|    Nov 21 Wed, 2018 5:09 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ദ്രാവിഡ രാഷ്ട്രീയത്തിന്റെ അനിഷേധ്യ നായകന്‍

Published : 8th August 2018 | Posted By: kasim kzm

ശരീഫ് ചാലിയം

”വെണ്ണയുടെ സ്ഥാനത്തു വച്ച വെറും ചുണ്ണാമ്പാണ് ഞാന്‍. രണ്ടിനും നിറമൊന്നാണെന്നേയുള്ളൂ”- അണ്ണാദുൈരയ്ക്ക് പകരക്കാരനായി തമിഴ്‌നാട് മുഖ്യമന്ത്രിയായി അവരോധിതനായ കലൈഞ്ജര്‍ കരുണാനിധി അനുയായികളോട് ഏറെ വിനയാന്വിതനായി പറഞ്ഞ വാക്കുകളാണിത്. അറിഞ്ജര്‍ അണ്ണാദുരൈയുടേതുപോലെ ഉന്നത വിദ്യാഭ്യാസ യോഗ്യതയോ ലോകപരിജ്ഞാനമോ അവകാശപ്പെടാനില്ലാതിരുന്നിട്ടും ‘വെറും ചുണ്ണാമ്പി’ല്‍നിന്ന് കരുണാനിധി ദ്രാവിഡ രാഷ്ട്രീയത്തിന്റെ നെടുന്തൂണാവുന്നതാണ് പിന്നീട് ലോകം ദര്‍ശിച്ചത്.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രകടിപ്പിച്ച വീറും വാശിയും മുഖ്യമന്ത്രിയായപ്പോഴും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനായി. കരുത്തുറ്റ ഭരണാധികാരിയെന്ന നിലയിലേക്കുള്ള കരുണാനിധിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. കാര്യങ്ങള്‍ അതിവേഗം ഗ്രഹിച്ചെടുക്കാനുള്ള ബുദ്ധികൂര്‍മ്മതയും ഉറച്ച തീരുമാനങ്ങള്‍ കൈകൊള്ളാനുള്ള ധീരതയും അദ്ദേഹത്തിന്റെ മികച്ച ഗുണങ്ങളായിരുന്നു. തമിഴകത്തിന്റെ നെല്ലറയെന്ന്് വിവക്ഷിക്കപ്പെടുന്ന തഞ്ചാവൂര്‍ ജില്ലയിലെ ചെറുഗ്രാമമായ തിരുക്കുവളൈയിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനനം.ഒരു പ്രധാന പാര്‍ട്ടിയുടെ തലപ്പത്ത് അഞ്ചു പതിറ്റാണ്ട് കാലം ഇരുന്ന വ്യക്തിയെന്ന നിലയിലും കലൈഞ്ജര്‍ അപൂര്‍വ്വതയാണ്. 49 വര്‍ഷം മുമ്പ് 1969 ജൂലൈ 27നാണ് കരുണാനിധി ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. മരണം വരെ ആ പദവിയില്‍ അദ്ദേഹം തുടര്‍ന്നു. തിരുവാരൂര്‍ എന്ന കുഗ്രാമത്തില്‍ ജനിച്ച് രാജ്യത്തെ ഏറ്റവും കൂര്‍മബുദ്ധിയുള്ള രാഷ്ട്രീയ തന്ത്രജ്ഞനിലേക്കുള്ള ആ വളര്‍ച്ച പോരാട്ടത്തിന്റേതു കൂടിയായിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയും ഭാഷയെ ആയുധമാക്കുന്ന പ്രതിഭാ വിലാസവും ആ കുതിപ്പില്‍ ആയുധമായി.
ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സ്വാമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് വിദ്യാര്‍ഥിയായ കരുണാനിധി രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവടുവച്ചത്. പിന്നീട് പെരിയോര്‍ ഇ വി രാമസ്വാമിയുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി. കുട്ടിക്കാലം മുതലേ സാഹിത്യത്തില്‍ തല്‍പരനായിരുന്ന അദ്ദേഹം 13ാംവയസ്സിലാണ് രാഷ്ട്രീയത്തിലേക്ക് എടുത്തുചാടുന്നത്.അധികാര രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് പെരിയോറും പ്രിയ ശിഷ്യന്‍ അണ്ണാദുരൈയും വഴിമാറിയപ്പോള്‍ കരുണാനിധി അണ്ണാദുരൈയ്‌ക്കൊപ്പം ഉറച്ചുനിന്നു. സാമൂഹികനീതിയും പ്രാദേശികവാദവുമുയര്‍ത്തി ഡിഎംകെ തമിഴക രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചപ്പോള്‍ അതിന്റെ ആദര്‍ശമുഖം അണ്ണാദുരൈയും തന്ത്രങ്ങളുടെ തലപ്പത്ത് കരുണാനിധിയുമായിരുന്നു. സംസ്ഥാനത്തു പാര്‍ട്ടി അധികാരത്തിലെത്തി രണ്ടു വര്‍ഷത്തിനു ശേഷം, 1969ല്‍ അണ്ണാദുരൈ ജീവിതത്തില്‍ നിന്നും വിടവാങ്ങി. പിന്‍ഗാമിയാവാനുള്ള മല്‍സരത്തില്‍ നെടുഞ്ചെഴിയനുള്‍പ്പെടെയുള്ള പ്രമുഖരുണ്ടായിരുന്നു. എംജിആറിന്റെ കൂടി പിന്തുണയോടെ മുഖ്യമന്ത്രിപദത്തിലേക്കു കരുണാനിധി നടന്നുകയറി. തൊട്ടുപിന്നാലെ, 1969ല്‍ ഡിഎംകെയുടെ ആദ്യ പ്രസിഡന്റായി അവരോധിതനായി. പെരിയോര്‍ രാമസാമിയോടുള്ള ആദരസൂചകമായി അണ്ണാദുരൈ പ്രസിഡന്റ് സ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. 1969 മുതല്‍ അഞ്ചുതവണ മുഖ്യമന്ത്രിയായ കരുണാനിധി വിജയ പരാജയങ്ങള്‍ ഏറെ കണ്ടു. പഴയ സുഹൃത്ത് എംജിആര്‍ അണ്ണാ ഡിഎംകെ രൂപീകരിച്ചതിനു പിന്നാലെ 10 വര്‍ഷം അധികാരത്തില്‍ നിന്നു പുറത്തായിട്ടും പാര്‍ട്ടിയെ തകരാതെ സ്വന്തം കീഴില്‍ നിര്‍ത്താന്‍ കരുണാനിധിക്കായി. എംജിആറിനു ശേഷം ജയലളിത വന്നപ്പോഴും ഡിഎംകെ തലപ്പത്ത് തലയെടുപ്പോടെതന്നെയാണ് അദ്ദേഹം ഇരുപ്പുറപ്പിച്ചത്. ആരോഗ്യകാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍മാറുന്നതു വരെ ഡിഎംകെയുടെ അവസാനവാക്ക് കലൈഞ്ജറുടേതായിരുന്നു. വാക്കുകളുടെ ഇന്ദ്രജാലം കൊണ്ട് തമിഴ്ജനതയെ ഇതു പോലെ കയ്യിലെടുത്ത ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ എഴുത്തുകാരനോ ജനസമ്മതി നേടിയ നേതാവോ വേറെയില്ലെന്നു തന്നെ പറയാം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss