|    Jul 21 Fri, 2017 6:19 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ധനമന്ത്രി സ്ത്രീകളോട് വാക്കുപാലിച്ചു

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മികച്ച പരിഗണന നല്‍കി എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനമായി സ്ത്രീകള്‍ക്ക് ഉറപ്പുനല്‍കിയ വാഗ്ദാനങ്ങള്‍ക്കൊക്കെ ബജറ്റില്‍ മുന്തിയ പരിഗണന നല്‍കിയാണ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ആദ്യ ബജറ്റ് അവതരിപ്പിച്ചത്.
സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക വകുപ്പ് അനുവദിക്കുന്നതിനായി 10കോടി രൂപയാണ് വകയിരുത്തിയത്. വകുപ്പിനുകീഴില്‍ വരുന്ന പദ്ധതികള്‍ക്കു പുറമെ ജന്‍ഡര്‍ ഓഡിറ്റിനും സ്ത്രീകളെ സംബന്ധിക്കുന്ന മറ്റുവകുപ്പുകളിലെ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും ഈ മന്ത്രാലയത്തിന് ചുമതലയുണ്ടാവും. പൊതുശുചിമുറികള്‍ എന്ന ആവശ്യത്തിനും ധനമന്ത്രി മികച്ച പരിഗണന നല്‍കി. സംസ്ഥാനത്തുടനീളം പൊതുശുചിമുറികള്‍ സ്ഥാപിക്കുന്നതിനായി 50 കോടി രൂപയാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. റോഡുകളുടെ ഓരത്തുള്ള പെട്രോള്‍ പമ്പുകള്‍, റസ്റ്റോറന്റുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ശുചിമുറികള്‍ നിര്‍മിച്ചുനല്‍കും. റെയില്‍വേ സ്റ്റേഷന്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിലും ഫ്രഷ്അപ് സെന്ററുകള്‍ നിര്‍മിക്കും. സ്‌നാക്‌സ് ബാര്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ സെന്ററുകള്‍ പരിപാലിക്കുന്നതിനായി കുടുംബശ്രീയെ ചുമതലപ്പെടുത്തും. നടപ്പുവര്‍ഷം തന്നെ 20 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്ത്രീകളുടെ ക്ഷേമവും വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി 91 കോടി രൂപയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 45 കോടി അങ്കണവാടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനായി മാറ്റിവച്ചിരിക്കുന്നു.
കൗമാരക്കാര്‍ക്കായുള്ള സൈക്കോ സോഷ്യല്‍ സര്‍വീസിന് 12.5കോടി, വനിതാ സൗഹൃദ നിര്‍ഭയ ഷോര്‍ട്ട്‌സ്‌റ്റേ ഹോമുകള്‍ക്ക് 12.5കോടി, എല്ലാ പദ്ധതികളിലും സ്ത്രീപരിഗണന നല്‍കുന്നതിനായി 10 കോടി എന്നിങ്ങനെയാണ് മാറ്റിവച്ചിട്ടുള്ളത്. ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി 10 കോടി രൂപയും വകയിരുത്തി. 60 കഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷനും വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കും. കൊച്ചി മെട്രോയില്‍ ഇവര്‍ക്ക് തൊഴില്‍ സംവരണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക