|    Dec 13 Thu, 2018 6:27 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ദ്വിരാഷ്ട്ര പരിഹാരം ഇസ്രായേലിന് മുന്നിലില്ല

Published : 2nd December 2018 | Posted By: kasim kzm

ഫലസ്തീനില്‍ നിലവിലുള്ള സാഹചര്യം, ഇസ്രായേലിന്റെ ഭീഷണി, അമേരിക്കയുടെയും മുസ്‌ലിം രാഷ്ട്രങ്ങളുടെയും നിലപാട് എന്നിവയെക്കുറിച്ച് ഏഷ്യാ മിഡില്‍ ഈസ്റ്റ് ഫോറം ചെയര്‍മാന്‍ ഡോ. മുഹമ്മദ് മക്‌റമുമായി ഇസ്താംബൂളില്‍ തേജസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി എ എം ഹാരിസ് നടത്തിയ അഭിമുഖം രണ്ടാം ഭാഗം.

1918 മുതല്‍ 1948 വരെ ബ്രിട്ടിഷ് മാന്‍ഡേറ്റ് അനുസരിച്ച് നശിപ്പിക്കും വരെ ഫലസ്തീന്‍ രാഷ്ട്രം നിലനിന്നിരുന്നു. ആ രാജ്യത്ത് മുസ്‌ലിംകള്‍ മാത്രമല്ല, ക്രൈസ്തവരും ജൂതരും അറബ് വംശജരുമുണ്ടായിരുന്നു. എന്നാല്‍, സയണിസ്റ്റുകള്‍ കൊണ്ടുവന്നത് തകര്‍ച്ചയാണ്. നാട്ടുകാരുടെ തലയ്ക്കു മീതെയാണ് ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ചത്. മൊത്തം ജനസംഖ്യയില്‍ യൂറോപ്പില്‍ നിന്നുള്ള അനധികൃത നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണം 20 ശതമാനത്തില്‍ കുറവാണ്. ഇപ്പോള്‍ പലരും ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നു. പറയുന്നവര്‍ക്ക് തന്നെ നന്നായി അറിയാം, ഇത് നടപ്പാവുന്ന കാര്യമല്ലെന്ന്. ഒരുവശത്ത് ഇസ്രായേല്‍ നീണ്ട സമാധാന ചര്‍ച്ചകളിലാണ്. അതേസമയം, വെസ്റ്റ് ബാങ്കില്‍ ഭൂമി പിടിച്ചെടുക്കുന്നു. റിങ് റോഡുകള്‍ പണിയുന്നു, കുടിയേറ്റ കേന്ദ്രങ്ങള്‍ പണിയുന്നു, ഫലസ്തീന്‍ അതോറിറ്റിക്ക് കീഴിലുള്ള ഭൂമി ഇപ്പോള്‍ വെറും ആറു ശതമാനം മാത്രമായി ചുരുങ്ങിയിരിക്കുന്നു. ആ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട്, ദ്വീപുപോലെ പരസ്പരം ബന്ധപ്പെടാനാവാതെയാണുള്ളത്.
സയണിസ്റ്റുകള്‍ക്ക് ഒറ്റ രാഷ്ട്ര പരിഹാരമേയുള്ളൂ; ഇസ്രായേല്‍ മാത്രം. ദ്വിരാഷ്ട്ര പരിഹാരം അവരുടെ മുമ്പിലില്ല. ജനസംഖ്യാപരമായ ഭീഷണി രാഷ്ട്രത്തിനുള്ള ഭീഷണിയായി അവര്‍ കാണുന്നു. ഫലസ്തീനില്‍ ജീവിക്കുന്ന ഫലസ്തീനികളുടെ എണ്ണം വര്‍ധിക്കുന്നത് അവര്‍ ഭീതിയോടെ കാണുന്നു. എണ്ണത്തില്‍ ഫലസ്തീനികള്‍ ഇന്ന് ഇസ്രായേലികളെ കവച്ചുവയ്ക്കുന്നുണ്ട്. കുറച്ച് ആഴ്ചകള്‍ക്കു മാത്രം മുമ്പ് ഇസ്രായേല്‍ ജൂത മത രാഷ്ട്രമായി അംഗീകരിക്കുന്ന നിയമം അംഗീകരിച്ചു. ഇസ്രായേലില്‍ ജൂതര്‍ ന്യൂനപക്ഷമാണ്. പിന്നെങ്ങിനെ ഇസ്രായേല്‍ ജൂതരാഷ്ട്രമാവും?
ഫലസ്തീനികളെ അവരുടെ മാതൃഭൂമിയില്‍ നിന്ന് ഓടിക്കുകയാണ് ലക്ഷ്യം. ഫലസ്തീനികളില്‍ പകുതിയും പുറത്താണ്. അവര്‍ അഭയാര്‍ഥികളായി അലയുന്നു.
ഇടത് മനോഭാവമുള്ള ജൂതരാണ് സയണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ക്രമേണ വലതുപക്ഷ മതവാദികള്‍ കൈയടക്കി. ഇന്ന് അവരുടെ തലപ്പത്താണ് നെതന്യാഹുവിന്റെ സ്ഥാനം. പടിഞ്ഞാറിന്റെ വലതുപക്ഷത്തിന്റെ തലപ്പത്ത് ഡോണള്‍ഡ് ട്രംപുണ്ട്. ഇന്ന് വലതുപക്ഷം ദേശീയതയല്ല; അവലംബമാക്കുന്നത് മതമാണ്. സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുരാതനമായ യഥാര്‍ഥ മുഖം പ്രകടിപ്പിക്കാന്‍ സമയമായെന്നു നെതന്യാഹു കരുതുന്നു. അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയം ഡോണള്‍ഡ് ട്രംപിനെ താഴെയിറക്കും മുമ്പ് അവര്‍ കിട്ടിയ അവസരം ഉപയോഗിക്കുകയാണ്. അതാണ് ജറുസലേമിന്റെ പദവിയില്‍ മുമ്പില്ലാത്ത മാറ്റങ്ങള്‍ക്കും യുഎന്‍ റിലീഫ് എജന്‍സിക്കുള്ള സഹായം വെട്ടിക്കുറയ്ക്കുന്നതിനുമെല്ലാം ട്രംപ് തയ്യാറാവുന്നത്.
അടുത്ത കാലത്തായി സൗദി അറേബ്യ വളരെ ഗൗരവതരമായ വീഴ്ചകളാണ് വരുത്തിയത്.
1. യമന് നേരെ മുഹമ്മദ് ബിന്‍ സല്‍മാന്‍ യുദ്ധം പ്രഖ്യാപിച്ചു. സംഘര്‍ഷത്തെ യുദ്ധത്തിലേക്ക് നയിച്ചത് ബുദ്ധിശൂന്യതയായി.
2. ഇറാന്‍ ഭീഷണിയെക്കുറിച്ച അത്യുക്തി.
3. സിറിയന്‍ സംഘര്‍ഷത്തിലുള്ള ഇടപെടലും അതില്‍ കാണിച്ച കെടുകാര്യസ്ഥതയും.
4. ഈജിപ്തില്‍ ജനാധിപത്യപരമായി അധികാരമേറ്റ ഭരണകൂടത്തെ മറിച്ചിട്ട് അല്‍ സീസിയെ അധികാരത്തിലേറാന്‍ സഹായം നല്‍കി.
5.ഖത്തറിനെതിരായ ഉപരോധം.
6.ഇസ്രായേലുമായി ബന്ധം കൂടുതല്‍ ഗാഢമായി.
ഇതുവഴി മുസ്‌ലിം സമൂഹത്തിനു വേണ്ടി ഉപയോഗിക്കാമായിരുന്ന ആ രാഷ്ട്രത്തിന്റെ കരുത്താണ് ചോര്‍ന്നുപോയത്. അധികാരത്തില്‍ തുടരാന്‍ പാശ്ചാത്യന്‍ നാടുകളുടെ പിന്തുണ വേണം. അതിനു ശതകോടികളല്ല, ലക്ഷം കോടികള്‍ ചെലവഴിച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. അതിനായി പല ആനുകൂല്യങ്ങളും നല്‍കാനും തയ്യാറാവേണ്ടി വരുന്നു. അറബ് മുസ്‌ലിം നാടുകള്‍ സ്വന്തം സ്ഥാനം സ്വയം നിര്‍ണയിക്കണം, തന്ത്രങ്ങള്‍ മാറ്റണം. എന്നാല്‍, ഇതുവരെ അതിന്റെ ലക്ഷണങ്ങളൊന്നും കാണാനില്ല.

(അവസാനിച്ചു)

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss