|    Nov 23 Thu, 2017 4:20 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദോക്‌ലാം അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ; ചൈന സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന് ഔദ്യോഗിക മാധ്യമം

Published : 6th August 2017 | Posted By: fsq

 

ബെയ്ജിങ്: സിക്കിം അതിര്‍ത്തിയിലെ ദോക്‌ലാം മേഖലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യ—ത്തെ ഒഴിപ്പിക്കുന്നതിനായി ചൈന രണ്ടാഴ്ചയ്ക്കുള്ളില്‍ ചെറിയ രീതിയിലുള്ള സൈനിക നടപടി ആരംഭിക്കുമെന്നു ചൈനയിലെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസ്. ദോക്‌ലാമിലെ സംഘര്‍ഷാവസ്ഥ അധികകാലം നീണ്ടുനില്‍ക്കാന്‍ ചൈന അനുവദിക്കില്ലെന്നു ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തില്‍ പറയുന്നു. സൈനിക നടപടിക്കു മുമ്പ് ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിക്കുമെന്ന് ചൈനയിലെ പ്രതിരോധരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായും മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്. ഇന്ത്യ-ചൈന-ഭൂട്ടാന്‍ ത്രിരാഷ്ട്ര അതിര്‍ത്തിക്കുസമീപം ചൈനീസ് സൈന്യം റോഡ് നിര്‍മാണം ആരംഭിച്ചതായുള്ള റിപോര്‍ട്ടുകള്‍ ജൂണ്‍ 16ന് പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. ദോക്‌ലാം മേഖലയില്‍ നിന്ന് ഇരുപക്ഷവും സൈന്യത്തെ പിന്‍വലിച്ചാലേ പ്രശ്‌നപരിഹാരം സാധ്യമാവൂവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം തിബത്തില്‍ ചൈന സൈനികാഭ്യാസം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ സിസിടിവി പുറത്തുവിട്ടിരുന്നു. ഇതുസംബന്ധിച്ചും ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു. ചൈനയ്‌ക്കെതിരേ അപക്വമായ നയമാണ് ഇന്ത്യ തുടരുന്നതെന്നും ലേഖനം ആരോപിക്കുന്നു. സിക്കിം അതിര്‍ത്തിയിലെ ഇന്ത്യയുടെ സൈനിക സാന്നിധ്യം അനിശ്ചിതമായി തുടരുമ്പോഴും സമാധാനപൂര്‍വം പെരുമാറിയെന്നും എന്നാല്‍ ഇപ്പോള്‍ ക്ഷമയുടെ നെല്ലിപ്പടി കാണുന്ന അവസ്ഥയിലെത്തിയതായും ചൈനീസ് പ്രതിരോധമന്ത്രാലയം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിറകേയാണ് ഇന്ത്യക്കെതിരേ ചൈന സൈനിക നടപടിക്കൊരുങ്ങുമെന്നുള്ള റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക