|    Nov 14 Wed, 2018 2:24 am
FLASH NEWS
Home   >  Editpage  >  Editorial  >  

ധബോല്‍ക്കര്‍ വധത്തിനു പിന്നില്‍

Published : 21st August 2018 | Posted By: kasim kzm

മഹാരാഷ്ട്രയില്‍ നരേന്ദ്ര ധബോല്‍ക്കറെ വെടിവച്ചുകൊന്നത് 2013 ആഗസ്ത് 20നാണ്. ഇപ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് കേസില്‍ സുപ്രധാനമായ ഒരു വഴിത്തിരിവുണ്ടായിരിക്കുന്നു. തീവ്രഹിന്ദുത്വസംഘടനാ പ്രവര്‍ത്തകരായ രണ്ടുപേരെ പ്രത്യേക കുറ്റാന്വേഷണസംഘം പിടികൂടിയിരിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായ ശരത് കലസ്‌കര്‍, സച്ചിന്‍ ആന്ദുറെ എന്നിവരുടെ മൊഴിയില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത് കൊലപാതകത്തിനു പിന്നില്‍ വളരെ വിപുലമായ ഗൂഢാലോചനയും തയ്യാറെടുപ്പും ഉണ്ടായിരുന്നുവെന്നാണ്. ഹിന്ദുത്വ ആശയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരെ സംഘടിതമായി ഇല്ലാതാക്കാന്‍ ദേശവ്യാപകമായ ഒരു ഗൂഢാലോചനയാണ് അരങ്ങേറിയത്. കൊലപാതകസംഘത്തില്‍ ഉള്‍പ്പെട്ടതായി പോലിസ് പറയുന്ന ആന്ദുറെയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധസേന ജല്‍ന മുനിസിപ്പല്‍ മുന്‍ അംഗവും ശിവസേനാ നേതാവുമായ ശ്രീകാന്ത് പന്‍ഗാര്‍ക്കറെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. കൊലപാതക സമയത്ത് പന്‍ഗാര്‍ക്കര്‍ തന്റെ കൂടെയുണ്ടായിരുന്നുവെന്ന് ആന്ദുറെ മൊഴി നല്‍കിയതായാണ് അന്വേഷണസംഘം കോടതിയില്‍ പറഞ്ഞത്.
തീവ്രഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ പ്രാദേശിക നേതാക്കളിലേക്ക് അന്വേഷണം എത്തിച്ചേരുന്നതോടെ ഈ ഗൂഢസംഘത്തിന്റെ സംസ്ഥാനാന്തര ബന്ധങ്ങളും അന്വേഷണവിധേയമായിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘപരിവാരത്തിന്റെ മറക്കുടയ്ക്കുള്ളില്‍ ഇത്തരത്തിലുള്ള നിരവധി തീവ്രവാദപ്രസ്ഥാനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് ഇത്തരം പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നിന്ന് ആളും അര്‍ഥവും ധാരാളമായി ലഭിക്കുന്നുമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരേ വിഷലിപ്തമായ പ്രചാരവേലയാണ് ദീര്‍ഘകാലമായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ പരിണിത ഫലമായാണ് ഇത്തരം ആളുകള്‍ നിയമം കൈയിലെടുക്കാനും തങ്ങള്‍ക്ക് അഹിതമായി തോന്നുന്നവരെ കായികമായി ഇല്ലായ്മ ചെയ്യാനുമായി തുനിഞ്ഞിറങ്ങിയത്.
ധബോല്‍ക്കര്‍ വധത്തിനു ശേഷമാണ് ഏതാണ്ട് അതേ രീതിയില്‍ മഹാരാഷ്ട്രയിലെ കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെയും കര്‍ണാടകയിലെ പണ്ഡിതശ്രേഷ്ഠന്‍ എം എം കല്‍ബുര്‍ഗിയും പത്രാധിപയും സാമൂഹികപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷും കൊലചെയ്യപ്പെട്ടത്. രണ്ടു സംസ്ഥാനങ്ങളിലും വേറെയും നിരവധിപേര്‍ ഇത്തരത്തിലുള്ള ഭീഷണികള്‍ നേരിടുകയുണ്ടായി. ഇപ്പോഴും കടുത്ത ഭീഷണിയുമായി കഴിഞ്ഞുകൂടുന്ന നിരവധിപേര്‍ വിവിധ സംസ്ഥാനങ്ങളിലുണ്ട്.
ബുദ്ധിജീവികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഇത്തരം ഹീനസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, അത്തരത്തില്‍ കടുത്ത നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ധബോല്‍ക്കറുടെ വധത്തിനുശേഷം അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പൂര്‍ണമായും പിടികൂടാന്‍ പോലും കഴിയാതെ പോയത്. ഇപ്പോള്‍ സിബിഐ കോടതി അതിശക്തമായ വിമര്‍ശനം ഉന്നയിച്ചപ്പോഴാണ് ചില നീക്കങ്ങള്‍ സംഭവിച്ചത്. ഇത്് അത്യന്തം ഖേദകരമായ അവസ്ഥയാണ്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss