|    Nov 21 Tue, 2017 11:55 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ധക്ക: പിന്നില്‍ ഐഎസ് അല്ല; സ്വദേശികളെന്ന് മന്ത്രി

Published : 4th July 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയിലെ ഹോട്ടലിലുണ്ടായ ആക്രമണത്തിനു പിന്നില്‍ ഐഎസ് അല്ലെന്നും രാജ്യത്തിനകത്തുള്ള സംഘടനകളാണെന്നും ബംഗ്ലാദേശ് സര്‍ക്കാര്‍. ആക്രമണം നടത്തിയവര്‍ സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അനുയായികളല്ലെന്ന് ആഭ്യന്തരമന്ത്രി അബ്ദുസ്സമാന്‍ ഖാന്‍ പറഞ്ഞു.
രാജ്യത്ത് നിരോധിച്ച ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന സംഘടനയില്‍പ്പെട്ടവരാണ് ആക്രമണത്തിനു പിന്നില്‍. ഇവര്‍ക്ക് ഐഎസുമായുള്ള ബന്ധം സ്ഥിരീകരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു സാധിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം, അക്രമികള്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിച്ചതായി സംശയമുണ്ടെന്ന് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകനായ ഹുസയ്ന്‍ തൗഫീഖ് ഇമാം പറഞ്ഞു. പാക് ചാരസംഘടനയ്ക്ക് ജമാഅത്തുല്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്നും നിലവിലെ സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. അക്രമികള്‍ ഉന്നത വിദ്യാഭ്യാസം ലഭിച്ച 20നും 28നും ഇടയില്‍ പ്രായമുള്ള സമ്പന്ന ബംഗ്ലാദേശി കുടുംബങ്ങളില്‍നിന്നുള്ളവരാണെന്നു പോലിസ് പറഞ്ഞു. ആക്രമണത്തിനിടെ ഇംഗ്ലീഷ്, ബംഗാളി ഭാഷകളാണ് ഇവര്‍ സംസാരിച്ചത്.
കമാന്‍ഡോ ഓപറേഷനില്‍ കൊല്ലപ്പെട്ട ആറ് അക്രമികളുടെ ചിത്രങ്ങള്‍ പോലിസ് പുറത്തുവിട്ടു. പിടിയിലായ ഏഴാമനെ ബംഗ്ലാദേശ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തുവരുകയാണ്. പോലിസ് തിരിച്ചറിഞ്ഞ അക്രമിസംഘത്തിലെ ആകാശ്, ബികാശ്, ഡോണ്‍, ബാന്തന്‍, റിപോണ്‍ എന്നിവരെ പോലിസ് ഭീകര പട്ടികയില്‍ പെടുത്തിയിരുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരി താരുഷി ജെയിന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ യുഎസ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണ്. ധക്കയിലെ ഹോട്ടലില്‍ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. താരുഷിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക