|    Jul 21 Sat, 2018 1:14 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദോക്‌ലാം അടഞ്ഞ അധ്യായം

Published : 6th September 2017 | Posted By: fsq

 

സിയാമെന്‍: ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ദോക്‌ലാം സംഘര്‍ഷം അടഞ്ഞ അധ്യായമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരുകൂട്ടരും പരിശ്രമിക്കണമെന്നും ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തര്‍ക്കവിഷയമായ ദോക്‌ലാം സംബന്ധിച്ചു ധാരണയായത്. അഭിപ്രായവ്യത്യാസങ്ങള്‍ പരസ്പരബഹുമാനത്തോടെ പരിഹരിക്കുമെന്നും പിന്നോട്ടല്ല, മുന്നോട്ടാണ് നോക്കേണ്ടതെന്നും ചര്‍ച്ചയ്ക്കുശേഷം വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധം പഞ്ചശീലതത്ത്വങ്ങള്‍പ്രകാരം തന്നെ മുന്നോട്ടുകൊണ്ടുപോവുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം ഉണ്ടാവുമെന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ബ്രിക്‌സ് ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ച ചൈനയെ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ അഭിനന്ദിച്ചു. ഈ വര്‍ഷം ജൂണില്‍ ഇന്ത്യ-ഭൂട്ടാന്‍-ചൈന ത്രിരാഷ്ട്ര അതിര്‍ത്തിക്കു സമീപം ദോക്‌ലാമില്‍ ചൈന അനധികൃതമായി റോഡ്‌നിര്‍മാണം നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. 70 ദിവസം നീണ്ട സംഘര്‍ഷാവസ്ഥയ്ക്കുശേഷം കഴിഞ്ഞമാസം 28നാണ് ദോക്‌ലാമില്‍നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചത്.ബ്രിക്‌സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ്, ഇരുരാജ്യങ്ങളും സേനകളെ പിന്‍വലിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. രണ്ടുമാസത്തിലധികം നീണ്ടുനിന്ന ദോക്‌ലാമിലെ സംഘര്‍ഷത്തിനു ശേഷമുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്ച ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കിയത്.അതേസമയം, മൂന്നു ദിവസമായി നടന്ന ബ്രിക്‌സ് ഉച്ചകോടി അവസാനിച്ചു. വ്യാപാരം, വ്യവസായം, സുരക്ഷ എന്നീ മേഖലകളില്‍ നാലു കരാറുകളില്‍  ബ്രസില്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഒപ്പിട്ടു. സാമ്പത്തിക, വ്യാപാര സഹകരണത്തിനായുള്ള കര്‍മപദ്ധതി, പുതിയ സംരംഭങ്ങള്‍ക്കായുള്ള സഹകരണത്തിനുള്ള ത്രിവര്‍ഷ കരാര്‍, ഇറക്കുമതിരംഗത്തെ സഹകരണം, ബ്രിക്‌സ് ആവിഷ്‌കരിച്ച ന്യൂ ഡവലപ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ഉച്ചകോടിയില്‍ ധാരണയിലെത്തിയത്. അതേസമയം, പാകിസ്താന്‍ ആസ്ഥാനമായ ജയ്‌ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ സംഘടനകളെ ബ്രിക്‌സിന്റെ ഭീകരസംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്തി. തീരുമാനത്തെ സംഘടനയിലെ അഞ്ച് അംഗരാജ്യങ്ങളും ഒറ്റക്കെട്ടായി അനികൂലിച്ചു. താലിബാന്‍, ഐഎസ്, അല്‍ഖാഇദ സംഘടനകളും ഉപസംഘടനകളും പട്ടികയിലുണ്ട്. ഈസ്റ്റേണ്‍ തുര്‍ക്കിസ്താന്‍ ഇസ്‌ലാമിക് മൂവ്‌മെന്റ്, ഹഖാനി നെറ്റ്‌വര്‍ക് തുടങ്ങിയ സംഘടനകളും ബ്രിക്‌സ് പട്ടികയില്‍ ഉള്‍പ്പെടുന്നു. ജയ്‌ശെ മുഹമ്മദ് നേതാവ് മസൂദ് അസറിനെതിരേ യുഎന്‍ ഉപരോധം പുറപ്പെടുവിക്കാനുള്ള ശ്രമത്തിന് ബ്രിക്‌സ് തീരുമാനം സഹായകരമാവുമെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ചൈനയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതിയ സാംസ്‌കാരിക ഉല്‍സവത്തിലും ഷി ജിന്‍പെങ് ഒരുക്കിയ അത്താഴവിരുന്നിലും മോദി പങ്കെടുത്തു. ചൈനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മ്യാന്‍മറിലേക്ക് തിരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss