|    Jan 21 Sat, 2017 11:08 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദോഹ തുറമുഖം മാര്‍ച്ച് 30ഓടെ പൂര്‍ണമായി അടച്ചിടും

Published : 18th October 2016 | Posted By: SMR

ദോഹ: ദോഹ തുറമുഖം അടുത്ത വര്‍ഷം മാര്‍ച്ച് 30ഓടെ പൂര്‍ണമായി അടച്ചിടുമെന്ന് ഗതാഗത-വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. ഏപ്രില്‍ ആദ്യത്തോടെ തുറമുഖത്തില്‍ ഖനന-വികസന പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിക്കും. ഈ വര്‍ഷം ഡിസംബര്‍ 30ഓടെ തന്നെ ദോഹ തുറമുഖത്തെ എല്ലാ ഷിപ്പിങ് ഓപറേറ്റിങ് പ്രവൃത്തികളും പുതിയ ഹമദ് അന്താരാഷ്ട്ര തുറമുഖത്തേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇന്റര്‍നാഷനല്‍ ക്വാളിറ്റി ആന്റ് പ്രൊഡക്ടിവിറ്റി സെന്റര്‍(ഐക്യുപിസി) സംഘടിപ്പിക്കുന്ന ഖത്തര്‍ ഗതാഗത സുരക്ഷാ ഫോറത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുറമുഖത്തിന്റെ പ്രധാന രണ്ട് വികസന പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഗതാഗത മന്ത്രാലയമാണ്. തുറമുഖത്തിന്റെ സമഗ്ര അറ്റക്കുറ്റപ്പണികളുടെയും കപ്പലുകളെ സ്വീകരിക്കുന്നതിനുള്ള പ്രത്യേക ചാനല്‍ നിര്‍മാണത്തിന്റെയും മേല്‍നോട്ടമാണ് മന്ത്രാലയത്തിനുള്ളത്.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ നിശ്ചയിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് വളരെയധികം മുന്നേറാന്‍ ഖത്തറിനു സാധിച്ചിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. 2020ഓടെ റോഡ് സുരക്ഷാ ലക്ഷ്യങ്ങള്‍ ഖത്തര്‍ പൂര്‍ണമായി കൈവരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാല്‍നട യാത്രക്കാരുടെ സുരക്ഷക്കും ഹൈവേയില്‍ തിരക്കേറിയ പ്രദേശങ്ങളിലെ വാഹന ഗതാഗതത്തിനും സര്‍ക്കാര്‍ ഉയര്‍ന്ന സുരക്ഷാ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് പരിസ്ഥിതി-നഗരസഭാ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍റുമൈഹി വ്യക്തമാക്കി.  രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളില്‍ 15 നടപ്പാലങ്ങള്‍ നിര്‍മിക്കുന്നതിനു മികച്ച കമ്പനികളുമായി കരാറിലെത്തിയിട്ടുണ്ട്. നടപ്പാലങ്ങളുടെ രൂപരേഖകള്‍ തയ്യാറായതായും ഉടന്‍ തന്നെ നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയ രാജ്യങ്ങളില്‍ ഖത്തര്‍ 49ാം സ്ഥാനത്തെത്തിയതായി ദേശീയ ഗതാഗത സുരക്ഷാ സമിതി ജനറല്‍ സെക്രട്ടറി ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍മാലിക്കി വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്താണുള്ളത്. ഖത്തറിലെ വാഹനാപകട മരണനിരക്ക് ഒരു ലക്ഷം പേരില്‍ 14 മരണമെന്ന കണക്കില്‍ 7.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. റോഡ് സുരക്ഷയില്‍ രാജ്യം കൈവരിച്ച വലിയ നേട്ടമാണ് മരണനിരക്കിലെ ഈ കുറവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക