|    Nov 19 Mon, 2018 6:25 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദേശീയ പൗരത്വ പട്ടികതൃണമൂല്‍ ജനപ്രതിനിധികളെ അസമില്‍ തടഞ്ഞു

Published : 3rd August 2018 | Posted By: kasim kzm

സില്‍ച്ചാര്‍/കൊല്‍ക്കത്ത: ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് അസമിലെ സ്ഥിതി വിലയിരുത്താനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തെ കുംഭിഗ്രാം വിമാനത്താവളത്തില്‍ പോലിസ് തടഞ്ഞുവച്ചു. പ്രതിനിധിസംഘത്തിന്റെ സന്ദര്‍ശനം കുഴപ്പം സൃഷ്ടിക്കുമെന്ന ന്യായം പറഞ്ഞാണ് തടഞ്ഞതെന്ന് സംഘാംഗമായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുകേന്ദു ശേഖര്‍ റോയ് പറഞ്ഞു.
ആറ് എംപിമാരും രണ്ട് എംഎല്‍എമാരും അടങ്ങിയ തൃണമൂല്‍ സംഘത്തെ വിമാനത്താവളത്തിലെ വിഐപി ലോഞ്ചിലാണ് തടഞ്ഞുവച്ചത്. ഇവരെ അസം പോലിസ് കൈയേറ്റം ചെയ്തുവെന്നും ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളടങ്ങുന്ന തൃണമൂല്‍ പ്രതിനിധിസംഘത്തെ വിമാനത്താവളത്തില്‍ കൈയേറ്റം ചെയ്‌തെന്ന് പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ആരോപിച്ചു. ബിജെപി സൂപ്പര്‍ അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് അവര്‍ പറഞ്ഞു. പ്രദേശത്ത് നിരോധനാജ്ഞയുണ്ടെങ്കില്‍ പ്രതിനിധി സംഘത്തെ രണ്ടംഗങ്ങളുടെ ഗ്രൂപ്പുകളാക്കി പോവാന്‍ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മമത ചോദിച്ചു.
സുകേന്ദു ശേഖര്‍ റോയ്, കകോളി ഘോഷ് ദസ്തിദാര്‍, രത്ത ഡെനാഗ്, നദിമുല്‍ ഹഖ്, അര്‍പിത ഘോഷ്, മമത ബാല താകൂര്‍, ഫിര്‍ഹാദ് ഹക്കീം, മഹുവ മൊയ്ത്ര എന്നിവരടങ്ങിയ സംഘമാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം അസമിലെത്തിയത്. ജില്ലാ മജിസ്‌ട്രേറ്റും പോലിസ് ഓഫിസര്‍മാരും അടങ്ങിയ സംഘമാണ് ഇവരെ തടഞ്ഞത്. പോലിസുകാര്‍ തങ്ങളെ മര്‍ദിച്ചുവെന്ന് സുകേന്ദു ശേഖര്‍ റോയ് പറഞ്ഞു. വിമാനത്താവളത്തില്‍ നൂറുകണക്കിനു പോലിസുകാര്‍ ഉണ്ടായിരുന്നുവെന്നും അവര്‍ തങ്ങളുടെ ചിത്രങ്ങളെടുക്കുകയും സെല്‍ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നും ബറാസത് എംപി ഘോഷ് ദസ്തിദാര്‍ ആരോപിച്ചു.
തൃണമൂല്‍ സംഘത്തെ പോലിസുകാര്‍ തള്ളുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. സംഘത്തിലെ ഒരു വനിതാ എംഎല്‍എക്ക് പരിക്കേറ്റു. സംഭവത്തില്‍ തൃണമൂല്‍ അംഗങ്ങള്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss