിയപ്പം എന്താണ്. മനോരമ തമ്പുരാട്ടി. കോവിലകത്തെ കൊളത്തില്‍ നിന്നോണ്ടു കുളിക്കുന്നു. ദേഹത്ത് ഒരിത്തിരി തുണി ഇല്ല. അന്ന് മനോരമ തമ്പുരാട്ടീനെ കണ്ടാല് സൂര്യന്‍ ഉദിച്ചുവരണപോലിരിക്കും. കൊളത്തില്‍ പൊന്നു കലക്കീട്ടൊണ്ടെന്നു തോന്നും. അതാണ് തമ്പുരാട്ടീടെ നിറം. കുളി കഴിഞ്ഞു നടക്കുമ്പം വഴിനീളെ മണം… മുടിത്തുമ്പേന്നു വീഴണ വെള്ളത്തിന്റെ മണം. അങ്ങനത്ത തമ്പുരാട്ടിയാണ്… തെങ്ങിന്റെ മണ്ടേലിരുന്ന് ദെവസവും ഇതു നോക്കലാണ് അച്ഛന്റെ പണി. എല്ലാ ദിവസവും തമ്പുരാട്ടി കുളിക്കാന്‍ വരുമ്പം അച്ഛന്‍ തെങ്ങേകാണും. അച്ഛന്‍ തെങ്ങേ കേറുമ്പം തമ്പുരാട്ടി കുളത്തില്‍ ഇറങ്ങും. ഇതു പതിവായി… അവരു തമ്മിലടുത്തു… ഒരുദിവസം അച്ഛന്റെ കുടുക്ക തമ്പുരാട്ടീടെ കോവിലകത്തെ മുറീല് കെടക്ക്ണ്… ചെത്താന്‍ ചളികൊണ്ടു നടക്കണ ചെറിയ കുടുക്ക. ചരടുപൊട്ടി വീണുപോയതാണ്. മുറി തൂത്തുവാരാന്‍ വന്ന വേലക്കാരത്തിക്കതു കിട്ടി. അവളത് വല്യതമ്പുരാന്റെ കൈയില് കൊടുത്ത്… കൊല്ലും കൊലേം ഒള്ള കാലം. ഒരു ദെവസം ചെത്താന്‍പോയ അച്ഛന്‍ തിരിച്ചുവന്നില്ല.

നേരം വെളുത്തു ചെന്നു നോക്കിയപ്പം എന്താണ്…? അച്ഛനെ വെട്ടിയരിഞ്ഞു ചെത്തുതെങ്ങിന്റെ ചുവട്ടീ കൂട്ടിവച്ചിരിക്ക്ണൂ… ആ കണ്ണ് അപ്പഴും തൊറന്നു തന്നെ ഇരിപ്പൊണ്ട്… കണ്ണാണല്ലാ ഈ കൊഴപ്പമൊക്കെ ഒണ്ടാക്കിയത്… ഈ കഥ പറയുന്ന കള്ളുമുതലാളി അന്തരിച്ച നാടകകൃത്ത് എസ് എല്‍ പുരം സദാനന്ദന്റെ ‘കാട്ടുകുതിര’ നാടകത്തിലെ കൊച്ചുവാവ; ഇന്ന് ഈ 2015ലും പട്ടുകുപ്പായമിട്ട് നെറ്റിയില്‍ സിന്ദൂരക്കുറി ചാര്‍ത്തി ഗോള്‍ഡന്‍ വാച്ചുകെട്ടി തെളിഞ്ഞ ആ പഴയ കണ്ണുകളോടെ ഇളിഞ്ഞ് ചിരിച്ചു പറയുന്നു: ”ഇന്നുവരെ ഇവിടെ വരികേം പോവുകയേം ചെയ്തിട്ടൊള്ള ഒരു സര്‍ക്കാരിനും കൊച്ചുവാവ മാര്‍ക്കിട്ട് ഒരു ചുക്കും ചെയ്യാന്‍ പറ്റീട്ടില്ല.

ഇനി- വരാമ്പോണ സര്‍ക്കാരിന്റെ ജാതകം- അതു വന്നിട്ടു വായിക്കാം.” കൊച്ചുവാവമാര്‍ ധൈര്യപൂര്‍വം പറയുന്നു: ”എന്നോടു രൂപാ മേടിക്കണ നേതാവും മന്ത്രീം സര്‍ക്കാരുമൊക്കെ കൊച്ചുവാവമാര് വരയ്ക്കണ വരേല്‍ നില്‍ക്കും… ഇരിക്കും… കെടക്കും… പെടുക്കും… പോടാ… വിശദീകരണങ്ങള്‍ക്കു നില്‍ക്കാതെ കൊച്ചുവാവയോട് നേരിയ തിരുത്ത്… ‘അപ്പനപ്പൂപ്പന്മാരെ വെട്ടിയരിഞ്ഞ് ചെത്തു തെങ്ങിന്റെ ചുവട്ടീ കൂട്ടിവച്ച ആ സവര്‍ണ തമ്പുരാക്കളുടെ പുതിയ പതിപ്പുകളുമായി ചേര്‍ന്ന് മുന്നണി ഉണ്ടാക്കിയാല്‍ അവരു വരയ്ക്കണ വരയില്‍ ഇനി കൊച്ചുവാവ നിക്കും… ഇരിക്കും… കെടക്കും… പെടുക്കും… ആയതിനാല്‍ മിസ്റ്റര്‍ കൊച്ചുവാവാ മുതലാളീ… ആലോചിച്ചിട്ടു പോരേ…? ***********വെള്ളാപ്പള്ളി മുതലാളി 100 കോടി കോഴവാങ്ങി എന്ന് പ്രസംഗിക്കുന്ന വേലിക്കകത്ത് പ്രതിപക്ഷ ‘തമ്പുരാനോട്’ ഒരു തിരുത്ത്… ചെറിയൊരു വെട്ട്… ‘തമ്പുരാന്‍ മുഖ്യമന്ത്രി ആയിരുന്ന അഞ്ചുവര്‍ഷത്തിനുള്ളിലും ഈ 100 കോടി പെടുമോ…?’ ഇടപാട്: രശീതിയില്ലാത്ത ആ സുവര്‍ണകാലം…

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക