|    Mar 21 Wed, 2018 6:32 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ധരംവീറിന് ഇത് രണ്ടാം ജന്മം മരിച്ചെന്നു കരുതിയ സൈനികന്‍ വീട്ടില്‍ തിരിച്ചെത്തി; ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം

Published : 17th June 2016 | Posted By: mi.ptk

Dharamveer-Singh

ഡെറാഡൂണ്‍: സിനിമാ കഥകളെ വെല്ലുന്ന സംഭവമാണ് ധരംവീര്‍ സിങ് എന്ന സൈനികന്റെ ജീവിതം. ഒരപകടത്തില്‍ ഓര്‍മശക്തി നഷ്ടപ്പെട്ട് ഏഴ് വര്‍ഷം അലഞ്ഞുതിരിയുക, മരിച്ചെന്ന് കരുതിയിരുന്ന കുടുംബത്തെ ഞെട്ടിച്ച് ഒരു രാത്രി വാതിലില്‍ മുട്ടി തിരിച്ചെത്തുക, ഓര്‍മശക്തി തിരികെ കിട്ടാന്‍ സഹായകരമായി മറ്റൊരപകടമുണ്ടാവുക!ഡെറാഡൂണിലെ 66ാം സൈനിക റജിമെന്റില്‍ അംഗമായിരുന്ന 39കാരന്‍ ധരംവീറും സഹപ്രവര്‍ത്തകരും സഞ്ചരിച്ച ഔദ്യോഗിക വാഹനം ചക്രത റോഡിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് അപകടമുണ്ടായത് 2009ലാണ്. മറ്റു രണ്ട് സൈനികര്‍ ഓഫിസില്‍ തിരിച്ചെത്തിയെങ്കിലും ധരംവീര്‍ സിങ് റിപോര്‍ട്ട് ചെയ്തില്ല. മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. കുടുംബത്തിന് പെന്‍ഷനും നല്‍കിത്തുടങ്ങി. കഴിഞ്ഞയാഴ്ച രാത്രി വാതിലില്‍ തട്ടുന്നത് കേട്ട് തുറന്നുനോക്കിയ റിട്ടയേഡ് സുബേദാര്‍ കൂടിയായ കൈലാശ് യാദവ് ഞെട്ടി. മരിച്ചെന്ന് കരുതിയ മകന്‍ ധരംവീര്‍ സിങ് മുന്നില്‍ നില്‍ക്കുന്നു. ആദ്യത്തെ അന്ധാളിപ്പില്‍ നിന്നു മുക്തനായ കൈലാശ് എല്ലാവരെയും വിളിച്ചറിയിച്ചതോടെ വീട്ടില്‍ സന്തോഷം അലതല്ലി. രണ്ട് പെണ്‍മക്കളും ഭാര്യ മനോജ് ദേവിയും സഹോദരനും തന്നെ തിരിച്ചറിഞ്ഞതിലുള്ള ആഹ്ലാദം പങ്കുവച്ച ധരംവീര്‍ ഏഴ് വര്‍ഷത്തെ കഥ വിവരിച്ചു. 2009ലെ അപകടത്തില്‍ എന്ത് പറ്റിയെന്ന് ധരംവീറിന് ഓര്‍മയില്ല. എന്നാല്‍, ഹരിദ്വാറിലെ തെരുവുകളില്‍ ഭിക്ഷ യാചിച്ച് കഴിഞ്ഞ തന്നെ ആഴ്ചകള്‍ക്ക് മുമ്പ് ബൈക്കിടിച്ചതാണ് തുണയായത്. ഇടിയുടെ ആഘാതത്തില്‍ നിന്നു മുക്തനായ ധരംവീറിന് പൂര്‍വകാലം ഓര്‍മയില്‍ തെളിയുകയായിരുന്നുവത്രെ. ബൈക്കോടിച്ചയാള്‍ തന്നെയാണ് ധരംവീറിനെ ആശുപത്രിയിലെത്തിച്ചത്. താന്‍ സൈനികനായിരുന്നുവെന്നും ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യവെ അപകടത്തില്‍പ്പെട്ടത് ഓര്‍മയുണ്ടെന്നും പറഞ്ഞതോടെ ഡോക്ടര്‍മാര്‍ കൂടുതല്‍ ചോദിച്ചറിയുകയായിരുന്നു. ബൈക്കുകാരന്‍ നല്‍കിയ 500 രൂപയുമായി ഡല്‍ഹിയിലേക്ക് വണ്ടി കയറി. പിന്നീട് അല്‍വാറിനടുത്ത തന്റെ ഭിട്ടേഡ ഗ്രാമത്തിലെത്തുകയായിരുന്നു. മരിച്ചെന്നു കരുതി മരണാന്തര ചടങ്ങുകളെല്ലാം നടത്തിയ കുടുംബാംഗങ്ങളുടെ യും നാട്ടുകാരടെയും മുന്നിലേക്ക് ധരംവീര്‍ എത്തിയപ്പോള്‍ ആദ്യം ആര്‍ക്കും വിശ്വസിക്കാനായില്ല. എന്നാല്‍ അദ്ദേഹം എന്നെങ്കിലും തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നാണ് ഭാര്യ മനോജ് ദേവി പ്രതികരിച്ചത്.ധരംവീര്‍ സിങിനെ ജയ്പൂരില്‍ ചികില്‍സയ്ക്ക് കൊണ്ടുപോവാനാണ് തീരുമാനമെന്ന് ഡോക്ടര്‍  കൂടിയായ സഹോദരന്‍ രാം നിവാസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss