റഫീഖ് റമദാന്
സ്നേഹിച്ചാല്‍ ചങ്ക് പറിച്ചുകൊടുക്കും. ദേഷ്യപ്പെട്ടാല്‍ തല്ലിത്തകര്‍ക്കും. അതാണ് തമിഴന്റെ മനസ്സ്. നടി ഖുശ്ബുവിനോടുള്ള ഇഷ്ടം മൂത്ത് ഒരു ദേവാലയം തന്നെ പണിതുയര്‍ത്തിയ തമിഴ് മക്കള്‍, ഒടുവിലൊരു നാള് വിവാഹേതര ലൈംഗികബന്ധത്തെ ഖുശ്ബു ന്യായീകരിച്ചതു കണ്ടപ്പോള്‍ ആ ക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കിയ കഥ ഇതിന് ഉദാഹരണമാണ്. അവരുടെ ഈ സ്വഭാവവിശേഷതയും സംസ്കാരവും തമിഴ് സിനിമകളില്‍ പ്രകടമാണ്. തമിഴന് എന്ന പേരില്‍ ഒരു സിനിമ പോലും ഇറങ്ങി. ഇളയദളപതി വിജയ് ‘തമിഴന് ഡാാാ’ എന്നു ഡയലോഗ് കീച്ചുമ്പോള്‍ പ്രേക്ഷകര്‍ കൂട്ടമായി വിസിലടിച്ച് അഭിമാനിക്കുന്നത് കണ്ടിട്ടില്ലേ?
നന്പനെ കണ്‍കണ്ട കടവുളായി കാണുന്ന ഈ തമിഴ്നന്മയാണ് ജയലളിതയെ തലയ്ക്കു മുകളില്‍ കുടിയിരുത്താന്‍ അവരെ പ്രേരിപ്പിച്ചത്. അവര്‍ ജീവനേക്കാളേറെ സ്നേഹിച്ച, അമ്മയായി വിശേഷിപ്പിച്ച ജയലളിതയ്ക്ക് പനി വരുന്നതുപോലും അവര്‍ക്ക് സഹിക്കാനാവുമായിരുന്നില്ല. ഇത്രയേറെ നേതാവിനെ സ്നേഹിക്കുന്ന അണികളെ കിട്ടാന്‍ ഏതു രാഷ്ട്രീയനേതാവും കൊതിക്കും.
നമ്മുടെ നാട്ടില്‍ ഒരു ശക്തിപ്രകടനം നടത്താന്‍ ദിവസക്കൂലിയും മദ്യവും നല്‍കിയാണ് പല പാര്‍ട്ടികളും ആളെ കണ്ടെത്തുന്നത്. ജയലളിതയെ നിര്‍ജലീകരണം മൂലം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത താങ്ങാനാവാതെ അനുയായികള്‍ ആത്മഹത്യ ചെയ്തത് പരിഹാസച്ചിരിയോടെയാണ് നാം കണ്ടത്. സ്ഥാനമാനങ്ങള്‍ കിട്ടിയില്ലെങ്കില്‍ നേതാവിനെ തെറിപറയാന്‍ മടിക്കാത്ത, രാഷ്ട്രീയപ്രവര്‍ത്തനം കീശ നിറയ്ക്കാനുള്ള വഴിയാണെന്നു മാത്രം കരുതുന്ന അണികളുള്ള ഒരു നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് ജയലളിതയ്ക്കു വേണ്ടി ഹൃദയം പൊട്ടി മരിച്ച തമിഴന്റെ സ്നേഹം മനസ്സിലാവില്ല.
ഇത് തമിഴ് സിനിമ ഉണ്ടാക്കിത്തീര്‍ത്ത വീരാരാധനയുടെ ഫലമാണ് എന്നു വിലയിരുത്തുന്നവരുണ്ട്. എന്നാല്‍, ആ നിരീക്ഷണം വസ്തുതാപരമല്ല. എംജിആറോ രജനീകാന്തോ സിനിമയിലെത്തിയതോടെ ഉണ്ടായ ഒരു ‘മനോരോഗ’മല്ല ഇത്. ഇഷ്ടനായകനെ ഇടിക്കുന്ന വില്ലനെ കൈയില്‍ കിട്ടിയാല്‍ പഞ്ഞിക്കിടാനുള്ള തമിഴ് ആരാധകന്റെ മനസ്സ് എങ്ങനെ രൂപപ്പെട്ടുവെന്നതിന് ചരിത്രം പരതണം.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തോടും കാവേരി നദീജലത്തര്‍ക്കത്തില്‍ കര്‍ണാടകയോടും തമിഴന് കുശുമ്പു കാട്ടിയത് ഉപജീവനമാര്‍ഗമായ കൃഷി ഇല്ലാതാവുമെന്ന ആധി കൊണ്ട് മാത്രമല്ല, ഈ അതിവൈകാരികത അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്ന്നതിനാലാണ്. സ്വന്തം ഭാഷയും സംസ്കാരവും ഏറെ വിലമതിക്കുന്നു തമിഴ് ജനത. നമ്മുടെ നാട്ടില്‍ പല നഗരങ്ങളിലും ബസ്സിലെയും കടകളിലെയും ബോര്‍ഡുകളത്രയും ഇംഗ്ലീഷ്വല്ക്കരിക്കപ്പെട്ടപ്പോള് തമിഴില്‍ ബോര്‍ഡ് വയ്ക്കാത്ത കടകള്‍ക്കെതിരേ നാട്ടുകാരും ഭരണകൂടവും തിരിയുന്ന കാഴ്ചയാണ് തമിഴകത്ത് കണ്ടത്.
തുടക്കം ചിന്നസ്വാമിയിലൂടെ
തമിഴ്നാട്ടിലെ തിരുച്ചി ജില്ലയിലെ കിഴപഴുവര് ഗ്രാമത്തില്‍ 1965ല്‍ ഒരു ആത്മാഹുതി നടന്നു. ഒരു റിപബ്ലിക് ദിനത്തിലായിരുന്നു അത്. ചിന്നസ്വാമി എന്ന കര്ഷകന് ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. തമിഴ് ഭാഷയ്ക്കു വേണ്ടിയായിരുന്നു ആ ബലിദാനം! ഒരുപക്ഷേ, ഇതായിരിക്കണം തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിഷേധത്തിന്റെ രൂപമായി ആത്മാഹുതി മാറിയ ആദ്യത്തെ സംഭവം. ‘തീക്കുളി’ എന്നാണ് അവര്‍ അതിനിട്ട പേര്.
തൊട്ടടുത്ത ദിവസം ദ്രാവിഡ മുന്നേറ്റ കഴകം പ്രവര്‍ത്തകനായ ടി എന്‍ സിവലിംഗം ചെന്നൈക്കു സമീപമുള്ള കോടമ്പാക്കത്ത് ആത്മഹത്യ ചെയ്തു. ദ്രാവിഡ സംസ്കാരത്തിന്റെ ഈറ്റില്ലമായ തമിഴ്നാട്ടില്‍ ദേശീയ ഭാഷയായ ഹിന്ദി അടിച്ചേല്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ഹിന്ദി അടിച്ചേല്പിക്കുന്നതില് പ്രതിഷേധിച്ച് ഒമ്പതു പേരാണ് ആ വര്‍ഷം തീ കൊളുത്തി ആത്മഹത്യ ചെയ്തത്. അതോടെയാണ് തമിഴകത്ത് ആത്മാഹുതി ജനകീയ പ്രതിഷേധമാര്‍ഗമായി മാറിയതെന്നു പറയാം.
അതോടെ നാടിനു വേണ്ടി ജീവത്യാഗം ചെയ്തവര്‍ വീരന്മാരായി. ഭാഷാ രക്തസാക്ഷികളെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തി. തമിഴിനു വേണ്ടി മരിച്ച ചിന്നസ്വാമിയുടെയും അരങ്കനാഥന്റെയും പേരില്‍ സബ്വേകള്‍ വന്നു. ഒരു പാര്ക്കിന് മറ്റൊരു രക്തസാക്ഷിയായ സിവലിംഗത്തിന്റെ പേരിട്ടു.
എന്നാല്‍, നേതാവിന്റെ മരണത്തില്‍ മനംനൊന്ത് അണികള്‍ ആത്മാഹുതി ചെയ്യുന്ന പ്രവണത രൂപപ്പെട്ടത് മുഖ്യമന്ത്രി സി അണ്ണാദുരൈയുടെ വിയോഗത്തോടെയാണ്. അരനൂറ്റാണ്ടു കാലം തമിഴ് സിനിമയുടെ മുടിചൂടാമന്നനായി നിറഞ്ഞുനില്ക്കുകയും പിന്നീട് മുഖ്യമന്ത്രിക്കസേരയില്‍ വാഴുകയും ചെയ്ത എംജിആറിനെ 1972 ഒക്ടോബറില്‍ ഡിഎംകെയില്‍ നിന്ന് സസ്പെന്റ് ചെയ്തപ്പോള്‍ രണ്ട് അനുയായികള്‍ ദേഹത്ത് തീകൊളുത്തി ആത്മഹത്യ ചെയ്താണ് പ്രതിഷേധിച്ചത്. എംജിആര്‍ രോഗിയായി യുഎസില്‍ ചികില്‍സയ്ക്കു പോയ സമയത്ത് നൂറോളം പേര് ആത്മഹത്യാശ്രമം നടത്തി. പിന്നീട് 1987 ഡിസംബര്‍ 24ന് എംജിആര്‍ മരിച്ചപ്പോള്‍ 31 പേര് ആത്മഹത്യ ചെയ്തു.
കരുണാനിധിക്കു വേണ്ടിയും അണികളുടെ തീക്കുളി ഉണ്ടായി. 1986ല്‍ ഹിന്ദിവിരുദ്ധ സമരവേളയില്‍ അദ്ദേഹം അറസ്റ്റിലായ സമയത്ത് 21 പാര്‍ട്ടി പ്രവര്‍ത്തകരാണ് ജീവന് കളഞ്ഞത്. ആത്മാഹുതി ചെയ്യുന്നവരുടെ കുടുംബത്തിനു പാര്‍ട്ടികള്‍ വലിയ സാമ്പത്തിക സഹായം നല്‍കുന്നതാണ് ഇതിന് അണികളെ പ്രേരിപ്പിക്കുന്നതെന്ന് അന്താരാഷ്ട്ര ആത്മഹത്യാ വിരുദ്ധ സംഘടനയുടെ പ്രവര്‍ത്തക ലക്ഷ്മി വിജയകുമാര്‍ അഭിപ്രായപ്പെടുന്നു. ഇതില്‍ കാര്യമുണ്ടെങ്കിലും ആത്മഹത്യ ഒരു ട്രെന്‍ഡായി മാറാന്‍ കാരണം ഇതല്ല. നേതാക്കളോടുള്ള ഒടുക്കത്തെ ‘ഇശ്ഖാ’ണ്. ഇങ്ങനെ വീണ്ടുവിചാരമില്ലാതെ ആത്മാഹുതി ചെയ്യുന്നവരില്‍ വലിയൊരു ശതമാനം സ്ത്രീകളാണത്രേ. അഗ്നി, മോക്ഷം നല്‍കുമെന്ന വിശ്വാസവും ഒരു ഘടകമാണ്.
വീരതമിഴന് വിഘ്നേശ്
ഇക്കഴിഞ്ഞ സപ്തംബറില്‍ നാം തമിഴര്‍ എന്ന സംഘടനയുടെ യൂത്ത് വിങ് സെക്രട്ടറിയായ വിഘ്നേശ് എന്ന 25കാരന് തീകൊളുത്തി ആത്മഹത്യ ചെയ്തത് കാവേരി നദീജലം തമിഴ്നാടിനു ലഭിക്കുന്നതിനും തമിഴര്‍ക്കു നേരെ കര്‍ണാടകയില്‍ അക്രമങ്ങള്‍ നടക്കുന്നതില്‍ പ്രതിഷേധിച്ചുമായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ് കില്‍പോക് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ആ യുവാവിനെ രക്ഷിക്കാനായില്ല.
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ആത്മഹത്യ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്- 13 ശതമാനം. ഓരോ വര്‍ഷവും 16,000 പേരാണ് ഇവിടെ ആത്മാഹുതി ചെയ്യുന്നത്. ഇതില്‍ മുന്നിലുള്ളത് വിഘ്നേശിന്റെ നാടായ ചെന്നൈ തന്നെ. 2214 പേരാണ് 2014ല്‍ ചെന്നൈയില്‍ മാത്രം ആത്മഹത്യ ചെയ്തത്.
