|    Feb 21 Tue, 2017 11:08 am
FLASH NEWS

ദേശീയ ഭക്ഷ്യഭദ്രതാനിയമം മുന്‍ഗണനാ പട്ടിക: അയോഗ്യര്‍ സ്വയം പിന്‍മാറണം- ഭക്ഷ്യമന്ത്രി

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ഭാഗമായി തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ വസ്തുതകള്‍ മറച്ചുവച്ചോ ശരിയായ വിവരങ്ങള്‍ നല്‍കാതെയോ കയറിക്കൂടിയവര്‍ തങ്ങള്‍ ചെയ്തതു ഗൗരവതരമായ തെറ്റാണെന്നു മനസ്സിലാക്കി സ്വയം പിന്‍മാറണമെന്നു ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ചട്ടം 300 അനുസരിച്ച് നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. മുമ്പ് ഫോം പൂരിപ്പിച്ചുനല്‍കിയപ്പോള്‍ റേഷന്‍കാര്‍ഡ് മതി റേഷന്‍ വിഹിതം വേണ്ടെന്ന് സ്വയം പ്രഖ്യാപിച്ച 13,000 കുടുംബങ്ങളുടെ മാതൃക പിന്തുടരാന്‍ സമൂഹത്തിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ തയ്യാറാവണം.
റേഷന്‍ വിതരണത്തിനായി പ്രതിവര്‍ഷം 819.75 കോടി രൂപയാണു ചെലവാക്കിയിരുന്നതെങ്കില്‍ ഇനി മുതല്‍ 1,126.39 കോടിയായി വര്‍ധിക്കും. 306.64 കോടിയുടെ അധികബാധ്യതയാണ് പ്രതീക്ഷിക്കുന്നത്. കരട് മുന്‍ഗണനാ പട്ടികയില്‍ ഉയര്‍ന്ന ന്യായമായ മുഴുവന്‍ ആക്ഷേപങ്ങളും പരിഹരിച്ച് കുറ്റമറ്റ പട്ടിക തയ്യാറാക്കി നിശ്ചയിച്ചപ്രകാരം റേഷന്‍കാര്‍ഡ് വിതരണം ചെയ്യും.
ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഒരുമണി അരിപോലും ചോരാതെ വിതരണം കാര്യക്ഷമമാക്കും. ഒരുതരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ല. വാതില്‍പ്പടി വിതരണശൃംഖലയും കംപ്യൂട്ടര്‍വല്‍ക്കരണവും മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ സൗജന്യറേഷന്‍ ലഭിച്ചിരുന്ന ഗുണഭോക്താക്കളുടെ എണ്ണം 2.76 കോടിയാണ്. എന്നാല്‍, ഭക്ഷ്യഭദ്രതാനിയമം അനുശാസിക്കുന്ന മുന്‍ഗണനാ വിഭാഗക്കാരുടെ ആകെ എണ്ണമാവട്ടെ 1.54 കോടി മാത്രം. മുന്‍ഗണനാവിഭാഗക്കാര്‍ക്ക് മുഴുവന്‍ സമ്പൂര്‍ണ സൗജന്യം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. മുന്‍ഗണനാ പട്ടികയിലെ മുഴുവന്‍ എഎവൈ കുടുംബങ്ങള്‍ക്കും കാര്‍ഡ് ഒന്നിന് 35 കിലോ അരിയും ശേഷിക്കുന്ന 1,29,21,411 പേര്‍ക്ക് ആളൊന്നിന് 5 കിലോ വീതം ധാന്യങ്ങള്‍ ലഭിക്കും. ഇത് നിലവില്‍ സമ്പൂര്‍ണസൗജന്യം ലഭിക്കുന്ന 97,64,811 നേക്കാള്‍ 57,15,231 കൂടുതലാണ്. ഇതിനു പുറമെ മുന്‍ഗണനാ പട്ടികയില്‍ വരാത്ത 1,21,50,769 പേര്‍ക്കു സംസ്ഥാന സബ്‌സിഡി നല്‍കി ആളൊന്നിന് രണ്ടുകിലോ അരി വീതം രണ്ടുരൂപ നിരക്കില്‍ നല്‍കും. ശേഷിക്കുന്ന മുന്‍ഗണന ഇതരകുടുംബങ്ങള്‍ക്കു ശേഷിക്കുന്ന അരി എപിഎല്‍ നിരക്കില്‍ നല്‍കാനാവുമെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക