|    Dec 11 Tue, 2018 9:24 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ദേശീയ രാഷ്ട്രീയത്തിലെ ദിശാമാറ്റം

Published : 28th November 2018 | Posted By: kasim kzm

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

നരേന്ദ്രമോദിയുടെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ മറ്റൊരു പരാജയമാണ് ജമ്മുകശ്മീര്‍; നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണറിലൂടെ ജമ്മുകശ്മീര്‍ ഭരണം കേന്ദ്ര നിയന്ത്രണത്തില്‍ നിലനിര്‍ത്താനായെങ്കിലും. ബിജെപിയെ ഒറ്റപ്പെടുത്തി പിഡിപി-നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് കക്ഷികളുടെ വിശാല മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നാടകീയ നീക്കമാണു നടന്നത്. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഉപയോഗിച്ച് അതു തടയുകയായിരുന്നു മോദി.
സ്ഥിരതയില്ലാത്ത ഭരണം ഒഴിവാക്കാനും കുതിരക്കച്ചവടം നടക്കുന്നതു തടയാനുമാണ് ഇങ്ങനെ ചെയ്തതെന്ന ഗവര്‍ണറുടെ വ്യാഖ്യാനത്തിന് അടിസ്ഥാനമില്ല. തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ദേശീയതലത്തിലും ബിജെപിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചു നീങ്ങുന്ന സാഹചര്യമുണ്ട്. അതിനിടയ്ക്ക് പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും ബിജെപിക്കെതിരേ ഒന്നിച്ചുനീങ്ങിയത് ജമ്മുകശ്മീരിലും ദേശീയതലത്തിലും പ്രതികൂല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അതു തടയുകയാണു ചെയ്തത്.
മോദി നടത്തിയ പരീക്ഷണങ്ങളിലൊന്നായിരുന്നു പിഡിപിയും ബിജെപിയും ചേര്‍ന്ന് ജമ്മുകശ്മീരില്‍ നാലുവര്‍ഷം മുമ്പ് കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിച്ചത്. രണ്ടു കാര്യങ്ങളാണ് മോദി അന്ന് അവകാശപ്പെട്ടത്. ജമ്മുകശ്മീരില്‍ ശാശ്വത സമാധാനവും തൊഴിലും വികസനവും ഉറപ്പുവരുത്തുന്ന ഭരണം. അതോടൊപ്പം ബിജെപി മുസ്‌ലിംവിരുദ്ധ പാര്‍ ട്ടിയാണെന്ന ധാരണ തിരുത്തുക. കഴിഞ്ഞ ജൂണില്‍ മന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ച് മെഹബൂബ മുഫ്തി മന്ത്രിസഭയെ വീഴ്ത്തിയതിലൂടെ മോദിയും ബിജെപിയും സ്വയം മുന്നോട്ടുവച്ച അവകാശവാദങ്ങളാണു തകര്‍ന്നത്. നിയമസഭ പിരിച്ചുവിടാതെ ജനകീയ ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള സാധ്യത ആരായേണ്ടത് ഗവര്‍ണറുടെ ബാധ്യതയാണെന്ന സുപ്രിംകോടതിയുടെ വിധി ഗവര്‍ണര്‍ ലംഘിച്ചു; കുതിരക്കച്ചവടത്തിന്റെ പേരില്‍ നിയമസഭ പിരിച്ചുവിട്ടുകൂടെന്ന നിര്‍ദേശവും.
നിയമസഭാ തിരഞ്ഞെടുപ്പ് എന്നു നടത്തുമെന്ന് ഗവര്‍ണര്‍ ഉറപ്പിച്ചു പറയുന്നില്ല. മോദി ഗവണ്‍മെന്റിന്റെ ആശങ്കയും ആശയക്കുഴപ്പവുമാണ് ഗവര്‍ണറുടെ അവ്യക്ത നിലപാടില്‍ നിഴലിക്കുന്നത്. ജമ്മുകശ്മീരില്‍ ഒരു ജനാധിപത്യ ഗവണ്‍മെന്റിനെ നിലനിര്‍ത്തുകയെന്ന ചരിത്രപരമായ പരിശ്രമംപോലും മോദിയുടെ മുന്‍ഗണനാ വിഷയമായില്ല.
അഞ്ച് സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 11 ഓടെ പുറത്തുവരും. രാഷ്ട്രീയ പ്രതിസന്ധിയുടെ മുമ്പിലാണ് പ്രധാനമന്ത്രി മോദിയും ബിജെപിയും ഇപ്പോള്‍. ജനുവരി പകുതിക്കു മുമ്പു പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തീരും. ബജറ്റ് സമ്മേളനത്തിനു പകരം പാര്‍ലമെന്റ് ചേര്‍ന്ന് വോട്ട്ഓണ്‍ അക്കൗണ്ട് പാസാക്കുകയേ ചെയ്യൂ. അതായത് ജനുവരിയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വഴിയിലേക്ക് മോദിക്കു നീങ്ങേണ്ടതുണ്ട്. അതിനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഛത്തീസ്ഗഡില്‍ അജിത്‌ജോഗിയുടെ നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് ജനതാ പാര്‍ട്ടിയും ബിഎസ്പിയും ചേര്‍ന്ന രാഷ്ട്രീയമുന്നണിയുടെ സാന്നിധ്യമാണ് കോണ്‍ഗ്രസ്സിനേക്കാള്‍ വലിയ വെല്ലുവിളി എന്ന് നിരീക്ഷകര്‍ പറയുന്നു. മോദിയാവട്ടെ കോണ്‍ഗ്രസ്സിനെതിരേയാണു പ്രചാരണ ആയുധങ്ങളെല്ലാം ചെലവഴിച്ചത്. ഈ ത്രികോണമല്‍സരത്തിന്റെ ഫലം വോട്ടെണ്ണലിനു ശേഷമേ പറയാനാവൂ. തൊഴില്‍-വികസന വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞും കോണ്‍ഗ്രസ് ഭരണകാലത്തെ കുറ്റപ്പെടുത്തിയും മോദി അധികാരത്തിലേറ്റിയതായിരുന്നു ഛത്തീസ്ഗഡില്‍ രമണ്‍സിങ് മന്ത്രിസഭയെ. ഈ ബിജെപി സര്‍ക്കാരില്‍ നിന്നു ജനങ്ങള്‍ നേരിട്ട തിക്താനുഭവങ്ങള്‍ അവര്‍ എങ്ങനെ വിലയിരുത്തും എന്നതാണു കാണാനിരിക്കുന്നത്.
ബിജെപിയുടെ രാഷ്ട്രീയ അസ്ഥിവാരമായി തുടരുന്ന രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ജനവിധിയാണ് ബിജെപിയുടെ വിധി നിര്‍ണയിക്കുക. വസുന്ധര രാജെ സിന്ധ്യയുടെ അഞ്ചുവര്‍ഷത്തെ രണ്ടാമൂഴം രാജസ്ഥാനില്‍ ബിജെപിക്ക് വലിയൊരു ബാധ്യതയായിത്തീര്‍ന്നു.
എംഎല്‍എമാരില്‍ നൂറുപേരെ മാറ്റിയില്ലെങ്കില്‍ സംസ്ഥാനം കൈവിട്ടുപോവുമെന്ന് അമിത്ഷാ തന്നെ മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചിരുന്നു. 45 പേരെ മാത്രം ഒഴിവാക്കാനേ സിന്ധ്യ സമ്മതിച്ചുള്ളൂ. ബിജെപി വിട്ട് കോണ്‍ഗ്രസ്സിലേക്കു ചേക്കേറിയവരും റിബല്‍ സ്ഥാനാര്‍ഥികളായി പാര്‍ട്ടിയെ തിരിഞ്ഞുകുത്തുന്നവരും തിരഞ്ഞെടുപ്പു മുഖത്ത് ഏറെയാണ്.
ജനകീയ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാന്‍. അദ്ദേഹവും ബിജെപി കോട്ടയില്‍ ഇത്തവണ പിടിച്ചുനില്‍ക്കാനാവാതെ വിയര്‍ക്കുകയാണ്. തെലങ്കാന രാഷ്ട്രസമിതിക്ക് ഭരണവും മേല്‍ക്കൈയുമുള്ള തെലങ്കാനയിലോ രാഷ്ട്രീയ അടിവേരുകളില്ലാത്ത മിസോറാമിലോ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ബിജെപിക്ക് നിര്‍ണായകമല്ല.
അത്തരമൊരു അവസ്ഥയിലാണ് 2015 മുതല്‍ അധികാരം പങ്കുവച്ച ജമ്മുകശ്മീര്‍ കൂടി പ്രതിപക്ഷത്തിന് ആവേശവും കരുത്തുമാവുന്ന സാഹചര്യം ജനാധിപത്യവിരുദ്ധമായി മോദി സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. കേന്ദ്രത്തില്‍ എന്‍ഡിഎ ഭരണത്തിന് നേതൃത്വം നല്‍കിയിരുന്ന വാജ്‌പേയി സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും മതസൗഹാര്‍ദത്തിന്റെയും നയം ഉയര്‍ത്തിപ്പിടിച്ചാണ് ഭരണം പൂര്‍ത്തിയാക്കിയത്. എന്നിട്ടും ‘ഇന്ത്യ തിളങ്ങുന്നു’ എന്ന ബിജെപിയുടെ അവകാശവാദം 2004ലെ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു.
തുടര്‍ന്ന് രണ്ടുതവണ യുപിഎ കൂട്ടുകക്ഷി മന്ത്രിസഭയാണ് അധികാരത്തില്‍ വന്നത്. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അതിന്റെ രണ്ടാംഘട്ടത്തില്‍ നടത്തിയ ഗുരുതരമായ അഴിമതികളും ഉത്തരവാദിത്തമില്ലാത്ത കൂട്ടുകക്ഷി സര്‍ക്കാരിന്റെ ദുര്‍ബല ഭരണവുമാണ് ജനങ്ങളെ എതിരാക്കിയത്. വികസനമാതൃകയല്ല, ഗുജറാത്തില്‍ നടത്തിയ വര്‍ഗീയ ധ്രുവീകരണത്തിന്റെയും ന്യൂനപക്ഷ ആക്രമണങ്ങളുടെയും മാതൃക രാജ്യവ്യാപകമാക്കാനുള്ള അവസരമായാണ് സംഘപരിവാരം ഭരണാവസരത്തെ പ്രയോജനപ്പെടുത്തിയത്; ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയം ആളിക്കത്തിച്ച്.
രാമജന്‍മഭൂമിയുടെയും ശ്രീരാമക്ഷേത്രത്തിന്റെയും വര്‍ഗീയ രാഷ്ട്രീയം വീണ്ടും മുന്നോട്ടുവച്ച് ഹിന്ദുത്വ വോട്ടുകളെ ആശ്രയിക്കുകയെന്ന പഴയ തന്ത്രം പുറത്തെടുക്കേണ്ടിവന്നു. ഭരണഘടനാ സ്ഥാപനങ്ങളെ പ്രധാനമന്ത്രിയുടെ വിധേയസ്ഥാപനങ്ങളാക്കി മാറ്റുന്ന നടപടികള്‍ തുടര്‍ച്ചയാക്കി.
അന്താരാഷ്ട്ര തലത്തില്‍പോലും വിവാദമായും മനുഷ്യാവകാശ പ്രശ്‌നമായും ഉയര്‍ന്നുനില്‍ക്കുന്ന കശ്മീരില്‍ അതേ ശൈലിയുടെ മറ്റൊരു പ്രകടനമാണ് ഈ ജനാധിപത്യഹത്യ. ഇന്ത്യയിലെ ജനങ്ങള്‍ പൊതുതിരഞ്ഞെടുപ്പില്‍ ഇത്തവണ ഒരു പുതിയ മുദ്രാവാക്യം മുന്നോട്ടുവയ്ക്കാന്‍ നിര്‍ബന്ധിതമാവുകയാണ്. ഭരണഘടനയെ രക്ഷിക്കുന്നതിന് നരേന്ദ്രമോദിയെയും ബിജെപിയെയും തോല്‍പിക്കുക എന്ന്. അതിനു പിന്നില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കുന്ന സാഹചര്യമാണു വികസിക്കുന്നത്.
നിത്യശത്രുക്കളായിരുന്ന നാഷനല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചുവരുന്നത്, ബിജെപിക്കെതിരേ ജമ്മുകശ്മീരില്‍ കോണ്‍ഗ്രസ് അവര്‍ക്കൊപ്പം നീങ്ങുന്നത്, ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍. ദേശീയ സാഹചര്യം രാഷ്ട്രീയപ്പാര്‍ട്ടികളെ ഇത്തരമൊരു നീക്കത്തിനു നിര്‍ബന്ധിക്കുകയാണ്; മുന്‍കാല ബന്ധങ്ങളും വിയോജിപ്പുകളും മാറ്റിവച്ചുകൊണ്ട്.
രാഷ്ട്രീയത്തിലെ ഈ പ്രതിഭാസത്തില്‍ നിന്ന് ഒഴിഞ്ഞുമാറിനില്‍ക്കുന്നത് ഇടതു പാര്‍ട്ടികളാണ്. അതും മൊത്തത്തില്‍ പറയാനാവില്ല. സിപിഐ തമിഴ്‌നാട്ടിലും ആന്ധ്രയിലുമൊക്കെ പുതിയ നീക്കങ്ങള്‍ക്കൊപ്പമാണ്. സിപിഎം മുന്‍കാല പതിവു വിട്ട് മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെട്ടുനില്‍ക്കുന്നതായാണു കാണുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ സിപിഎമ്മിനും പുനപ്പരിശോധന നടത്തേണ്ടിവരും. കാല്‍ച്ചുവട്ടില്‍ നിന്ന് മണ്ണ് അതിവേഗം ഒലിച്ചുപോവുകയാണ്. അതു കണ്ടില്ലെന്നു നടിക്കാന്‍ സിപിഎം നേതൃത്വത്തിന് ഇനി കഴിയാതെ വരും. ി

(വള്ളിക്കുന്ന് ഓണ്‍ലൈന്‍
വേര്‍ഡ്പ്രസ്.കോം)

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss