|    Apr 23 Mon, 2018 7:32 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ദേശീയ സമുദ്ര മല്‍സ്യബന്ധന നയം; വിദേശ കപ്പലുകളുടെ മല്‍സ്യബന്ധനം നിരോധിക്കണമെന്ന് നിര്‍ദേശം

Published : 4th June 2016 | Posted By: SMR

കൊച്ചി: ഇന്ത്യയുടെ ആഴക്കടല്‍ മേഖലയില്‍ വിദേശ മല്‍സ്യബന്ധന കപ്പലുകളുടെ പ്രവര്‍ത്തനം നിരോധിക്കാനും ഈ രംഗത്ത് മുരാരി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാനും നിര്‍ദേശിച്ചുകൊണ്ട് ദേശീയ സമുദ്ര മല്‍സ്യബന്ധന നയം- 2016ന്റെ രണ്ടാം കരട് നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ജൂണ്‍ ഒന്നിന് ഡല്‍ഹിയില്‍ ചേര്‍ന്ന നയരൂപീകരണ യോഗത്തിലാണ് ഇതു സംബന്ധമായ പ്രഖ്യാപനം ഉണ്ടായത്. കേന്ദ്ര കാര്‍ഷിക ഗവേഷണ വിഭാഗം ഡയറക്ടര്‍ ജനറലായിരുന്ന ഡോ. എസ് അയ്യപ്പന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാണ് ഈ നിര്‍ദേശമടങ്ങിയ റിപോര്‍ട്ട് സമര്‍പ്പിച്ചത്.
14 വര്‍ഷമായി ആഴക്കടല്‍ മേഖലയിലെ നയങ്ങളും നടപടികളും ഗുണകരമായില്ല എന്ന് കമ്മിറ്റി വിലയിരുത്തി. അതുകൊണ്ട് വിദേശ കപ്പലുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന ലെറ്റര്‍ ഓഫ് പെര്‍മിറ്റ് (എല്‍ഒപി) റദ്ദ് ചെയ്യണമെന്നും ഡോ. പി മുരാരി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഈ രംഗത്തു നടപ്പാക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ആഴക്കടല്‍ മേഖലയില്‍ തദ്ദേശീയ മല്‍സ്യബന്ധന സമൂഹത്തിന് പ്രോല്‍സാഹനവും ആവശ്യമായ പരിശീലനവും നല്‍കണം.
ഈ രംഗത്ത് സഹകരണ മേഖലയെ ശക്തിപ്പെടുത്തണമെന്നും പങ്കാളിത്ത വിഭവ പരിപാലനം നടപ്പാക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. തീരക്കടലില്‍ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ മല്‍സ്യബന്ധനാവകാശം പരിരക്ഷിക്കണം. 12 നോട്ടിക്കല്‍ മൈലിനപ്പുറമുള്ള മല്‍സ്യബന്ധനം, വിനാശകരമായ മല്‍സ്യബന്ധന സംവിധാനങ്ങള്‍ നിയന്ത്രിക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഫിഷ്മീല്‍ പ്ലാന്റുകള്‍ നിരുല്‍സാഹപ്പെടുത്തണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് മേഖലയെ സംരക്ഷിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.
200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള ഭാഗത്ത് തൊഴിലാളികളുടെ മല്‍സ്യബന്ധനാവകാശം സംരക്ഷിക്കണം. മേഖലയെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന സുപ്രധാന നിര്‍ദേശവും കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. ഇതടക്കം 13 മേഖലകളിലായി നടപ്പാക്കേണ്ട നയപരിപാടികളാണ് കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ വന്നിട്ടുള്ളത്.
കഴിഞ്ഞ ജനുവരി 19നു പ്രസിദ്ധീകരിച്ച ആദ്യകരടില്‍ നിന്നു വ്യത്യസ്തമാണ് ഇപ്പോല്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖ. വിവിധ മല്‍സ്യത്തൊഴിലാളി സംഘടനകളുടെയും തീരസംസ്ഥാനങ്ങളുടെയും ശക്തമായ പ്രതിഷേധവും നിലപാടുകളുമാണ് രണ്ടാമത്തെ രേഖയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ കാരണം. മീനാകുമാരി റിപോര്‍ട്ടിന്റെ തുടര്‍ച്ചയായി വന്ന അയ്യപ്പന്‍ കമ്മിറ്റിയുടെ പ്രാഥമിക ശുപാര്‍ശകള്‍ക്കെതിരേ കേരളത്തില്‍ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു. മല്‍സ്യത്തൊഴിലാളി സംഘടനകള്‍ കൊച്ചിയിലെ കേന്ദ്ര മല്‍സ്യഗവേഷണ സ്ഥാപനത്തിനു മുന്നില്‍ ഉപരോധം നടത്തി. കമ്മിറ്റിയുടെ മേഖലാതല സിറ്റിങുകളും പ്രതിഷേധത്തിന്റെ വേദിയായി മാറിയിരുന്നു.
25 വര്‍ഷത്തെ മല്‍സ്യമേഖലയിലെ പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും പരിണിതഫലമാണ് ഈ റിപോര്‍ട്ടിലെ പല ശുപാര്‍ശകളുമെന്ന് കേരള മല്‍സ്യത്തൊഴിലളി ഐക്യവേദി (ടിയുസിഐ) സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. അതേസമയം മല്‍സ്യത്തൊഴിലാളികള്‍ മുന്നോട്ടുവച്ച പല സുപ്രധാന നിര്‍ദേശങ്ങളും കമ്മിറ്റി അംഗീകരിച്ചിട്ടില്ല. കേന്ദ്രത്തില്‍ മല്‍സ്യമന്ത്രാലയം രൂപീകരിക്കണം, കമ്മിറ്റിയില്‍ മല്‍സ്യത്തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തണം, മല്‍സ്യത്തൊഴിലാളികളെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല.
തീരദേശത്തെ അടിസ്ഥാന വികസനം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) വേണമെന്ന നിര്‍ദേശം മേഖലയെ കുത്തകകള്‍ക്കു കീഴ്‌പ്പെടുത്തുന്ന വിനാശകരമായ നടപടികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇടത്തട്ടുകാരുടെ ചൂഷണത്തി ല്‍ നിന്ന് മേഖലയെ സംരക്ഷിക്കുന്നതിനെ സംബന്ധിച്ചും രേഖ മൗനം പാലിക്കുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മല്‍സ്യത്തൊഴിലാളി അനുകൂല തീരുമാനങ്ങള്‍ തന്നെ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്നും ഇതിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ മല്‍സ്യത്തൊഴിലാളികളും സംസ്ഥാന സര്‍ക്കാരും തയ്യാറാവണമെന്നും ചാള്‍സ് ജോര്‍ജ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss