|    Nov 21 Wed, 2018 9:20 pm
FLASH NEWS

ദേശീയ ലോക് അദാലത്ത് നാളെ

Published : 11th December 2015 | Posted By: SMR

കല്‍പ്പറ്റ: ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ തീരുമാനപ്രകാരം ദേശവ്യാപകമായി നാളെ ദേശീയ ലോക് അദാലത്ത് നടത്തുമെന്നു ജില്ലാ സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോടതികളില്‍ നിലവിലുള്ള കേസുകള്‍ക്കു പുറമെ സര്‍ക്കാരിന്റെയും മുനിസിപ്പല്‍ അതോറിറ്റി, റവന്യൂ അതോറിറ്റി, നിയമപരമായ മറ്റ് അധികാര സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, ട്രൈബ്യൂണലുകള്‍ മുതലായവയുടെയും വിവിധ ഉദ്യോഗസ്ഥര്‍ മുമ്പാകെ തീര്‍പ്പാവാതെയുള്ള ഫയലുകളും തര്‍ക്കങ്ങളും അദാലത്തില്‍ ഉള്‍പ്പെടുത്തും. റവന്യൂ മേഖലയിലുള്ള തര്‍ക്കങ്ങളായ പോക്കുവരവ്, ഭൂനികുതി, കെട്ടിടനികുതി, വസ്തുനികുതി, വാണിജ്യനികുതി സംബന്ധിയായ വിഷയങ്ങള്‍, ബാങ്കിങ് ഇന്‍ഷുറന്‍സ് മേഖലയിലെ വിഷയങ്ങള്‍, വൈദ്യുതി, ജലം, സര്‍വീസ് കാര്യങ്ങള്‍, ട്രാഫിക്, എക്‌സൈസ്, ടെലിഫോണ്‍, പെറ്റി-ക്രിമിനല്‍ കേസുകള്‍, മൈനിങ് തര്‍ക്കങ്ങള്‍ തുടങ്ങിയ മേഖലകളിലെ തര്‍ക്കങ്ങള്‍ എന്നിവയും പരിഗണിക്കും. സര്‍വേയും അതിര്‍ത്തിയും സംബന്ധിച്ച തര്‍ക്കങ്ങള്‍, ക്രിമിനല്‍ നടപടിക്രമ സംഹിതയിലെ 133, 144 വകുപ്പുകള്‍ പ്രകാരമുള്ള നടപടികള്‍, ലാന്റ് അക്വിസിഷന്‍ ആക്റ്റിന്റെ 28 എ പ്രകാരമുള്ള അപേക്ഷകള്‍, ആര്‍ബിട്രേഷന്‍ നടപടികള്‍, കോ-ഓപറേറ്റീവ് ബാങ്കുകള്‍, സൊസൈറ്റികള്‍ എന്നിവ മുമ്പാകെയുള്ള റിക്കവറി നടപടികള്‍, വ്യവസായിക തര്‍ക്കങ്ങള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, കുടിയേറ്റ തൊഴിലാളികളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍, റേഷന്‍കാര്‍ഡ്, മണ്ണെണ്ണ പെര്‍മിറ്റ്, എല്‍പിജി വിതരണം, ഉപഭോക്തൃ തര്‍ക്കങ്ങള്‍, പൊതു വില്‍പന നികുതി, വാണിജ്യ വില്‍പന നികുതി, മൂല്യവര്‍ധിത നികുതി തുടങ്ങിയ എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും. വ്യവഹാര സാധ്യതയുള്ള വിഷയങ്ങളും പരിഹാരത്തിനായി കൈകാര്യം ചെയ്യും. ആവശ്യമെങ്കില്‍ അനുരഞ്ജന ചര്‍ച്ചകളും നടത്തും.
പ്രസ്തുത തീര്‍പ്പാക്കല്‍ യജ്ഞം നടത്തുന്നതും എല്ലാ സേവനങ്ങളും സഹായ സഹകരണങ്ങളും അതാതു സ്ഥലത്തുള്ള കോടതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജില്ലാ, താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ലഭിക്കും. അദാലത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അന്തിമമായിരിക്കും. പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തു വച്ച് തീരുമാനം കൈക്കൊള്ളാന്‍ അധികാരം നല്‍കിയിട്ടുണ്ട്.
സൗഹാര്‍ദാന്തരീക്ഷത്തില്‍ കേസുകള്‍ തീര്‍പ്പാക്കുകയും നിയമനടപടികള്‍ ലഘൂകരിക്കുന്നതോടൊപ്പം സാധാരണക്കാരന് കൂടി പണച്ചെലവില്ലാതെ നീതി ലഭ്യമാക്കുകയാണ് അദാലത്തിന്റെ ലക്ഷ്യം.
തീര്‍പ്പാക്കുന്ന കേസുകള്‍ക്ക് യാതൊരുവിധ കമ്മീഷനോ സര്‍വീസ് ചാര്‍ജോ സര്‍ക്കാരിലേക്ക് നല്‍കേണ്ടതില്ല. കൂടാതെ തീര്‍പ്പാവുന്ന കേസുകളില്‍ പിന്നീട് കോടതികളിലോ മറ്റ് ഫോറങ്ങളിലോ അപ്പീല്‍ നല്‍കുന്നതിന് സാധിക്കുകയില്ലെന്ന പ്രത്യേകതയുമുണ്ട്. ലാന്റ് അക്വിസിഷന്‍ ആക്റ്റ് പ്രകാരം ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം കിട്ടാത്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന് 100 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
കല്‍പ്പറ്റ കോടതിയില്‍ 2,290 കേസുകളും സുല്‍ത്താന്‍ ബത്തേരിയില്‍ 1,406 കേസുകളും മാനന്തവാടി കോടതിയില്‍ 2,070 കേസുകളുമാണ് പരിഗണിക്കുക. അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഇ അയൂബ്ഖാന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് അജിത് കുമാര്‍, മുന്‍സിഫ് ജഡ്ജി ആര്‍ എം സല്‍മത്ത് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss