|    Mar 25 Sat, 2017 11:11 am

ധനിറാം മിത്തല്‍: കള്ളത്തരം കലയാക്കിയ കുറ്റവാളി

Published : 9th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കാര്‍ മോഷണക്കേസില്‍ 77കാരനായ ധനിറാം മിത്തലിനെ അറസ്റ്റ ചെയ്ത ഡല്‍ഹി പോലിസ് ഇയാളുടെ പഴയ കേസുകള്‍ പരിശോധിച്ച് അക്ഷരാര്‍ഥത്തില്‍ ഞെട്ടി. സമാനമായ കേസില്‍ ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മിത്തല്‍ 25ാം തവണയാണ് അറസ്റ്റിലാവുന്നത്. 52 വര്‍ഷത്തിനിടെ 128 എഫ്‌ഐആറുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. വെറുമൊരു മോഷ്ടാവല്ല മിത്തല്‍. കള്ളത്തരം കലയായി കൊണ്ടുനടക്കുന്നവനാണ്. പോലിസ് മുതല്‍ ജഡ്ജിവരെ വേഷം കെട്ടി. കോടതിയില്‍ കയറി വിധി പറഞ്ഞു.
വ്യാജരേഖകളും വാഹനങ്ങളുടെ താക്കോലുകളും ഒറിജിനലിനെ വെല്ലുന്ന വിധം ഉണ്ടാക്കാന്‍ മിടുക്കന്‍. സൂപ്പര്‍ നട്‌വര്‍ലാല്‍ എന്ന് പോലിസ് വിളിക്കുന്ന മിത്തലിന്റെ ജീവിതം അമ്പരപ്പിക്കുന്നതാണ്. 1964ലാണ് മിത്തല്‍ ആദ്യമായി അറസ്റ്റിലാവുന്നത്. നിയമ ബിരുദധാരിയായ മിത്തല്‍ കേസുകള്‍ സ്വയം വാദിക്കും. 1960കളുടെ അവസാനത്തില്‍ രോഹ്തക് കോടതിയില്‍ ബെഞ്ച് ക്ലാര്‍ക്കായി ജോലി ചെയ്യുകയായിരുന്നു മിത്തല്‍. ജഡ്ജി അവധിക്കു പോയപ്പോള്‍ മിത്തല്‍ ജഡ്ജിയുടെ കസേരയില്‍ കയറിയിരുന്നുവെന്നു മാത്രമല്ല, കുറെ ക്രിമിനലുകള്‍ക്ക് ജാമ്യവും നല്‍കി. രണ്ടു മാസം ഇതു തുടര്‍ന്നു. പിടിക്കപ്പെട്ടതോടെ ജോലി പോയി. തുടര്‍ന്ന് വ്യാജരേഖകളുണ്ടാക്കി രോഹ്തക്ക് റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റേഷന്‍ മാസ്റ്ററായി ജോലി നേടി. വൈകാതെ പിടിയിലുമായി.
കഴിഞ്ഞ വ്യാഴാഴ്ച രോഹിണിയില്‍ നിന്നു മോഷ്ടിച്ച മാരുതി എസ്റ്റീം കാര്‍ ഓടിച്ചുപോവുമ്പോഴാണ് ഇയാള്‍ പിടിയിലായത്. കാര്‍ മോഷ്ടിക്കുന്നത് സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. കാറിന്റെ പൂട്ടുതുറക്കാന്‍ മിത്തല്‍ ഒരു മിനിറ്റു പോലും എടുത്തില്ലെന്നത് അമ്പരപ്പിക്കുന്നതാണെന്ന് പോലിസ് പറയുന്നു. ഇതുവരെ 500 കാറുകളെങ്കിലും മിത്തല്‍ മോഷ്ടിച്ചിട്ടുണ്ട്.

(Visited 36 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക