|    Oct 17 Wed, 2018 2:53 pm
FLASH NEWS

ദേശീയ പാതാ നിര്‍മാണം 2018 ആഗസ്ത് പതിനെട്ടിന് മുമ്പ് പൂര്‍ത്തീകരിക്കും

Published : 28th September 2017 | Posted By: fsq

 

കൊല്ലം: ദേശീയ പാതാ നിര്‍മാണ പദ്ദതി 2018 ആഗസ്ത്് പതിനെട്ടിനു മുമ്പ് പൂര്‍ത്തീകരിക്കും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതനുസരിച്ച് 2018 ആഗസ്ത് ഒന്നിനു മുന്‍പ് ദേശീയ പാതാ നിര്‍മാണം പൂര്‍ത്തീകരിച്ച് സര്‍ക്കാരിന് കൈമാറാന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു. അതിനു വേണ്ട എല്ലാ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിക്കും. പദ്ധതിക്ക് ആവശ്യമായ ഗ്രാവല്‍, മണ്ണ് തുടങ്ങിയവ ലഭ്യമാക്കും. പെര്‍മിറ്റ് ലഭിച്ചിട്ടുള്ള ആളുകളെ ബന്ധപ്പെട്ട് സമയബന്ധിതമായി പാറ കിട്ടുമെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ താമസമുണ്ടെങ്കില്‍ ജില്ലാ ഭരണകൂടം സഹായിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം കൃത്യമായി ചെയ്തിട്ടുണ്ട്. കൊല്ലം തോട് കൊല്ലത്തെ ജനങ്ങളുടെ വലിയ സ്വപ്‌നമാണ്. ഇതിനായി  ഇന്‍ലാന്‍ഡ് വാട്ടര്‍വേ—സ് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. 7.8 കിലോമീറ്ററാണ് കൊല്ലം തോടിന്റെ നീളം. ആറു റീച്ചുകളായാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കല്ലുപാലം മുതല്‍ അഷ്ടമുടി കായലിന്റെ മുഖംവരെ 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറാമത്തെ റീച്ചു മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്.കൂലിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം നിലവിലുള്ളിടത്ത് ജില്ല കലക്ടര്‍ വിശദാംശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും.  കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് നല്‍കുന്ന ജോലികള്‍ ഉപകരാറുകള്‍ കൊടുക്കുന്നതിലൂടെ നീണ്ടു പോകുന്നു. ഇതു പരിശോധിക്കുന്നതിന് അടുത്ത മാസം ആദ്യം ജനപ്രതിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം യോഗം വിളിച്ച് വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടും. എസ്എന്‍ കണ്‍സ്ട്രക്ഷന്‍സ് ചെയ്തുവരുന്ന ജോലികളുടെ കാലാവധി കഴിഞ്ഞിട്ടും നവംബര്‍ 30 വരെ നീട്ടിക്കൊടുത്തിട്ടുണ്ട്. ഇത് സമയ പരിധിക്കുള്ളില്‍ പരമാവധി ജോലി പൂര്‍ത്തികരിക്കാന്‍ നിര്‍ദേശം നല്‍കും. സാങ്കേതിക അനുമതി കിട്ടാനുള്ള ജോലികള്‍ക്ക് അത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. തുടര്‍ നടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒക്‌ടോബര്‍ ആദ്യവാരം യോഗം വിളിക്കും.  കൊല്ലം ജില്ല നേരിട്ടിരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ക്വാറി ഉല്‍പന്നങ്ങളുടെ ലഭ്യതയും ഉയര്‍ന്ന വിലയും. നിയമവിധേമായി അപേക്ഷ നല്‍കുന്ന ക്വാറികള്‍ക്ക് അനുമതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒരു ലോഡ് കല്ലിന് എണ്ണായിരം രൂപവരെയാണ് വാങ്ങിയിരുന്നത്. പലേടത്തും പിഴയും മറ്റും നല്‍കേണ്ടിവരുന്നു എന്നാണ് ഇതിന് കാരണമായി പറയുന്നത്. അനുമതി നല്‍കിയിട്ടുള്ള അളവില്‍ മാത്രമാണ് ക്വാറികളില്‍ പാറ പൊട്ടിക്കുന്നതെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. പരിശോധനകള്‍ ക്വാറിയില്‍ മാത്രമാക്കും. വഴിയില്‍ പരിശോധന നടത്തുമ്പോഴാണല്ലോ പിഴയും മറ്റും വരിക. അനുമതി നല്‍കുന്ന അളവില്‍ മാത്രമാണോ പൊട്ടിക്കുന്നതെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് പരിശോധിക്കും. നിശ്ചിത വിലയ്ക്കാണ് ജനങ്ങള്‍ക്ക് ക്വാറി ഉല്‍പന്നങ്ങള്‍ കിട്ടുന്നതെന്നും ഉറപ്പാക്കണം.  ഇതു രണ്ടുമാണ് ലൈസന്‍സ് പുതുക്കുന്നതിനുള്ള മാനദണ്ഡമായി എടുക്കുന്നത്. ക്രമക്കേടുകള്‍ ഒഴിവാക്കാനും ജനങ്ങള്‍ക്ക് ഉല്‍പന്നങ്ങള്‍ ലഭിക്കുന്നതിനുമുള്ള ഇടപെടലാണ് ജില്ലാ ഭരണകൂടം നടത്തിയിരിക്കുന്നത്. ജില്ലാ കലക്ടര്‍ നിശ്ചയിച്ചിട്ടുള്ളതില്‍ കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും. അനുവദിച്ചിട്ടുള്ള അളവില്‍ കൂടുതല്‍ പാറ പൊട്ടിച്ചാലും നടപടിയുണ്ടാകും. മറ്റു ജില്ലകളില്‍നിന്ന് പെര്‍മിറ്റില്ലാതെ ക്വാറി ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നത് പരിശോധിക്കും. ലൈഫ് മിഷന്‍ പ്രകാരം നിര്‍മിക്കുന്ന വീടുകള്‍ കൃത്യമായി പൂര്‍ത്തീകരിക്കാനും സര്‍ക്കാരിന്റെ പുതിയ ഇടപെടല്‍ ഉപകരിക്കും. ക്വാറി ഉടമകള്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ആ വെല്ലുവിളി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും  സഹകരണ മേഖലയില്‍ ക്വാറി പെര്‍മിറ്റ് നല്‍കണമോയെന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss