|    Dec 14 Thu, 2017 10:45 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദോഹ എക്‌സ്പ്രസ് വേയില്‍ ആധുനിക റഡാറുകള്‍

Published : 11th August 2016 | Posted By: SMR

ദോഹ: ദോഹ എക്‌സ്പ്രസ്‌വേയില്‍ പുതിയ ഹൈ ടെക് റഡാറുകള്‍ സ്ഥാപിച്ചു. നേരത്തേയുണ്ടായിരുന്ന സ്പീഡ് കാമറകള്‍ക്ക് പകരമായാണ് റഡാറുകള്‍ സ്ഥാപിക്കപ്പെട്ടത്. വലതു വശത്തു കൂടി ഓവര്‍ടേക്ക് ചെയ്യുന്നവര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ പുതിയ കാമറയില്‍ കുടുങ്ങുമെന്ന് അല്‍ശര്‍ഖ് റിപോര്‍ട്ട് ചെയ്തു. അഞ്ച് പുതിയ കാമറകളാണ് ഫെബ്രുവരി 22 സ്ട്രീറ്റില്‍ സ്ഥാപിക്കുന്നത്.
ദോഹയിലെ 60 ശതമാനത്തിലേറെ ഇന്റര്‍സെക്ഷനുകളില്‍ ഇത്തരത്തിലുള്ള റഡാറുകള്‍ സ്ഥാപിച്ചതായി നേരത്തേ ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ഖര്‍ജി അറിയിച്ചിരുന്നു. അല്‍വഅബിലെ റമദ സിഗ്‌നല്‍ ജങ്ഷന്‍, എയര്‍പോര്‍ട്ട് റോഡ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ റഡാറുകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അടുത്ത കാലത്ത് ട്രാഫിക് നിയമലംഘനങ്ങളില്‍ കുറവുണ്ടാകാന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം സഹായിച്ചതായാണ് സര്‍ക്കാര്‍ കരുതുന്നത്.
ഒരു വര്‍ഷത്തിനിടെ ട്രാഫിക് നിയമലംഘനങ്ങളില്‍ 12.6 ശതമാനത്തിന്റെ കുറവുണ്ടായതായാണ് ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂണിലുള്ള കണക്ക് പ്രകാരം 1,10,606 നിയമലംഘനങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ റഡാര്‍ നിയമ ലംഘനങ്ങള്‍ 2015 ജൂണിനെ അപേക്ഷിച്ച് 17.3 ശതമാനം കുറഞ്ഞ് 66,959 ആയി. റെഡ് ലൈറ്റ് കട്ട് ചെയ്ത സംഭവങ്ങള്‍ 23.4 ശതമാനം കുറഞ്ഞ് 1,480 ആയിട്ടുണ്ട്.
വലതു വശത്തു കൂടി ഓവര്‍ടേക്ക് ചെയ്യുന്നതിനുള്ള പിഴ ഈയിടെ ഇരട്ടിയാക്കിയിരുന്നു. 500 റിയാല്‍ ഉണ്ടായിരുന്നത് 1000 റിയാല്‍ ആയാണ് വര്‍ധിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക