|    Jan 22 Sun, 2017 5:55 pm
FLASH NEWS

ദേശീയ മ്യൂസിയം മേധാവി നിയമനം വിവാദത്തില്‍

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നുവെന്ന വിവാദ റിപോര്‍ട്ട് നല്‍കിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ) മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബുദ്ധ രശ്മി മണിയെ നാഷനല്‍ മ്യൂസിയം ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കോ 70 വയസ്സുവരെയോ ആണ് പുതിയ നിയമനം. കഴിഞ്ഞ വര്‍ഷമാണു മണി എഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ചത്.
2003ലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം വിവാദ റിപോര്‍ട്ട് നല്‍കിയത്. 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് 10ാംനൂറ്റാണ്ടില്‍ പണികഴിപ്പിച്ച ക്ഷേത്രം നിലനിന്നിരുന്നുവെന്നായിരുന്നു ഡോ. മണിയുടെയും സംഘത്തിന്റെയും റിപോര്‍ട്ട്. ഇതു വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നുവെങ്കിലും റിപോര്‍ട്ടില്‍ അദ്ദേഹം ഉറച്ചുനിന്നു. വിവാദ റിപോര്‍ട്ടിനു പിന്നാലെ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതി ഖനനസംഘത്തില്‍നിന്നു നീക്കിയിരുന്നു. നിയമനം അയോധ്യാകേസിലെ ഇടപെടലിനുള്ള ബിജെപിയുടെ പാരിതോഷികം ആണെന്ന ആരോപണം അദ്ദേഹം തള്ളി.
തനിക്കു പാരിതോഷികം നല്‍കണമെന്ന് ബിജെപി ആഗ്രഹിച്ചിരുന്നുവെങ്കില്‍ സര്‍വീസിലിരിക്കെതന്നെ അതു ചെയ്യാമായിരുന്നുവെന്ന് മണി പറഞ്ഞു. അഡീഷനല്‍ ഡയറക്ടറായാണ് താന്‍ വിരമിച്ചത്. സര്‍ക്കാരിനു വേണമെങ്കില്‍ തനിക്ക് സ്ഥാനക്കയറ്റം നല്‍കാമായിരുന്നു. നരേന്ദ്രമോദിയെ പ്പോലെ ഊര്‍ജസ്വലനായ പ്രധാനമന്ത്രിയെ ലഭിച്ചതില്‍ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്നത്തെ എഎസ്‌ഐ സംഘം തയ്യാറാക്കിയ റിപോര്‍ട്ടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഖനനത്തിന് വിസമ്മതിച്ചത് കൊണ്ടാണ് തന്നെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയത്. കൂടുതല്‍ ഖനനം ചെയ്യാന്‍ കോടതിയാണ് ആവശ്യപ്പെട്ടത്. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല. അതിനാല്‍ ഖനന സംഘത്തിന്റെ മേധാവിയെ മാറ്റാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മണി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക