|    Aug 21 Mon, 2017 9:29 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ദേശീയ സ്‌കൂള്‍ കായികമേളയിലെ മെഡല്‍ജേതാക്കളോട് അവഗണന ; വാഗ്ദാനം ചെയ്ത തുക നല്‍കുന്നതില്‍ ഗുരുതര വീഴ്ച

Published : 2nd August 2017 | Posted By: fsq

 

ടോമി മാത്യു

കൊച്ചി: ദേശീയ സ്‌കൂള്‍ കായികമേളയിലെ മെഡല്‍ജേതാക്കള്‍ക്ക് വാഗ്ദാനം ചെയ്ത തുക നല്‍കുന്നതില്‍ സര്‍ക്കാരുകള്‍ വീഴ്ചവരുത്തി. 2013 മുതല്‍ ജേതാക്കള്‍ക്ക് തുക നല്‍കിയിട്ടില്ലെന്ന് വിവരാവകാശരേഖ പറയുന്നു. ദേശീയ സ്‌കൂള്‍ കായികമേളയിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25,000 രൂപയും വെള്ളിമെഡല്‍ ജേതാക്കള്‍ക്ക് 20,000 രൂപയും വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് 15,000 രൂപയുമാണ് നല്‍കുന്നതെന്നാണ് 2016 മാര്‍ച്ച് 8ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍നിന്നു ലഭിച്ച വിവരാവകാശരേഖപ്രകാരം വ്യക്തമാവുന്നത്. 2012-13 വര്‍ഷത്തില്‍ 297 പേ ര്‍ക്കും 2013-2014 വര്‍ഷത്തില്‍ 284 പേര്‍ക്കും 2014-15 വര്‍ഷത്തില്‍ 302 പേര്‍ക്കും തുക നല്‍കാനുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം സമ്മതിക്കുന്നു. 1,70,30,000 രൂപയാണ് മെഡല്‍ജേതാക്കള്‍ക്ക് 2012-13 മുതല്‍ 2014-2015 വരെ നല്‍കാനുള്ളതെന്നു വിവരാവകാശരേഖ പ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. മെഡല്‍ജേതാക്കളെ കൂടാതെ പരിശീലകര്‍ക്ക് നല്‍കുന്ന തുകയും കുടിശ്ശികയുണ്ട്. ഓരോ വര്‍ഷവും 30 പേര്‍ക്ക് വീതം 2015 വരെ മൂന്നുവര്‍ഷത്തേക്ക് 90 പേര്‍ക്ക് പരിശീലന ഇനത്തില്‍ തുക നല്‍കാനുണ്ട്. 4,50,000 രൂപയാണ് ഇവര്‍ക്ക് നല്‍കാനുള്ളത്. മെഡല്‍ജേതാക്കള്‍ക്കും പരിശീലകര്‍ക്കുമായി 1,75,00,000 രൂപ ആവശ്യമുണ്ടെന്നും ഈ തുക ലഭ്യമാക്കുന്നതിനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് 2016 മാര്‍ച്ച് 8ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നു ലഭിച്ച മറുപടിയില്‍ പറയുന്നത്. അതേസമയം, 2017 ജൂണ്‍ 29ന് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ്് ജോയിന്റ് ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് നല്‍കിയ മറുപടിയില്‍ പറയുന്നത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാകുന്ന തുകയേ നല്‍കാന്‍ കഴിയുകയുള്ളൂവെന്നാണ്. 2011-12 വര്‍ഷത്തില്‍ കുടിശ്ശിക നല്‍കാനില്ലെന്നും എന്നാല്‍, 2012-13 മുതല്‍ 2016-17 വരെ കുടിശ്ശികയുണ്ടെന്നും വ്യക്തമാക്കുന്നു. 2012-13ല്‍ 279 പേര്‍ക്കും 2013-14ല്‍ 258 പേര്‍ക്കും 2014- 15ല്‍ 291 പേര്‍ക്കും 2015-16ല്‍ 296 പേര്‍ക്കും കുടിശ്ശിക നല്‍കാനുണ്ടെന്നും 2016-17ലെ പട്ടിക തയ്യാറാക്കുന്നതേയുള്ളൂവെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. 2016 മാര്‍ച്ചില്‍ നല്‍കിയ വിവരാവകാശ മറുപടിയില്‍ 2012-13 വര്‍ഷത്തില്‍ 297 പേര്‍ക്ക് തുക നല്‍കാനുണ്ടായിരുന്നു. എന്നാല്‍, ഈ വര്‍ഷം ലഭിച്ച മറുപടിയില്‍ അത് 279 പേരായി കുറഞ്ഞിട്ടുണ്ട്. 2013-14 വര്‍ഷത്തില്‍ 284 പേര്‍ക്ക് തുക നല്‍കാനുണ്ടായിരുന്നത് ഇപ്പോള്‍ നല്‍കിയ മറുപടിയില്‍ 258 പേരായും 2014-15 വര്‍ഷത്തില്‍ 302 പേര്‍ക്ക് നല്‍കാനുണ്ടായിരുന്നത് ഇപ്പോള്‍ 291 പേരായും കുറഞ്ഞിട്ടുണ്ട്. തുക വിതരണം ചെയ്തതുകൊണ്ടാണോ അതോ കണക്കിലെ പിഴവാണോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. 2012-13 മുതല്‍ 2016-17 വരെയുള്ള മെഡല്‍ജേതാക്കള്‍ക്ക് എത്ര തുക നല്‍കണമെന്ന് പുതിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കില്‍ മാത്രമേ സാധിക്കൂവെന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. 2012-13 മുതല്‍ 2016-17 വരെ 118 പരിശീലകര്‍ക്കും തുക നല്‍കാനുണ്ടെന്നും പുതിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ തുക നല്‍കാന്‍ കഴിയൂവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ട്രാക്കില്‍ വിയര്‍പ്പൊഴുക്കി രാജ്യത്തിന്റെ യശ്ശസുയര്‍ത്തിയ താരങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ കനിയുന്നതും കാത്തിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക