|    Mar 20 Tue, 2018 2:03 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ധക്ക: 20 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

Published : 3rd July 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശ് തലസ്ഥാനനഗരമായ ധക്കയിലെ അതീവസുരക്ഷയുള്ള നയതന്ത്ര മേഖലയിലെ ഭക്ഷണശാലയിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ബന്ദികളാക്കിയ 13 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി. അക്രമികളില്‍ ആറുപേരെ വധിക്കുകയും ഒരാളെ പിടികൂടുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തതായി അമാഖ് വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ഒമ്പത് ഇറ്റലി സ്വദേശികള്‍, ഏഴ് ജപ്പാന്‍ പൗരന്മാര്‍, മൂന്ന് ബംഗ്ലാദേശികള്‍, ഒരു ഇന്ത്യക്കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ധക്കയില്‍ വസ്ത്രവ്യാപാരിയായ ന്യൂഡല്‍ഹി സ്വദേശി സഞ്ജീവ് ജെയിനിന്റെ മകള്‍ താരുഷി ജെയിന്‍ (18) ആണു മരിച്ച ഇന്ത്യക്കാരി. ബനാനി പോലിസ് സ്റ്റേഷന്‍ ഓഫിസര്‍ സലാലുദ്ദീന്‍ അഹ്മദ്, അഡീഷനല്‍ പോലിസ് കമ്മീഷണര്‍ റബീഉല്‍ എന്നിവരും മരണപ്പെട്ടു.
വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഗുല്‍ഷന്‍ മേഖലയിലെ ഹോളി ആര്‍ട്ടിസാന്‍ എന്ന സ്പാനിഷ് റസ്റ്റോറന്റില്‍ വെള്ളിയാഴ്ച രാത്രി 9.20ഓടെയാണു രാജ്യത്തെ നടുക്കിയ ആക്രമണം അരങ്ങേറിയത്. ഭക്ഷണശാലയിലേക്ക് ഇരച്ചുകയറിയ സായുധസംഘം വിദേശികള്‍ ഉള്‍പ്പെടെ 35 പേരെ ബന്ദികളാക്കുകയും ബോംബെറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയുമായിരുന്നു. വിദേശികളും നയതന്ത്ര പ്രതിനിധികളും സമ്പന്നരുമെത്തുന്ന കഫേയാണിത്.
പലരെയും മാരകായുധങ്ങള്‍കൊണ്ട് കഴുത്തറുത്തും കുത്തിയുമാണ് അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ നയീം അശ്ഫാഖ് ചൗധരി വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്തെത്തിയ സുരക്ഷാസേനയും അക്രമികളും തമ്മില്‍ പുലരുവോളം വെടിവയ്പ് തുടര്‍ന്നു. 13 മിനിറ്റുകൊണ്ട് സൈനികനടപടി പൂര്‍ത്തിയാക്കി. ബന്ദിപ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുടെ നിര്‍ദേശപ്രകാരമാണ് ഓപറേഷന്‍ തണ്ടര്‍ബോള്‍ട്ട് എന്നു പേരിട്ട സൈനികനീക്കം തുടങ്ങിയത്. കരസേന, നാവിക കമാന്‍ഡോ സ്‌ക്വാഡ്, അര്‍ധസേനയായ ബിജിബി, പ്രത്യേക പോലിസ് യൂനിറ്റുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു നടപടി. ഹോളി ആര്‍ട്ടിസാന്‍ കഫെ സമുച്ചയത്തില്‍ നടത്തിയ തിരച്ചിലിലാണ് 20 ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവ പോസ്റ്റ്‌മോര്‍ട്ടത്തിനായി സൈനിക ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്ത്യന്‍, ശ്രീലങ്ക, ജപ്പാന്‍ സ്വദേശികളായ ബന്ദികളെയാണു സൈന്യം മോചിപ്പിച്ചത്. ഒരു അര്‍ജന്റീനക്കാരനും മറ്റൊരാളും തൊട്ടടുത്ത വീട്ടില്‍ അഭയംതേടി. ഭക്ഷണശാലയിലെ രണ്ടു ജീവനക്കാരെ ചോദ്യംചെയ്യാന്‍ പോലിസ് കസ്റ്റഡിയിലെടുത്തു.
സൈനിക നടപടി വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് പ്രധാനമന്ത്രി ശെയ്ഖ് ഹസീന പറഞ്ഞു. അക്രമികള്‍ക്ക് മതമില്ല. അവരുടെ മതം ഭീകരവാദമാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ശെയ്ഖ് ഹസീനയുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു. അക്രമത്തെ മോദി അപലപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss