|    Jul 18 Wed, 2018 3:02 am
FLASH NEWS

ദ്രോണാചാര്യ ബഹുമതി കാത്ത് പറവൂര്‍

Published : 9th August 2017 | Posted By: fsq

 

പറവൂര്‍: കായിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെ ആദരിക്കുന്ന ദ്രോണാചാര്യ ബഹുമതി കാത്ത് പറവൂര്‍. ഇന്ത്യന്‍ ഹോക്കി ടീമിനെ മികച്ച തലത്തിലേക്കുയര്‍ത്താന്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ള മലയാളി ഹോക്കി പരിശീലകന്‍ പി എ റാഫേലിലൂടെയാണ് ദ്രോണാചാര്യ ബഹുമതി പറവൂരിന് ബഹുമതിയാവാന്‍ പോവുന്നത്. 1994 ല്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ ദോണാചാര്യക്ക് ശുപാര്‍ശ ചെയ്തിട്ടും കൈവരാതെ പോയ പുരസ്‌ക്കാരമാണ് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ദേശീയ ഹോക്കി പരിശീലകനായ മലയാളി പി എ റാഫേലിനെ തേടിയെത്തുന്നത്. ദ്രോണാചാര്യക്കായി ഇത്തവണ ശുപാര്‍ശ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും ഉല്‍സാഹപൂര്‍വം നടത്തിയതും അപേക്ഷിച്ചതുമെല്ലാം റാഫേല്‍ കളി പരിശീലിപ്പിച്ച് രാജ്യാന്തര തലങ്ങളിലേക്കുയര്‍ന്ന ശിഷ്യഗണങ്ങളാണ്. ഇന്ത്യന്‍ ഹോക്കിയില്‍ സമഗ്ര മാറ്റങ്ങള്‍ അവതരിപ്പിച്ച് ഹോക്കി രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ച ഈ പരിശീലകന്‍ പിന്നീട് ഹോക്കി ഫെഡറേഷനുമായി അകലുകയും തുടര്‍ന്ന് തായ്‌ലന്‍ഡിലും സിംഗപൂരിലുമൊക്കെ പരിശീലകനായി പോവുകയും ചെയ്തു. മാളയിലെ പൂപ്പത്തി പനക്കല്‍ കുടുംബാഗമായ റാഫേലിന്റെ കുട്ടിക്കാലവും പഠനവുമെല്ലാം ചെന്നൈയിലായിരുന്നു. പഞ്ചാബില്‍ പാട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്ട്‌സില്‍ നിന്നും ഹോക്കി കോച്ചിങ് കോഴ്‌സ് പൂര്‍ത്തിയാക്കി 1971 ല്‍ അവിടെ തന്നെ പരിശീലകനായി ചേര്‍ന്നു. പിന്നീട് ബംഗളൂരുവിലും ചെന്നൈയിലും പരിശീലകനായി. 1987 ല്‍ ദേശീയ വനിതാ ഹോക്കി ടീമിന്റെയും തൊണ്ണൂറില്‍ ദേശീയ അണ്ടര്‍ 21 ടീമിന്റെയും കോച്ചാവുകയും ചെയ്തു. 1992 ല്‍ എയര്‍ ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നാഷണല്‍ ഹോക്കി അക്കാദമി ആരംഭിച്ചപ്പോള്‍ അവിടെ ഹെഡ് കോച്ചായും ഡയറക്ടറുമായി നിയമിതനായി. ഇതോടെ റാഫേലിനു കീഴില്‍ ഒളിംപിക്‌സും ലോകകപ്പ് മല്‍സരങ്ങള്‍ ഉള്‍പ്പെടെ കളിച്ച ഒട്ടേറെ താരങ്ങള്‍ പിറന്നു. 1995 ഓടെ ഏഷ്യന്‍ ഹോക്കി ഫെഡറേഷന്റെ ഡവലപ്‌മെന്റ് പ്രോഗ്രാമിനു കീഴില്‍ തായ്‌ലന്‍ഡില്‍ ദേശീയ പുരുഷ വനിതാ ടീമുകളുടെ പരിശീലകനായി ഇന്ത്യ വിടുകയായിരുന്നു. പിന്നീട് 1997 മുതല്‍ ഏഴുവര്‍ഷക്കാലം സിംഗപ്പൂര്‍ ദേശീയ ഹോക്കി ടീമിന്റെയും 2006 വരെ മക്കാവു ഹോക്കി സംഘത്തിന്റെയും പരിശീലകനായിരുന്ന ഇദ്ദേഹം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ഭാര്യ ലളിതയോടൊപ്പം വടക്കന്‍ പറവൂര്‍ കെടാമംഗലം മംഗലത്ത് റോഡില്‍ താമസമാക്കിയിട്ടുള്ള റാഫേലിന് ഷെല്ലി, ഷെറിന്‍ എന്ന മകനും മകളുമുണ്ട്. ഇരുവരും വിവാഹം കഴിഞ്ഞ് ആസ്‌ട്രേലിയയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss