|    Nov 20 Mon, 2017 1:04 am
FLASH NEWS

ദേശീയ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ വക്താക്കളായി : സഈദ് നഖ്‌വി

Published : 4th August 2017 | Posted By: fsq

 

കോഴിക്കോട്: ദേശീയ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ വക്താക്കളായി മാറിയെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ സഈദ് നഖ്—വി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് സര്‍ക്കാരുകള്‍ക്കെതിരായ തിരുത്തല്‍ ശക്തിയായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതെങ്കില്‍ ഇന്ന് ഭരണകൂടത്തിന് വേണ്ടി പ്രതിപക്ഷത്തിനെതിരായ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്. ഭരിക്കുന്നവര്‍ക്കായി സമ്മതി നിര്‍മാണം നടത്തുന്നവരായി മാധ്യമങ്ങള്‍ തരം താണുവെന്നും അദ്ദേഹം പറഞ്ഞു. ചങ്ങാത്ത മുതലാളിത്തത്തിന്റെ കാലത്ത് ലോകത്താകമാനം മാധ്യമങ്ങള്‍ കോര്‍പ്പറേറ്റുകളുടെ ഭാഗമായി മാറിയിരിക്കുകയാണ്. രാജ്യത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിയമവാഴ്ചയുടെ അഭാവത്തിലാണ് ജനങ്ങള്‍ ജീവിക്കുന്നത്. നിരപരാധികളായ 11000 മുസ്‌ലിം കുട്ടികള്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ തടവിലാണ്. അവരുടെ ജീവിതത്തിന്റെ ഊഷ്മളമായ കാലഘട്ടം ജയിലില്‍ ഹോമിച്ച് കഴിഞ്ഞാല്‍ പതിവുപോലെ തെളിവുകളുടെ അഭാവത്തില്‍ കോടതി അവരെ വെറുതെ വിടും. ആറ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് ഇതിന്റെ പേരില്‍ തങ്ങളുടെ രാജ്ഞിയുമൊന്നിച്ചുള്ള വിരുന്ന് നിഷേധിച്ച ഇംഗ്ലണ്ടിന്റെ നടപടി ഈ ഘട്ടത്തില്‍ ശ്രദ്ധേയമാകുകയാണ്. ഇസ്‌ലാം മതക്കാരനായ ലണ്ടന്‍ മേയറെ പരിഗണിച്ചാണ് ആ രാജ്യം ഈ തീരുമാനമെടുത്തത്.  നേരത്തെ കേന്ദ്ര ഭരണത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കാനാകുമായിരുന്നിട്ടും സിപിഎമ്മിന്റെ പ്രതികൂല നിലപാടുകള്‍ ചരിത്രപരമായ വിഡ്ഢിത്തമായി. കേരളത്തില്‍ കോണ്‍ഗ്രസിനെതിരായും ബംഗാളില്‍ ഒരുമിച്ചും നില്‍ക്കാനുള്ള യെച്ചൂരിയുടെ നിലപാടാണ് പാര്‍ട്ടിയുടെ ആശയ പാപ്പരത്വത്തിന്റെ അവസാന തെളിവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തന ജീവിതത്തിനിടയില്‍ കേരളത്തിലെ കഴിഞ്ഞ അഞ്ച് വര്‍ഷമാണ് കൂടുതല്‍ ആനന്ദകരമായി തോന്നിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക