|    Oct 17 Tue, 2017 10:50 pm
FLASH NEWS
Home   >  Kerala   >  

ദേശീയ പണിമുടക്ക്;ജനജീവിതം സ്തംഭിച്ചു

Published : 2nd September 2016 | Posted By: mi.ptk

തിരുവനന്തപുരം:രാജ്യത്തെ പ്രധാന തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ നീളുന്ന ദേശീയ പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. റെയില്‍വേ ഒഴികെയുള്ള പൊതുഗതാഗത സംവിധാനങ്ങളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങുന്നില്ല. കടകമ്പോളങ്ങള്‍ ഒന്നുതന്നെ തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. ടെക്‌നോപാര്‍ക്ക്, ഐഎസ്ആര്‍ഒ ജീവനക്കാരോടും പണിമുടക്കില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പണിമുടക്കിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരത്തും കൊച്ചിയിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് വഴിവെച്ചു. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ നിന്ന് യാത്രക്കാരെ കൂട്ടാനെത്തിയ യൂബര്‍ ടാക്‌സിയുടെ ചില്ലുകള്‍ സമരക്കാര്‍ അടിച്ചുതകര്‍ത്തു.
ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂനിയനുകള്‍ പങ്കെടുക്കുന്ന 24 മണിക്കൂര്‍ പണിമുടക്കില്‍ നിന്ന് അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.  രാവിലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണയില്‍ വിവിധ തൊഴിലാളി യൂനിയനുകളുടെ ദേശീയ,സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
അധ്യാപക,സര്‍വീസ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാഭ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിക്കും. പാല്‍,പത്രം,ആശുപത്രി,വിവാഹം,വിമാനത്താവളം,മരണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് തടസമുണ്ടാകില്ലെന്നാണ് നേതാക്കളുടെ ഉറപ്പ്.

കാസര്‍കോട് പണിമുടക്ക് പൂര്‍ണം
കാസര്‍കോട്: ദേശീയ പണിമുക്ക് ജില്ലയില്‍ ജനജീവിതത്തെ ബാധിച്ചു. ബസുകളും ടാക്‌സികളും ഓട്ടോകളും സര്‍വീസ് നിര്‍ത്തി. കടകമ്പോളങ്ങളും ഹോട്ടലുകളും അടഞ്ഞ് കിടക്കുന്നു. വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞ് കിടന്നു. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ പതിവുപോലെ നിരത്തിലിറങ്ങി. ബസ് സൗകര്യം ഇല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ പുറത്തിറങ്ങിയില്ല. ജില്ലാ കലക്ട്രേറ്റ്,താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ പണിമുടക്ക് പൂര്‍ണമാണ്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ സ്ഥലങ്ങളില്‍ പണിമുടക്ക് അനുകൂലികള്‍ പ്രകടനം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക