|    Jun 22 Fri, 2018 10:51 pm
FLASH NEWS
Home   >  Fortnightly   >  

ദൈവത്തിന്റെ ശബ്ദത്തിന് ലോകം കാതോര്‍ക്കുന്നു

Published : 12th October 2015 | Posted By: G.A.G

എ സഈദ്


 

ലോകം കാതോര്‍ത്തിരിക്കുകയാണ്. ദൈവത്തിന്റെ ശബ്ദം കേള്‍ക്കാന്‍. ആ ശബ്ദം മതത്തിലുണ്ട്. വേദഗ്രന്ഥങ്ങളിലും ഉണ്ട്. പക്ഷേ കേള്‍പ്പിക്കേണ്ടതു കേള്‍പ്പിക്കാന്‍ ആളില്ല. വേദഗ്രന്ഥത്തില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ശബ്ദം മാത്രം. അതു സംസാരിക്കുന്നത് വ്യക്തികളോട്. സമൂഹത്തെ വെറുതെവിടുന്നു.

സത്യത്തിന്റെയും അവകാശങ്ങളുടെയും നീതിയുടെയും മനുഷ്യത്വത്തിന്റെയും ശബ്ദം കുറേയേറെ വര്‍ഷങ്ങളായി കേള്‍ക്കാന്‍ കഴിയുന്നില്ല. ആരെല്ലാമോ പിന്നിലേക്കു മാറിനിന്നിരിക്കുന്നു. അതല്ലെങ്കില്‍ തിരോധാനം ചെയ്തിരിക്കുന്നു.ദൈവത്തിന്റെ വചനങ്ങളെ നിസ്സാര വില്‍പനച്ചരക്കാക്കുകയോ സത്യം അസത്യത്തോടു കൂട്ടിച്ചേര്‍ത്തു മറച്ചുവെക്കുകയോ ചെയ്യരുതെന്നു പറഞ്ഞതിന്റെ പ്രസക്തി ശക്തമായി അനുഭവപ്പെടുകയാണ് ഇപ്പോള്‍. ജീവിതം ആഡംബരത്തിനും ധൂര്‍ത്തിനുമുള്ളതാണെന്ന തോന്നല്‍ പൈശാചികമാണെന്നു വിശ്വസിക്കുന്നവര്‍ പോലും അറിഞ്ഞോ അറിയാതെയോ അത്തരം പ്രവണതകള്‍ക്ക് അടിപ്പെട്ടു പോവുകയാണ്. അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുന്നവരുടെ ജീവിതവീക്ഷണം മാറുന്നതു കാരണം ധാര്‍മികത പിന്തുണക്കാന്‍ ആളില്ലാതെ ഉപേക്ഷിക്കപ്പെടുകയാണ്. ജനത്തിനു ഭ്രാന്തമായ ആവേശം.

വികസനമെന്ന വാക്ക് മായാജാലം കാട്ടുമ്പോള്‍ അതിനു മുന്നില്‍ മനുഷ്യത്വത്തിനു വിലയില്ലാതായിപ്പോവുന്നു. തങ്ങളുടെ അവകാശങ്ങള്‍ പിടിച്ചെടുക്കുന്നത് ജനത്തിനു പ്രശ്‌നമല്ലാതായി മാറി. പൊതുമുതല്‍ ജനങ്ങളുടേതാണ്. ജനങ്ങളുടെ സമ്മതമില്ലാതെ സര്‍ക്കാര്‍ അതു സ്വകാര്യവ്യക്തികള്‍ക്കു കൈമാറുന്നു. ജനങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ അതു അറിഞ്ഞില്ലായെന്നു നടിക്കുകയോ അതല്ലെങ്കില്‍ അവരുടെ പ്രതിഷേധം വെറും ചടങ്ങായി ഒതുങ്ങുകയോ ചെയ്യുന്നു. രക്തച്ചൊരിച്ചിലിനു പ്രേരണയും പ്രോത്സാഹനവും നേതൃത്വവും നല്‍കിയവര്‍ വികസനമെന്ന വാക്കിന്റെ മറവില്‍ ജനനായകരായി മാറുന്നത് മധ്യവര്‍ഗ്ഗ മനസ്സാക്ഷി മരവിച്ചുപോയതിന്റെ അപകടകരമായ ചിത്രമല്ലേ വരച്ചുകാട്ടുന്നത്? പണം വാരിയെറിഞ്ഞ് രാഷ്ട്രീയക്കാരെ പണച്ചാക്കുകള്‍ വിലക്കുവാങ്ങി. ഭരണകൂടങ്ങള്‍ മുതലാളിത്തത്തിന്റെ സൃഷ്ടികളും ഉപകരണങ്ങളും മാത്രമായി മാറി.

ജനാധിപത്യത്തെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് തിരിമറി ചെയ്യാന്‍ കമ്പനിയുടമകളും രാഷ്ട്രീയക്കാരും അവരുടെ ദല്ലാളുമാരുമടങ്ങിയ സംഘത്തിനു കെല്‍പ്പുണ്ട്. അതിനുള്ള പഴുതുകള്‍ ജനാധിപത്യത്തിലുമുണ്ട്.ഇന്ത്യയില്‍ വര്‍ഗ്ഗീയഫാഷിസത്തിന്റെ കടന്നുവരവിനു രംഗമൊരുക്കിയത് മതേതരജനാധിപത്യ പാര്‍ടികള്‍ തന്നെയായിരുന്നുവെന്ന വസ്തുത മറന്നുകൂടാ. സൈനികസ്വഭാവത്തില്‍ പടിപടിയായി വളരാന്‍ മാറിമാറി വന്ന എല്ലാ സര്‍ക്കാരുകളും അവര്‍ക്കു സ്വാതന്ത്ര്യം നല്‍കി. മുസ്‌ലിംവിരോധം വളര്‍ച്ചക്കുള്ള വളമായി സ്വീകരിച്ച വര്‍ഗ്ഗീയവാദികള്‍ക്ക് വ്യാജസ്‌ഫോടനങ്ങള്‍ക്കും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കും കൂട്ടുനിന്ന് പോഷണം നല്‍കിയത് കോണ്‍ഗ്രസ് നയിച്ച ഭരണകൂടമായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിനു ശേഷമാണ് ഭീകരതയുടെ രാഷ്ട്രീയം ചര്‍ച്ചക്ക് എടുക്കാത്തത് തെറ്റായിപ്പോയി എന്ന് സി പി എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തിപരമായെങ്കിലും സമ്മതിച്ചത്.

സര്‍ക്കാര്‍ നിലപാടുകളിലെ സുതാര്യത ഇന്ത്യയിലെ ജനതക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പേ നഷ്ടപ്പെട്ടുപോയിരിക്കുന്നു. അതു തിരിച്ചുകിട്ടണമെന്ന് ആഗ്രഹിക്കുകപോലും ചെയ്യാത്ത വിധം കൂട്ടമാസ്മരികതയ്ക്ക് വിധേയമായിരിക്കുകയാണ് ജനത. പ്രത്യയശാസ്ത്ര ചിന്തകളെ നിര്‍വീര്യമാക്കുന്നതിനും ജനങ്ങളുടെ രാഷ്ട്രീയ അജണ്ട മാറ്റുന്നതിനും വികസനമെന്ന പദമാണ് ഉപയോഗിച്ചത് എങ്കില്‍ ഭരണത്തില്‍ സ്വേച്ഛാധിപത്യശൈലി കൊണ്ടുവരാന്‍ ഭീകരവേട്ടയെന്ന മിഥ്യ കോണ്‍ഗ്രസ് ഭരണകൂടം ഉപയോഗപ്പെടുത്തി. അതേവഴി പിന്തുടരുക മാത്രമേ ബി ജെ പിക്ക് ഇപ്പോള്‍ ആവശ്യമായിവരുന്നുള്ളൂ. ഈ തന്ത്രങ്ങല്‍ക്കെല്ലാം ആഗോള അടിത്തറയുണ്ടെന്നതാണ് പ്രത്യേകത. ലോകത്തെവിടെയും നടപ്പുള്ള അതേ പ്രവര്‍ത്തനസമവാക്യം ഏറ്റവുംവലിയ മതേതരജനാധ്യപത്യ രാജ്യമായ ഇന്ത്യയിലും നടപ്പിലായി; ഒരെതിര്‍പ്പും നേരിടാതെ.പരിഷ്‌കൃത രാജ്യങ്ങളിലാണെങ്കില്‍ ഭരണകൂടത്തിന്റെ തകര്‍ച്ചക്കു തന്നെ മതിയായ കാരണമായ വ്യാപം അഴിമതിഭീകരത ഇന്ത്യയില്‍ വെറുമൊരു കോടതി നടപടിയാണ്.

അഴിമതിയുടെ ഇരകളും സാക്ഷികളും സാക്ഷികളാവാന്‍ സാധ്യതയുള്ളവരുമായ അന്‍പതിലധികം ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് വാക്കുകൊണ്ടെങ്കിലും ഒരു പ്രതികരണം നല്‍കേണ്ട ആവശ്യമുണ്ടായില്ല. പ്രതിപക്ഷത്തിന് അതൊരു രാഷ്ട്രീയ അജണ്ടയുമായില്ല. യോഗയിലൂടെ ആര്‍ജ്ജിച്ച സംയമനമാണോ ഈ ശാന്തതയുടെ പിറകില്‍? അതോ ജനങ്ങളോട് പ്രതിബദ്ധതയില്ലാതായി മാറിയ രാഷ്ട്രീയമോ? മനുഷ്യാവകാശവും പൗരാവകാശവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നത് രാജ്യത്ത് ശീലമായിക്കഴിഞ്ഞു. സര്‍ക്കാരിന്റെ മുസ്‌ലിംവേട്ടക്ക് ഇരകളായവര്‍ക്കു നിയമസഹായം നല്‍കിയതിന്റെ പേരില്‍ ഒന്നിലധികം പേര്‍ കൊല്ലപ്പെട്ടു.

ആത്മീയചൂഷണത്തിനും ഫാഷിസത്തിനുമെതിരെ സംസാരിക്കുകയോ എഴുതുകയോ ചെയ്തതു കാരണം മഹാരാഷ്ട്രയില്‍ നരേന്ദ്ര ദഭോല്‍ക്കറും അവിടെത്തെത്തന്നെ സി പി ഐ നേതാവ് ഗോവിന്ദ് പന്‍സാരെയും കര്‍ണാടകയില്‍ ഡോ എം എം കല്‍ബുര്‍ഗിയും വധിക്കപ്പെട്ടു. എന്താണ് സംസാരിക്കേണ്ടത്, എന്താണ് എഴുതേണ്ടത്, ജനങ്ങളെ എന്താണ് ബോധ്യപ്പെടുത്തേണ്ടത് എന്നെല്ലാം ഇന്ത്യയില്‍ ചില ശക്തികള്‍ തീരുമാനിച്ചിരിക്കുന്നു. ചിന്തകരും ബുദ്ധിജീവികളും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അതു മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു. അതിനെതിരെ നില്‍ക്കുന്നവര്‍ക്കാണ് മോശമായ അനുഭവം ഉണ്ടാവുന്നത്.

തനിക്കു പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്തവര്‍ക്ക് ദഭോല്‍ക്കര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ”എന്റെ രാജ്യത്ത് എന്റെ നാട്ടുകാരില്‍നിന്ന് എനിക്കു പോലീസ് സംരക്ഷണം വേണമെങ്കില്‍ എന്നില്‍ എന്തോ കുഴപ്പമുണ്ടാവണം. രാജ്യത്തിന്റെ ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടാണ് ഞാന്‍ സമരം നടത്തുന്നത്. അത് ഒരാള്‍ക്കും എതിരല്ലായെന്നു മാത്രമല്ല എല്ലാവര്‍ക്കും വേണ്ടി കൂടിയാണ്.”കാര്യങ്ങള്‍ ഈ രീതിയില്‍ വഷളാവുന്ന സാഹചര്യത്തിലും രാജ്യത്തെ ഇടതുപക്ഷത്തിനോ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങല്‍ക്കോ തങ്ങളുടെ കര്‍ത്തവ്യം തിരിച്ചറിയാന്‍ കഴിയുന്നില്ല. ഓരോന്നിനും ഓരോ ഇടമുണ്ട്. അതില്‍നിന്നു വ്യതിചലിക്കുമ്പോള്‍ ജനം അവരെ നിരാകരിക്കും. പ്രതിപക്ഷത്തിന് ഒരു ധര്‍മവും ഇടവുമുണ്ട്. അത് അവര്‍ സൂക്ഷിക്കണം. ഇടതുപക്ഷത്തിന് ഒരിടമുണ്ട്. അതു സൂക്ഷിക്കേണ്ടത് അവര്‍ തന്നെയാണ്.

ജനപ്രതിനിധികള്‍ക്ക് ഒരു കര്‍ത്തവ്യമുണ്ട്. അതു നിര്‍വഹിക്കേണ്ടത് അവര്‍ തന്നെയാണ്. നമ്മുടെ രാജ്യത്ത് എല്ലാം സ്ഥാനം തെറ്റിയിരിക്കുന്നു. ഈയവസരത്തില്‍ മാറ്റത്തിന്റെ മറ്റൊരു ശബ്ദത്തിനു ജനം കാതോര്‍ക്കുന്നു. മനുഷ്യര്‍ പരാജയപ്പെടുന്നിടത്ത് ദൈവം ഓര്‍മ്മിക്കപ്പെടും. അതു മനുഷ്യന്റെ സ്വഭാവമാണ്. ദൈവത്തിന്റെ ശബ്ദം മനുഷ്യന്റെ നാവിന്‍തുമ്പിലോ കൈകളിലോ തന്നെയാണിരിക്കുന്നത്. അവന്‍ അതിനെ സ്വതന്ത്രമാക്കണം. അതും ദൈവം അവനെയേല്‍പ്പിച്ച കടമകളിലുള്‍പ്പെടുന്നു. അന്തിമവും സമഗ്രവുമായ വേദഗ്രന്ഥം മുസ്‌ലിംകളുടെ കൈകളിലുണ്ട്. അതുകൊണ്ടു മാത്രമല്ല, ലോകത്തെവിടെയും ഉരുണ്ടുകൂടുന്ന രാഷ്ട്രീയം മനുഷ്യസംസ്‌കാരത്തെ പൊതുവെയും ഇസ്‌ലാമിനെ പ്രത്യേകമായും ലക്ഷ്യംവെക്കുമ്പോള്‍ മുസ്‌ലിംകള്‍ക്കു പറയാനുള്ളത് എന്ത് എന്നതിനു പ്രസക്തിയുണ്ട്. ജനങ്ങള്‍ക്കിടയില്‍ മുസ്ലിങ്ങളോട് വെറുപ്പു വളര്‍ത്തുകയും അതുപയോഗിക്കുകയും ചെയ്തുകൊണ്ട് വന്‍ശക്തികള്‍ ലോകത്തെയൊന്നടങ്കം ഒപ്പം നിര്‍ത്തുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ചെറുത്തുനില്‍പ്പ് ആവശ്യമായ ഇന്നത്തെ സാമൂഹികരാഷ്ട്രീയ ചുറ്റുപാടിനകത്ത് മുസ്‌ലിംകള്‍ക്കിടയില്‍ സൗകര്യപൂര്‍വ്വം വെച്ചുകൊടുക്കാവുന്ന ഇസ്‌ലാമിക സംജ്ഞയാണ് ജിഹാദ്. ഈ പദത്തിലൂടെ മുസ്‌ലിംകള്‍ക്കു ഭീകരമുഖം നല്‍കാനുള്ള പാശ്ചാത്യശ്രമത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജിഹാദെന്ന പേരില്‍ പലയിടത്തും നടക്കുന്ന പേക്കൂത്തുകളില്‍ പാശ്ചാത്യശക്തികളുടെ സാന്നിധ്യം ന്യായമായും നിഴലിക്കുന്നു. ജിഹാദിന്റെ മേല്‍വിലാസത്തില്‍ ഇന്ത്യയില്‍ നടന്ന മിക്കവാറും എല്ലാ സംഭവങ്ങളും ഒന്നുകില്‍ ശത്രുക്കള്‍ സൃഷ്ടിച്ചതാണെന്നു തെളിഞ്ഞതോ അതല്ലെങ്കില്‍ ദുരൂഹത ബാക്കിനില്‍ക്കുന്നവയോ ആണ്. സര്‍ക്കാറിന്റെ കൈകള്‍തന്നെ പലതിനും പിറകിലുണ്ടായിരുന്നുവെന്നും വെളിപ്പെട്ടുകഴിഞ്ഞു.

കേരളത്തില്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍ നടന്ന സ്‌ഫോടനങ്ങളും എറണാകുളം കലക്ട്രേറ്റില്‍ പഴയ റിക്കോര്‍ഡുകള്‍ സൂക്ഷിച്ച മുറിയില്‍ കണ്ട സ്‌ഫോടകവസ്തുവും ഇസ്‌ലാമിക ജിഹാദെന്ന ഭീകരതയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു. ലോകകാര്യങ്ങളോടൊപ്പം ചര്‍ച്ചചെയ്യാന്‍ ഈ സംഭവങ്ങള്‍ക്കു പ്രാധാന്യമുണ്ടോയെന്നു ചിന്തിക്കാം. മനസ്സിലാക്കേണ്ട കാര്യം മറ്റൊന്നാണ്. ലോകത്തെവിടെ നടക്കുന്ന സംഭവത്തിനും അടിസ്ഥാനപരമായ ഈ സമനാതകള്‍ ഉണ്ട്. മുസ്‌ലിംകള്‍ അകപ്പെട്ടുപോയ വിഷമക്കുരുക്കിന് ഈ ചവറ്റുകൂന ജിഹാദ് എങ്ങനെയാണാവോ പരിഹാരമാവുന്നത്? ഇറാഖിലോ അഫ്ഗാനിസ്താനിലോ പാകിസ്താനിലോ ഷിയാ പള്ളികളില്‍ ബോംബുവെച്ചു കുറേയാളുകളെ കൊലപ്പെടുത്തിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മുസ്‌ലിംകള്‍ക്കില്ല. സുന്നി പള്ളികളില്‍ സ്‌ഫോടനം നടത്തി അന്‍പതോ അറുപതോ പേരെ കൊലചെയ്തും മുസ്‌ലിം പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. താജ് ഹോട്ടലില്‍ ചായകുടിക്കാന്‍ വന്നവരെ വെടിവെച്ചുകൊന്നിട്ട് മുസ്‌ലിംകള്‍ക്ക് ഒരു നേട്ടവുമില്ല.

ആരുടെതാണിത്തരം വേലകള്‍? അവരുടെ ലക്ഷ്യം എന്താണ്? ഇത് അവസാനിക്കാന്‍ ആര് ആരോടു സംസാരിക്കണം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തത് അരാജകത്വം ആഗ്രഹിക്കുന്ന ആരോ പദ്ധതിയിട്ടു നടത്തുന്നവയാണ് ഈ വിക്രിയകളൊക്കെയുമെന്നതിനാലാണ്.ജിഹാദുമായി ബന്ധമുള്ള കൃത്രിമപദ്ധതികളില്‍ ഇസ്‌ലാമിക ലക്ഷണമൊപ്പിക്കാനുള്ള ശ്രമങ്ങള്‍ കാണാറുണ്ട്. സ്‌ഫോടനങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ മുസ്‌ലിം അടയാളമുള്ള കടലാസ്സുകള്‍ ഉപേക്ഷിക്കുകയോ മുസ്‌ലിം വസ്ത്രം ധരിച്ചവരെ ആ പരിസരത്തു പ്രത്യക്ഷപ്പെടുത്തുകയോ ചെയ്യുന്നതില്‍നിന്നു തുടങ്ങി മുസ്‌ലിം സ്വഭാവമുള്ള സ്വന്തം സംഘങ്ങള്‍ ഉണ്ടാക്കി ആക്രമണം നടത്തുന്നതുവരെ എത്തുന്നുണ്ട് ഈ പദ്ധതികള്‍. ഇസ്ലാമിക സ്‌റ്റേറ്റ് എന്ന പേരില്‍ സിറിയയിലും ഇറാഖിലും നടക്കുന്ന ആക്രമണങ്ങളിലും ഈ പ്രവണത കാണാം. അവസാന നാളുകളിലെ പോരാട്ടങ്ങളുടെ കേന്ദ്രങ്ങളായി ശാമിനെയും ദമാസ്‌കസിനെയും പ്രവാചകന്‍ തന്റെ പ്രസ്താവനകളില്‍ എടുത്തുകാട്ടിയത് ഇസ്‌ലാമിക സ്‌റ്റേറ്റിന്റെ പ്രചാരകര്‍ തങ്ങളുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്നു.

വാക്കുകളിലും അടയാളങ്ങളിലും കടിച്ചുതൂങ്ങി സത്യസന്ധത ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇവര്‍ റോമിനോട് യുദ്ധ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാന്‍ ശ്രമം നടത്തുന്നത് ആരെല്ലാമെന്ന കാര്യത്തില്‍ അശേഷം സംശയമില്ല എന്നിരിക്കെ പ്രവാചകന്റെ സംഭാഷണത്തിലെ ‘റോം’ എന്ന വാക്കില്‍ പിടികൂടിയത് വേഷംകെട്ടല്ലാതെ മറ്റെന്താണ്? മുസ്‌ലിംകളെ ആക്രമിക്കുകയും അവരെ കൂട്ടക്കൊലകള്‍ക്ക് ഇരകളാക്കുകയും സ്വന്തം വീട്ടില്‍നിന്നും നാട്ടില്‍നിന്നും ആട്ടിയോടിച്ച് അഭയാര്‍ത്ഥികളാക്കുകയും ചെയ്യുകയാണോ ഇസ്‌ലാമിക സ്‌റ്റേറ്റിന്റെ ദൗത്യം? ശാമും ദമാസ്‌കസും കേന്ദ്രീകരിച്ചു യുദ്ധംചെയ്യുന്ന മുസ്‌ലിം സൈന്യത്തെ പരിചയപ്പെടുത്തിയപ്പോള്‍ ഒരുകാരണവശാലും അവര്‍ മുസ്‌ലിംകളെ ആക്രമിക്കുമെന്നോ മുസ്‌ലിംകളെ കൂട്ടക്കൊലചെയ്തു വംശശുദ്ധീകരണം നടത്തുമെന്നോ പ്രവാചകന്‍ (സ) പറഞ്ഞിട്ടില്ല.

അത്തരമൊരു നീക്കം ഇസ്‌ലാമിന്റെ പൊതുനിലപാടിനു നിരക്കുന്നതുമല്ല.ലോകത്തെ ഒന്നടങ്കം വന്‍ശക്തികള്‍ ലക്ഷ്യമിട്ടിരിക്കുന്നു. ഭൂമിയും സമ്പത്തും അധികാരവും മാത്രമല്ല, ഭക്ഷണവും വെള്ളവും സംസ്‌കാരവുംപോലും കൈപിടിയിലൊതുക്കുകയാണ് അവരുടെ ഉദ്ദേശ്യം. തങ്ങളുടെ മുന്നിലെ ഏറ്റവുമടുത്ത തടസ്സമായി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവര്‍ കാണുന്നു. ലോകത്തെ മുഴുവന്‍ അവര്‍ അടിമപ്പെടുത്തും. അതിന്റെ ലക്ഷണങ്ങള്‍ എവിടെയും ദൃശ്യമാണ്. ലോക സാമ്പത്തിക ഫോറം ലോകവ്യാപകമായി നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത എണ്‍പത്തിയാറു ശതമാനം പേരും തങ്ങള്‍ക്കു നേതൃത്വമില്ലായ്മ അനുഭവപ്പെടുന്നുവെന്ന് പ്രതികരിച്ചതായി കാണാന്‍ കഴിയുന്നു. വ്യവസ്ഥാപിത രാജ്യങ്ങളും ഭരണകൂടങ്ങളും നിലനില്‍ക്കുന്ന രാജ്യങ്ങള്‍ ഈ പഠനത്തിന്റെ പരിധിയില്‍പ്പെടും. ഭരണസംവിധാനങ്ങള്‍ ഉണ്ടായിട്ടും ജനമനസ്സുകളില്‍ അരാജകത്വം അനുഭവിക്കുന്നത് എന്തുകൊണ്ട്? സുരക്ഷിതത്വബോധം നല്‍കാന്‍ അവ പര്യാപ്തമല്ലാതായിരിക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്? മനുഷ്യനു ഭീഷണിയായി അവരില്‍ നിന്നുതന്നെയുള്ള ചില ശക്തികള്‍ ഉയര്‍ന്നുവരുന്നത് ലോകമെമ്പാടുമുള്ള ജനം അറിയുന്നുണ്ട്.

ഈയൊരു പ്രതിസന്ധിയില്‍ ദൈവത്തിന്റെ ശബ്ദത്തിനു ലോകം കാതോര്‍ക്കുന്നു. അതു കേള്‍പ്പിക്കേണ്ടത് മുസ്‌ലിംകളാണ്. പരസ്പരം കടിച്ചുകീറാനും സാധാരണക്കാരന്റെ മനസ്സില്‍ ഭീതിയുണ്ടാക്കാനും ശത്രു ഒരുക്കികൊടുക്കുന്ന സമരഭൂമിയില്‍ ദൈവത്തിന്റെ ശബ്ദമില്ല. തന്റെ വഴിയില്‍ ന്യായമായ സമരം നടത്താന്‍ അല്ലാഹു മുസ്‌ലിംകളോട് ആജ്ഞാപിച്ചിരിക്കുന്നു. അതിനുവേണ്ടി നീക്കിവെക്കപ്പെട്ടവര്‍ കൂടിയാണ് അവര്‍. സംസ്‌കാരങ്ങളുടെ പിതാവ് ഇബ്‌റാഹീം നബി നയിച്ച അതേ സമരം. ഏതുകാലത്തും അല്ലാഹു അവരെ വിളിച്ച സമര്‍പ്പിതരെന്ന നാമം അന്വര്‍ത്ഥമാക്കുന്ന സമരമാണ് അത്. ജനങ്ങളുടെമേല്‍ കെട്ടിയേല്‍പ്പിച്ച ഭാരം ഇറക്കുകയും ബന്ധനങ്ങള്‍ അഴിക്കുകയും ചെയ്ത പ്രവാചകനാണ് അവരുടെ മാതൃക. വേഷങ്ങളും അടയാളങ്ങളുമല്ല, ജനങ്ങളും അവരുടെ പ്രശ്‌നങ്ങളുമാണ് ആ സമരത്തിനു സാക്ഷി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss