|    Oct 19 Thu, 2017 10:12 pm
FLASH NEWS

ദേശീയ പാത വികസനം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പില്‍ തട്ടി വൈകുന്നു

Published : 12th August 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പില്‍ തട്ടി കോഴിക്കോട് -പാലക്കാട് ദേശീയ പാത (966) നാട്ടുകല്‍ മുതല്‍ താണാവ് വരെ വീതിക്കൂട്ടല്‍ ജോലി ആരംഭിക്കുന്നത് വൈകുന്നു. വാട്ടര്‍ അതോറ്റിയുടെ പൈപ്പ് ലൈനുകളും ജലസംഭരണികളും മാറ്റി സ്ഥാപിക്കാത്തതാണ് പ്രധാന തടസ്സം. ഇവ മാറ്റി സ്ഥാപിക്കാതെ റോഡ് വീതി കൂട്ടുന്നതില്‍ കാര്യമില്ലെന്നാണ് ദേശീയ പാത അധികൃതരുടെ നിലപാട്. മണ്ണാര്‍ക്കാട് മേജര്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ നിലവിലെ റോഡിനടിയിലൂടെയാണ് പോവുന്നത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പൈപ്പ് ലൈന്‍ പൊട്ടലും റോഡ് തകരലും പതിവാണ്. റോഡ് വീതി കൂട്ടുന്നതോടെ പൈപ്പ് ലൈന്‍ റോഡിന്റെ മധ്യത്തിലാവും. ഇത് കൂടുതല്‍ പൈപ്പ് പൊട്ടലിനും റോഡ് തകര്‍ച്ചയ്ക്കും ഇടയാക്കും. പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ മൂന്ന് കോടി രൂപ ദേശീയപാത വിഭാഗം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, കുമരംപുത്തൂര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള ഭാഗങ്ങളിലെ പൈപ്പ് ലൈനുകളും ജലസംഭരണികളും മറ്റാന്‍ 15 കോടി രൂപ വേണമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട്. ഈ തുക അനുവദിച്ചു കിട്ടാതെ പൈപ്പ് ലൈന്‍ മാറ്റുന്ന ജോലിക്ക് വാട്ടര്‍ അതോറിറ്റി തയ്യാറല്ല. പുതുക്കിയ എസ്റ്റിമേറ്റ് ദേശീയ പാത വിഭാഗം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് വേഗത്തിലാക്കാന്‍ ജനപ്രതിനിധികളുടെയും മറ്റും ഇടപെടല്‍ വേണം. 206.26 കോടി രൂപ അടങ്കല്‍ നിശ്ചയിച്ച് 173.51 കോടി രൂപയ്ക്കാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 2019 ഏപ്രില്‍ 10നകം പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. രണ്ടാം ഘട്ടമായി താണാവ് മുതല്‍ ചന്ദ്രനഗര്‍ വരെ വീതി കൂട്ടലും മൂന്നാം ഘട്ടമായി കുമരംപുത്തൂരില്‍ നിന്ന് ചൂരിയോട്ടിലേക്ക് ബൈപാസ് നിര്‍മാണവുമാണ് നടത്തുക. ആദ്യഘട്ടത്തിന്റെ സര്‍വേ ജോലികള്‍ അന്തിമഘട്ടത്തിലെത്തി കഴിഞ്ഞതായി ദേശീയ പാത വിഭാഗം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക