|    Jul 24 Mon, 2017 2:00 pm
Home   >  Todays Paper  >  page 10  >  

ദേശീയ റൂറല്‍ ഗെയിംസ്: ഫുട്‌ബോളില്‍ കേരളം ചാംപ്യന്‍മാര്‍

Published : 29th August 2016 | Posted By: SMR

മലപ്പുറം: തമിഴ്‌നാട്ടിലെ വൃന്ദാചലത്ത് നടന്ന ദേശീയ റൂറല്‍ ഗെയിംസില്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ചാംപ്യന്‍മാര്‍. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ് സ്‌കൂളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഫൈനലില്‍ ആതിഥേയരെ സഡന്‍ഡെത്തിലാണ് കേരളം പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും ടൈംബ്രേക്കറിലും സമനില പാലിക്കുകയായിരുന്നു. സെമിയില്‍ പഞ്ചാബിനെയും ക്വാര്‍ട്ടറില്‍ ആന്ധ്രാപ്രദേശിനെയും പ്രീ ക്വാര്‍ട്ടറില്‍ ഹരിയാനയേയും തകര്‍ത്താണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ കിരീടത്തില്‍ മുത്തമിട്ടത്.
ഐ ലീഗില്‍ കേരള ടീമിനുവേണ്ടി കളിക്കുന്ന ആറു പേരാണ് ചേലേമ്പ്രക്കുവേണ്ടി ബൂട്ട് കെട്ടിയത്. അമല്‍ ഹമീദ്, മുഹ്‌സിന്‍, സൈനുല്‍ ആബിദ്, മുഹമ്മദ് ആഷിഫ്, മുഹമ്മദ് റഷീദ്, അനുരാഗ് എന്നിവരാണിവര്‍. ഇതില്‍ അനുരാഗും മുഹ്‌സിനും കഴിഞ്ഞ തവണ കോവളം എഫ്‌സിക്കു വേണ്ടിയായിരുന്നു കളിച്ചിരുന്നത്. ഐലീഗ് താരമായ നൗഫല്‍ തമിഴ്‌നാട്ടിലെ മല്‍സരത്തില്‍ സ്‌കൂളിനുവേണ്ടി ഇറങ്ങിയിരുന്നില്ല. സുബ്രതോ കപ്പില്‍ ഈ വര്‍ഷം ദേശീയ റണ്ണറപ്പായ മലപ്പുറം എംഎസ്പിയെ തോല്‍പ്പിച്ചും ചേലേമ്പ്ര ജില്ലാ ചാംപ്യന്‍മാരായിരുന്നു. രണ്ടു വര്‍ഷം മുമ്പ് സുബ്രതോ കപ്പ് അണ്ടര്‍ 14ല്‍ കേരളത്തെ പ്രതിനിധീകരിച്ചതാണ് ചേലേമ്പ്രയുടെ മികച്ച നേട്ടം. എ നിസാം കാപ്റ്റനും കെ മന്‍സൂറലി കോച്ചുമായ ടീമാണ് സംസ്ഥാനത്തിന് കിരീടം സമ്മാനിച്ചത്. സപ്തംബറില്‍ നേപ്പാളില്‍ നടക്കുന്ന ഇന്‍ഡോ-നേപ്പാള്‍ ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക ചേലേമ്പ്രയായിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക