|    May 29 Mon, 2017 5:22 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദോഹ മെട്രോ: ഹമദ് സ്‌റ്റേഷനിലെ തുരങ്കം പൂര്‍ത്തിയായി

Published : 26th September 2016 | Posted By: SMR

ദോഹ: ദോഹ മെട്രോയുടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സ്റ്റേഷനിലെ റെഡ് ലൈന്‍ തുരങ്ക നിര്‍മാണം പൂര്‍ത്തിയായി. തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. റെഡ് ലൈനിന്റെ തെക്കുഭാഗത്താണ് ഹമദ് സ്റ്റേഷന്‍.
111 കിലോമീറ്റര്‍ നീളം വരുന്ന തുരങ്കത്തിന്റെ നിര്‍മാണം 2014 ജൂലൈയിലാണ് ആരംഭിച്ചത്. ടണല്‍ ബോറിംഗ് മെഷീന്‍ (ടിബിഎം) ഉപയോഗിച്ചുള്ള തുരങ്ക നിര്‍മാണം ശനിയാഴ്ച പൂര്‍ത്തിയായി. ദോഹ മെട്രോ പദ്ധതിയെ സംബന്ധിച്ച പ്രസന്റേഷനും 21 ടി ബി എമ്മുകളുടെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വീഡിയോയും പരിപാടിക്കിടെ പ്രദര്‍ശിപ്പിച്ചു. ഒറ്റ പദ്ധതിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടിബിഎമ്മുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ചതിലൂടെ ഗിന്നസ് റെക്കോര്‍ഡ് ഖത്തര്‍ റെയില്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ മൂന്ന് മാസം മുമ്പുതന്നെ തുരങ്കനിര്‍മാണം പൂര്‍ത്തിയാക്കാനായത് മറ്റൊരു നേട്ടമാണ്. പ്രാദേശിക സമ്പദ്ഘടനയെ പിന്തുണക്കുന്നതിന്റെ ഭാഗമായി തുരങ്കനിര്‍മാണത്തിന്റെ 70 ശതമാനം കരാറുകളും പ്രാദേശിക കരാറുകാര്‍ക്കാണ് നല്‍കിയത്. തുരങ്ക നിര്‍മാണം പൂര്‍ത്തിയായതോടെ ദോഹ മെട്രോ പദ്ധതിയുടെ പകുതി യാഥാര്‍ഥ്യമായി. തുരങ്ക നിര്‍മാണത്തിന്റെ ഭാഗമായ 7.071 ട്യൂബുകള്‍ നിര്‍മിക്കുന്നതിന് 470.497 കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ആവശ്യമായി വന്നിരുന്നു.
സമഗ്ര പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ് ദോഹ മെട്രോ പദ്ധതിയെന്ന് ആഘോഷ ചടങ്ങില്‍ പങ്കെടുത്ത ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തി പറഞ്ഞു.
ദോഹ മെട്രോയുടെ ആദ്യഘട്ടം 2020ല്‍ പൂര്‍ത്തിയാകും. റെഡ്, ഗോള്‍ഡ്, ഗ്രീന്‍ എന്നീ പാതകളാണ് അന്ന് തുറക്കുക. 34 സ്റ്റേഷനുകളാണ് ഉണ്ടാകുക. ഒന്നാം ഘട്ടത്തിലെ പാതകളുടെ വിപുലീകരണവും ബ്ലൂ ലൈന്‍ പുതുതായി നിര്‍മിച്ചും 72 സ്റ്റേഷനുകള്‍കൂടി ഉള്‍പ്പെടുത്തിയും മെട്രോയുടെ രണ്ടാം ഘട്ടം 2026ല്‍ പൂര്‍ത്തിയാകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day