|    Nov 24 Fri, 2017 5:45 am
FLASH NEWS
Home   >  Editpage  >  Editorial  >  

ദേശീയ രാഷ്ട്രീയത്തിലെ പ്രതിസന്ധി

Published : 13th August 2017 | Posted By: fsq


എസ് സജീവ്, പഴകുളം

 

ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നേതൃത്വങ്ങള്‍ ഇന്ന് ദുര്‍ബലമാണ്. കോണ്‍ഗ്രസ്സിന്റെ അവസ്ഥയാണ് ഏറെ ദയനീയം. പല സംസ്ഥാനങ്ങളിലെയും നേതാക്കളും എംഎല്‍എമാരും പാര്‍ട്ടിയുടെ മേല്‍ഘടകത്തെയോ നേതാക്കളെയോ അനുസരിക്കാതെ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നീക്കുകയും പാര്‍ട്ടി മാറുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. ഗുജറാത്തില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ സൂചിപ്പിക്കുന്നത് ദേശീയാധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശങ്ങള്‍പോലും നടപ്പാക്കാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് താല്‍പര്യമില്ല എന്നാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് ബിജെപിക്ക് വീണതും ചില എംഎല്‍എമാര്‍ രാജിവച്ച് ബിജെപിക്കൊപ്പം ചേര്‍ന്നതും 2016ല്‍ അരുണാചല്‍പ്രദേശിലെ മുഖ്യമന്ത്രിയും 42 എംഎല്‍എമാരും പിപിഎ എന്ന ബിജെപി സഖ്യപാര്‍ട്ടിയില്‍ ചേര്‍ന്നതും നേതാക്കളെ കാഴ്ചവസ്തുക്കളാക്കി മാറ്റിക്കൊണ്ടായിരുന്നു. ബിഹാറിലെ 27 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പകുതിയും ബിജെപിയിലേക്കു പോവുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. ദേശീയനേതാക്കള്‍ ബിജെപി വിരുദ്ധത കാണിക്കുമ്പോള്‍ ബിജെപിക്കു വേണ്ടി കോണ്‍ഗ്രസ് സീറ്റില്‍ മല്‍സരിച്ച നേതാക്കളെയാണ് ഇന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കാണുന്നത്.ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും കുറച്ച് സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരാനും പാര്‍ലമെന്റിലേക്ക് കുറേയധികം മെംബര്‍മാരെ അയക്കാനും സിപിഎമ്മിന് സാധിച്ചിരുന്നു. എന്നാല്‍, ഇന്ന് സിപിഎം പാര്‍ട്ടി വളര്‍ത്താന്‍ ഉപയോഗിച്ച ആദര്‍ശങ്ങളുടെയും സിദ്ധാന്തങ്ങളുടെയും പിന്‍ബലമില്ലാതെ തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നത്് കേന്ദ്രനേതൃത്വങ്ങള്‍ക്കുപോലും തടയാന്‍ പറ്റുന്നില്ല. കേരളത്തിലും ബംഗാളിലുമാണ് ആദര്‍ശരഹിത കമ്മ്യൂണിസം കൂടുതല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.ബംഗാളില്‍ ആദര്‍ശം മാറ്റിവച്ച് കോര്‍പറേറ്റ് അനുകൂല തീരുമാനങ്ങളും ന്യൂനപക്ഷവിരുദ്ധ നയങ്ങളും നടപ്പാക്കിയതിന്റെ ആഘാതത്തില്‍നിന്ന് ഇന്നും സിപിഎം കരകയറിയിട്ടില്ല. ഇന്ന് ബംഗാളിനെ അനുകരിക്കാനാണ് കേരള സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തെയും ബംഗാളിനെയും പലതവണ തിരുത്താന്‍ ശ്രമിച്ച കേന്ദ്രനേതൃത്വം നിരാശരായി പിന്‍വാങ്ങുന്ന പതിവ് തുടരുകയാണ്. പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് കേന്ദ്രനേതൃത്വങ്ങള്‍ക്കുപോലും തിരുത്താന്‍പറ്റാത്ത രീതിയില്‍ സംസ്ഥാന നേതാക്കളും മറ്റും മാറിയെന്നാണ്.ബംഗാളില്‍നിന്നുള്ള രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണ വേണ്ടെന്ന് തീരുമാനിച്ച കേന്ദ്രനേതൃത്വത്തിനു തന്നെ പണികൊടുക്കുന്ന നിലപാടാണ് ഉണ്ടായത്. സിപിഎം സ്ഥാനാര്‍ഥി ബികാസ് രഞ്ജന്‍ ഭട്ടാചാര്യയുടെ പത്രിക തള്ളിയത് ഉള്ളിലെ കളിയാണോ എന്നറിയാന്‍ പാര്‍ട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സംസ്ഥാന നേതൃത്വങ്ങളെ കേന്ദ്രനേതൃത്വത്തിനുപോലും വിശ്വാസമില്ല എന്നാണ് ഇതു തെളിയിക്കുന്നത്. കേരളത്തിലെ അവസ്ഥയും വിഭിന്നമല്ല. പിണറായി വിജയന്‍ സെക്രട്ടറിയായിരുന്നപ്പോഴും ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോഴും ജനറല്‍ സെക്രട്ടറിയുടെ തീരുമാനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും പുല്ലുവിലയാണു നല്‍കുന്നത്.കുമ്മനവുമായുള്ള ചര്‍ച്ചയില്‍ നിന്നു മാധ്യമങ്ങളെ ഇറക്കിവിട്ട നടപടിയെ വിമര്‍ശിച്ചതും താക്കീത് ചെയ്തതും പെട്ടെന്ന് തന്നെ പിന്‍വലിക്കേണ്ടിവന്നതും ചെറിയ ഉദാഹരണം മാത്രമാണ്. പുതിയ കാലഘട്ടത്തില്‍ പാര്‍ലമെന്റിലെത്താന്‍ ഇന്ത്യയില്‍ ഏറ്റവും യോഗ്യനായ സീതാറാം യെച്ചൂരിയെ മല്‍സരിപ്പിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടപ്പോഴും വിലങ്ങുതടിയായി നിന്നതും തടഞ്ഞതും കേരള മുഖ്യമന്ത്രിയും ഇവിടെനിന്നുള്ള നേതാക്കളുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക