|    Jun 25 Mon, 2018 11:14 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ധനകാര്യ സ്ഥാപനത്തിലെ 42 ലക്ഷത്തിന്റെ കവര്‍ച്ച; നാലുപേര്‍ പിടിയില്‍

Published : 7th November 2016 | Posted By: SMR

കൊട്ടാരക്കര: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നു 42 ലക്ഷം രുപ കവര്‍ന്ന കേസില്‍ നാല് പ്രതികള്‍ പിടിയില്‍.  നെടുവത്തൂര്‍ സ്വദേശി സുനില്‍ബാബു (23) അഖില്‍ (20) ചാലൂക്കോണം വിഷ്ണു (25) രഞ്ജിത്ത് (25) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ ശ്യാമിനുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒക്‌ടോബര്‍ 27നായിരുന്നു കൊട്ടാരക്കര ചന്തമുക്കിലുള്ള എല്‍ ആന്റ് ടി മൈക്രോ ഫിനാന്‍സ് എന്ന സ്ഥാപനത്തിലെ ലോക്കര്‍ സഹിതം 42 ലക്ഷം രൂപ മോഷണം പോവുന്നത്. ആന്റി തെഫ്റ്റ് സ്‌ക്വാഡ്  വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല.
അമ്പലത്തുംകാല ഭാഗത്ത് ദീപാവലി ആഘോഷത്തിനായി കുറെ ചെറുപ്പക്കാര്‍ ആവശ്യത്തിലധികം പണം ചെലവഴിച്ചതായി  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചാണ് സുനില്‍ബാബുവിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതികളെ പ്പറ്റിയും നെടുവത്തൂരില്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ മോഷണവിവരവും അറിയുന്നത്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നെടുവത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനമായ എസ്‌കെഎസ് ഫിനാന്‍സില്‍ നിന്നു ലോക്കര്‍ അടക്കം അഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ മോഷ്ടിക്കാന്‍ സുനിലിനൊപ്പം ഉണ്ടായിരുന്നവരാണ് വിഷ്ണുവും രഞ്ജിത്തും. സുനിലിന്റെ വീട്ടിലെ ഹോംതിയേറ്ററിന്റെ ബോക്‌സില്‍ നിന്നു 17 ലക്ഷം രൂപയും കണ്ടെത്തി. ബാക്കി പണം പ്രതികള്‍ വീതിച്ചെടുക്കുകയും 40ഓളം പേര്‍ക്ക് 2000രൂപ വീതം നല്‍കുകയും ചെയ്തു.  ലോക്കര്‍ സുനിലിന്റെ വീടിന് സമീപത്തു നിന്നു കണ്ടെടുത്തു. നെടുവത്തൂര്‍ കേസിലെ ലോക്കര്‍ ഇരുമ്പനങ്ങാടിന് സമീപമുള്ള കിണറ്റില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ സമ്മതിച്ചു.
പ്രതികളിലൊരാളായ അഖില്‍ ലോക്കറിലെ പണം കണ്ട് ഭയന്ന് അന്ന് തന്നെ ചെങ്കോട്ടയിലേക്ക് ജോലിക്കായി പോയി. ഇയാള്‍ക്ക് 2000 രൂപ മാത്രമേ മറ്റുള്ളവര്‍ നല്‍കിയുള്ളൂവെന്നും പോലിസ് പറഞ്ഞു. പുതിയ ബൈക്കിനും കാറിനും എല്ലാ പ്രതികളും അഡ്വാന്‍സ് നല്‍കുകയും വിവിധയിടങ്ങളില്‍ ടൂര്‍ പോയതായും ഡിവൈഎസ്പി കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss