|    May 28 Sun, 2017 1:14 am
FLASH NEWS

ധനവിനിയോഗ ബില്ല് പാസാക്കി; വിലവര്‍ധന പ്രാബല്യത്തില്‍

Published : 19th July 2016 | Posted By: sdq

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പുതുക്കിയ ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ അടങ്ങിയ ധനകാര്യ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു. ബില്ല് മേശപ്പുറത്തു വച്ചതോടെ പുതിയ നികുതികള്‍ പ്രാബല്യത്തിലായി. തുടര്‍ന്ന് ധനവിനിയോഗ ബില്ല് വോട്ടിനിട്ട് പാസാക്കി. ഇതോടെ, വിവിധ സാധനങ്ങള്‍ക്കുള്ള വില വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
വെളിച്ചെണ്ണ, തവിടെണ്ണ, എംആര്‍പി രേഖപ്പെടുത്തി പായ്ക്കറ്റില്‍ വില്‍ക്കുന്ന ഗോതമ്പുല്‍പന്നങ്ങളായ ആട്ട, മൈദ, സൂജി, റവ, പായ്ക്കറ്റിലുള്ള ബസ്മതി അരി എന്നിവയ്ക്ക് ഇന്നുമുതല്‍ വില കൂടും. ഇവയ്ക്ക് അഞ്ചുശതമാനം അധികനികുതിയാണ് നല്‍കേണ്ടത്. വെളിച്ചെണ്ണയില്‍ നിര്‍മിക്കുന്ന അലക്ക് സോപ്പിനും അഞ്ചുശതമാനമായിരിക്കും പുതിയ നികുതി. നേരത്തേ ഇത് ഒരുശതമാനമായിരുന്നു. ബ്രാന്റഡ് റസ്റ്റോറന്റുകള്‍ വില്‍ക്കുന്ന ബര്‍ഗര്‍, പിസ തുടങ്ങിയ ജങ്ക് ഫുഡിന് 14.5 ശതമാനം ഫാറ്റ് ടാക്‌സും നല്‍കണം.
തുണിയുടെ മേല്‍ ഇപ്പോള്‍ നിലവിലുള്ള ഒരുശതമാനം നികുതി രണ്ടുശതമാനമായി ഉയര്‍ത്തി. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാന്‍ ഡിസ്‌പോസിബിള്‍ ടംബ്ലറുകള്‍ക്ക് 20 ശതമാനം നികുതി ഏര്‍പ്പെടുത്തി. ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതുപോലെ സിനിമയുടെ പകര്‍പ്പവകാശത്തിനും സ്‌ക്രാപ്പ് ബാറ്ററി, മുനിസിപ്പല്‍ പ്ലാസ്റ്റിക് വേസ്റ്റ് എന്നിവയ്ക്കും നികുതി ഇളവ് ലഭിക്കും. കുടുംബങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിനുള്ള ഫീസും വര്‍ധിക്കും.
അതേസമയം, സംസ്ഥാനത്തെ എസ്‌സി, എസ്ടി ഫണ്ട് വിനിയോഗത്തില്‍ പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ധനവിനിയോഗ ബില്ലിന്റെ മറുപടി പ്രസംഗത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഓരോ മേഖലയിലും നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായി വിവരിച്ചിരുന്നു. ജനോപകാരപ്രദമായി പദ്ധതികള്‍ നടപ്പാക്കാനാവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പൊതുനിക്ഷേപം വര്‍ധിപ്പിക്കുക എന്ന വലിയ ഒരു പരീക്ഷണത്തിനും സര്‍ക്കാര്‍ മുതിരുകയാണ്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍ ഹൈടെക് ആക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് എംഎല്‍എമാര്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day