തൂങ്ങിമരിക്കാനോ വിഷം കഴിച്ചു മരിക്കാനോ തമിഴര്‍ ഇഷ്ടപ്പെടാത്തത് അതു ജനശ്രദ്ധ നേടിത്തരില്ലെന്ന തിരിച്ചറിവു മൂലമാണെന്ന് മനശ്ശാസ്ത്രജ്ഞയായ പൂര്‍ണിമ നാഗരാജ് പറയുന്നു. മരണശേഷം വീരനായി അറിയപ്പെടണമെന്നാണ് നാടിനും ഭാഷയ്ക്കും നേതാവിനും വേണ്ടി ജീവന് ത്യജിക്കുന്നവരുടെ അഭിലാഷം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആത്മഹത്യ ചെയ്യുന്നവരെ മഹത്വവല്‍ക്കരിക്കുന്നതും ഒരു കാരണമാണ്. ആത്മഹത്യ ചെയ്ത വിഘ്നേശിനെ വീരതമിഴനെന്നാണ് പാര്‍ട്ടി വിശേഷിപ്പിക്കുന്നത്.
ഇത് അജ്ഞത കൊണ്ടാണെന്നു പരിഹസിക്കുന്ന നാം തിരിച്ചറിയേണ്ട ഒന്നുണ്ട്. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധകാലത്ത് 2009ല്‍ ആത്മഹത്യ ചെയ്ത മുത്തുകുമാര്‍ ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു. 60കളിലെ ഹിന്ദിവിരുദ്ധ പ്രക്ഷോഭകാലത്ത് ആത്മഹത്യ ഒരു രാഷ്ട്രീയ ആയുധമായി മാറിയതെങ്ങനെയെന്ന് ലോറന് കോള്‍മാന്റെ 2004ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ദ കോപികാറ്റ് ഇഫക്റ്റ്’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
ജയലളിത എന്ന കണ്മണി
തമിഴ് ഭാഷയുടെ അസ്തിത്വത്തിനും ഹിന്ദി അടിച്ചേല്പിക്കുന്നതിന് എതിരെയുമായി നിലകൊണ്ടതാണ് ജയലളിതയെയും തമിഴരുടെ കണ്മണിയാക്കിയത്. തമിഴ് ഭാഷയ്ക്ക് ക്ലാസിക് പദവി നല്‍കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി 1984 മെയ് 5ന് ജയലളിത രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: ”ക്വിറ്റ് ഇന്ത്യ എന്ന് ബ്രിട്ടിഷുകാരോട് നാം പറഞ്ഞു. അവര്‍ക്കു കാര്യം മനസ്സിലായി. കാരണം, ക്വിറ്റ് ഇന്ത്യ എന്ന് നാം അവരോട് പറഞ്ഞത് ഇംഗ്ലീഷിലായിരുന്നു. ഒരുപക്ഷേ, ഹിന്ദിയില്‍ പറഞ്ഞിരുന്നെങ്കില്‍ ബ്രിട്ടിഷുകാര്‍ക്ക് കാര്യം മനസ്സിലാകാതെ പോവുമായിരുന്നു. രാഷ്ട്രഭാഷ എന്ന നിലയില്‍ ഹിന്ദിയെ ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍, ഹിന്ദി ഞങ്ങളുടെ മേല്‍ അടിച്ചേല്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ഞാന്‍ അപേക്ഷിക്കുന്നു.”
2014ല്‍ ജയലളിതയെ കുറിച്ച് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അപകീര്‍ത്തികരമായ ലേഖനം വന്നതിനെത്തുടര്‍ന്ന് ഒരു എഐഎഡിഎംകെ വനിതാ അംഗം ആത്മഹത്യാശ്രമം നടത്തിയിരുന്നു. അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ടപ്പോഴും നിരവധി പേര് ആത്മഹത്യാശ്രമം നടത്തി.
പൊതുജനം തെരുവില്‍ കൂവിവിളിക്കുന്ന നേതാക്കന്മാര് നാടു ഭരിക്കുന്ന കാലത്ത് ജയലളിതയില്‍ നിന്നു നമുക്ക് ചില പാഠങ്ങള്‍ പഠിക്കാനുണ്ട്. പാവങ്ങള്‍ക്കു ചെയ്തുകൊടുത്ത ഉപകാരങ്ങള്‍ കാരണമാണ് അവരെ ജനം നെഞ്ചേറ്റിയത്. വിലക്കയറ്റം കൊണ്ട് രാജ്യമെങ്ങും പൊറുതിമുട്ടിയപ്പോള്‍ തമിഴ് മക്കളുടെ പശിയകറ്റാന്‍ ആ അമ്മ സ്വയം അവതരിച്ചു. കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ‘അമ്മ’ ബ്രാന്‍ഡില്‍ ഉപ്പു മുതല്‍ സിമന്റ് വരെ തമിഴ്നാട്ടില്‍ ഉടനീളം എത്തിച്ചതാണ് അവരെ ഏറെ ജനകീയയാക്കിയത്. ജനങ്ങളിലേക്ക് ഇറങ്ങിവന്ന ദൈവമായി ഇതോടെ അവര്‍. തമിഴ്നാട്ടില്‍ ഉടനീളമുള്ള ‘അമ്മ’ കാന്റീനുകളിലൂടെ സാധാരണക്കാര്‍ക്ക് ഒരു രൂപയ്ക്ക് ഇഡ്ഡലിയും അഞ്ചു രൂപയ്ക്ക് തൈരും സാമ്പാറും ലഭ്യമായി. വയറു നിറയെ ഭക്ഷണം കഴിക്കാന്‍ അഞ്ചു രൂപ മതി എന്നതിനാല്‍ അമ്മ കാന്റീനുകള്‍ ജനങ്ങള്‍ വരവേറ്റു.
‘അമ്മ’ പദ്ധതികള്‍
ജനങ്ങള്‍ക്ക് നിലവാരമുള്ള, ആരോഗ്യകരമായ ചെലവുകുറഞ്ഞ ഉപ്പ് നല്കുന്ന അമ്മ ഉപ്പ്, കുറഞ്ഞ വിലയ്ക്ക് ഇംഗ്ലീഷ് മരുന്നുകള്‍ ലഭ്യമാക്കുന്ന അമ്മ മരുന്നുഷോപ്പ്, പത്തു രൂപയ്ക്ക് ഒരു ലിറ്റര്‍ കിട്ടുന്ന അമ്മ കുപ്പിവെള്ളം, അമ്മ സിനിമ, അമ്മ ഗൃഹോപകരണങ്ങള്‍, അമ്മ സൗജന്യ ആരോഗ്യപദ്ധതി, അമ്മ വിത്ത്, അമ്മ സിമന്റ് എന്നിവയൊക്കെ ജയലളിതയെ ‘കടവുള്‍’ ആക്കി. അമ്മ സൗജന്യ വൈദ്യുതിയിലൂടെ തമിഴ്നാട്ടിലെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 100 യൂനിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കി. പ്രതിവര്‍ഷം 1609 കോടി രൂപ സംസ്ഥാനത്തിനു ബാധ്യത വരുത്തിയെങ്കിലും ജയ സര്‍ക്കാര്‍ ഇതു തുടര്‍ന്നു.
സ്വര്‍ണത്താലി പദ്ധതിയിലൂടെ നിര്‍ധന യുവതികള്‍ക്ക് വിവാഹസ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ഒരു പവന് സ്വര്‍ണത്താലിയും 50,000 രൂപയും നല്കി. വില കുത്തനെ കൂടിയപ്പോള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സിമന്റ് സൗജന്യ നിരക്കില്‍ ലഭ്യമാക്കി. സൗജ്യമായി വൈഫൈ സൗകര്യം ലഭിക്കുന്ന പദ്ധതിയുടെ പേര് അമ്മ വൈഫൈ എന്നാണ്.
നെന്മണി കൊടുത്ത് പെണ്മക്കളെ പ്രസവിച്ച ഉടനെ കൊല്ലുന്നത് ഇല്ലാതാക്കാന്‍ ‘അമ്മ’ തൊട്ടിലുകള്‍ സഹായിച്ചു. ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് കൊലപാതകികളാവാതെ രക്ഷപ്പെടാന്‍ ഇതു സഹായകമായി. അവര്‍ ജയലളിതയെ മനസ്സില്‍ പ്രതിഷ്ഠിച്ചു. 1992ല്‍ അമ്മത്തൊട്ടില്‍ പ്രസ്ഥാനം ആരംഭിച്ച ശേഷമാണ് ‘അമ്മ’ എന്ന പേര് ജയലളിതയ്ക്ക് കിട്ടിയതെന്നു പറയാം.
