|    May 23 Tue, 2017 8:53 am
FLASH NEWS

ധനസഹായവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന്; പാമ്പു കടിയേറ്റു മരിച്ച ബിജുവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Published : 1st July 2016 | Posted By: SMR

എരുമേലി: മുറിവേറ്റ മുര്‍ഖന്‍ പാമ്പിനെ ശുശ്രൂഷിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് കഴിഞ്ഞ ദിവസം മരിച്ച മുക്കട വാകത്താനം മാന്തറയില്‍ ബിജുവി(45)ന്റെ മൃതദേഹവുമായി നാട്ടുകാര്‍ ഇന്നലെ മണിക്കൂറുകളോളം പ്ലാച്ചേരിയില്‍ റോഡും ഫോറസ്റ്റ് ഓഫിസും ഉപരോധിച്ചു.
ബിജുവിന്റെ മരണത്തോടെ അനാഥമായ ഭാര്യയും മൂന്ന് മക്കളും ഉള്‍പ്പെടുന്ന നിര്‍ധന കുടുംബത്തിന് അര്‍ഹമായ ധനസഹായവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നാവാശ്യപ്പെട്ടായിരുന്നു ഉപരോധം. വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുകയും പി സി ജോര്‍ജ് എംഎല്‍എ ഉറപ്പു നല്‍കുകയും ചെയ്തതോടെയാണ് ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച ഉപരോധം ഉച്ചയോടെ അവസാനിച്ചത്.
ബിജുവിന്റെ മൃതദേഹവുമായി ആംബുലന്‍സ് പ്ലാച്ചേരി ജങ്ഷനിലെത്തിയപ്പോള്‍ ഉപരോധം ആരംഭിക്കുകയായിരുന്നു. തിരുവല്ല ആര്‍ഡിഒ, റാന്നി, കാഞ്ഞിരപ്പള്ളി, തഹസില്‍ദാര്‍മാര്‍, റാന്നി ഡിഎഫ്ഒ, മണിമല സിഐ എന്നിവര്‍ പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസിലെത്തി ചര്‍ച്ചകള്‍ക്ക് തയ്യാറായതോടെ വാഹനങ്ങള്‍ കടത്തിവിടാന്‍ നാട്ടുകാര്‍ തയ്യാറായി. അതുവരെ യാത്രക്കാരും വാഹനങ്ങളും വഴിയില്‍ കുടുങ്ങി. പരമാവധി ധനസഹായത്തിനും മരിച്ച ബിജുവിന്റെ ഭാര്യക്കു സര്‍ക്കാര്‍ ജോലിക്കും നടപടി സ്വീകരിക്കാമെന്നും ഇതിനായി സര്‍ക്കാരിന് ശുപാര്‍ശ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം രേഖാമൂലം എഴുതി നല്‍കണമെന്ന് നാട്ടുകാര്‍ ശഠിച്ചു. മന്ത്രി സഭ തീരുമാനമെടുക്കാതെ എഴുതി നല്‍കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ സ്ഥിഗതി വഷളായപ്പോഴാണ് പി സി ജോര്‍ജ് എംഎല്‍എ എത്തി ഉറപ്പ് നല്‍കിയത്.
തുടര്‍ന്ന് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ബിജുവിന്റെ മൃതദേഹം വാകത്താനം ഹോളിഫാമിലി പള്ളിയില്‍ സംസ്‌കരിച്ചു.
ചടങ്ങില്‍ 100 കണക്കിന് ആളുകള്‍ പങ്കെടുത്തു. ഉന്നത ബിരുദധാരിയായിട്ടും അധ്യാപക ജോലി ഉപേക്ഷിച്ച് പാമ്പ് പിടിത്തത്തില്‍ സജീവമായിരുന്ന ബിജു നടത്തിയ സേവനം നാടിനും വനം വകുപ്പിനും വേണ്ടിയായിരുന്നു. മൂന്ന് സെന്റ് സ്ഥലത്ത് പണിതീരാത്ത ചെറിയ വീട് മാത്രമായിരുന്നു നിര്‍ധന കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന ബിജുവിന്റെ സമ്പാദ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day