ചലച്ചിത്ര നടിയായിരുന്ന ജയലളിത എംജിആറിന്റെ മരണശേഷമാണ് എഐഎഡിഎംകെയുടെ നേതൃസ്ഥാനത്തേക്കെത്തിയത്. എംജിആറിന്റെ ശവമഞ്ചം വഹിച്ചുള്ള വിലാപയാത്രയ്ക്കിടെ ചിലര്‍ തള്ളി താഴെയിട്ടെങ്കിലും ജയ പിന്നീട് കരുത്തോടെ രാഷ്ട്രീയത്തില്‍ തിരിച്ചുവന്നു. പുരുഷന്റെ കാലിനടിയില്‍ നില്‍ക്കേണ്ടവളല്ല സ്ത്രീയെന്നും അവനേക്കാള്‍ ശക്തയാണെന്നും രാജ്യത്തിനു തന്നെ ബോധ്യപ്പെടുത്തി അവര്‍. ആണ്സിങ്കങ്ങളുടെ സഭയില്‍ ദ്രൗപദിയെപ്പോലെ വസ്ത്രാക്ഷേപത്തിനിരയായ ജയ പിന്നീട് പുരുഷകേസരികളെ തന്റെ വിരല്‍ത്തുമ്പിലിട്ട് അമ്മാനമാടുന്നതിന് ലോകം സാക്ഷിയായി.
എംജിആറിന്റെ ജോഡിയായതാണ് ജയയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ആ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റുകള്‍ പിറന്നു. തമിഴിനു പുറമേ അഞ്ചു ഭാഷകള്‍ കൂടി ഉപയോഗിക്കാനറിയുന്ന നായിക എന്നതും ജയലളിതയ്ക്ക് ഗുണകരമായി. എംജിആറില്‍ നിന്നു സിനിമയും രാഷ്ട്രീയവും പരിശീലിച്ച ജയലളിത 1980ലാണ് അണ്ണാ ഡിഎംകെയില്‍ അംഗമായി മാറിയത്.
പാര്‍ട്ടിയിലെ മുന്‍നിര നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു ജയയുടെ രാഷ്ട്രീയപ്രവേശം. പക്ഷേ, എംജിആര്‍ എന്ന ഒറ്റയാനു മുന്നില്‍ ഒന്നും വിലപ്പോയില്ല. 1983ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്നു ജയിച്ച് ജയലളിത എംഎല്‍എയായി. 84ല്‍ രാജ്യസഭാംഗമായി. എംജിആര്‍ കഴിഞ്ഞാല്‍ ജയലളിത എന്ന നിലയിലേക്ക് പാര്‍ട്ടിയും അണികളും മാറി. സ്ത്രീകള്‍ മികച്ച ഭരണാധികാരിയാവില്ല എന്നു പറയുന്നവര്‍ക്കുള്ള ചുട്ട മറുപടിയായിരുന്നു അവര്‍.
തമിഴ് സിനിമയില്‍ ഇന്നും നായകന് വീരനാണ്. അയാള്‍ ഒരിടിക്ക് വില്ലനെ നൂറു മീറ്റര്‍ അകലെ എത്തിക്കുന്നവനാണ്. തമിഴരുടെ വീരന്മാരോടുള്ള ആരാധനയുടെ ഫലമാണിത്. ഇന്നും കായികക്കരുത്ത് അധികാരത്തെ നിര്‍ണയിക്കുന്ന ഗ്രാമങ്ങളുള്ള മറ്റൊരു സംസ്ഥാനം കാണില്ല. അമാനുഷികതയില് ഉയിരെടുത്ത ധീരോദാത്ത കഥാപാത്രങ്ങളെ, മണ്ണുക്കും മക്കള്‍ക്കും തലൈവരായി പ്രതിഷ്ഠിച്ചുകൊണ്ട് തമിഴ് സിനിമ കാലങ്ങളോളം ആഘോഷിച്ചത് ആണ്നായകത്വത്തെ മാത്രമായിരുന്നു. അവിടെയാണ് സിനിമയോട് ചേര്‍ന്നുനില്‍ക്കുന്ന ദ്രാവിഡ രാഷ്ട്രീയം ഒരു പെണ്ണിനെ മക്കള്‍ ശെല്‍വിയും അമ്മയും അന്പിനുടമയും പുരൈട്ചി തലൈവിയുമാക്കിയത്.