|    Oct 18 Wed, 2017 8:38 pm
FLASH NEWS

ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം

Published : 3rd September 2016 | Posted By: SMR

കൊല്ലം: സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. വ്യാഴാഴ്ച അര്‍ധരാതി ആരംഭിച്ച പണിമുടക്ക് ഇന്നലെ അര്‍ധരാത്രിയാണ് സമാപിച്ചത്. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റങ്ങള്‍ ഒഴിച്ചാല്‍ പണിമുടക്കുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒരിടത്തുനിന്നും കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
ചിന്നക്കടയിലെ രാവിലെ പത്തോടെ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. അപ്പോള്‍ തന്നെ പോലിസ് ഇടപെട്ട് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഓട്ടോറിക്ഷ, ടാക്‌സി, ടെംപോ ട്രാക്കര്‍, ലോറി, മിനിലോറി, സ്വകാര്യ ബസ് തൊഴിലാളികളും കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു.  ജില്ലയില്‍ കെഎസ്ആര്‍ടിസിയുടെ ഒരു ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തിയില്ല. കൊല്ലം ടൗണില്‍ ഉള്‍പ്പെടെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടുന്നു. ഏതാനും ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്. ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നില്ല. കോടതികള്‍ പ്രവര്‍ത്തിച്ചുവെങ്കിലും അഭിഭാഷകരും കക്ഷികളും കാര്യമായി ഹാജരുണ്ടായിരുന്നില്ല. പല ഓഫിസുകളിലും ജോലിക്ക് ഹാജരായ ജീവനക്കാരുടെ എണ്ണവും കുറവായിരുന്നു. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും ഓടിയില്ല. കൊല്ലം നഗരത്തില്‍ ആശുപത്രി പരിസരങ്ങളിലെ ഏതാനും ഹോട്ടലുകള്‍ ഒഴിച്ചാല്‍ മറ്റ് കടകളൊന്നും തുറന്നില്ല. മെഡിക്കല്‍ സ്റ്റോറുകളില്‍ നല്ലൊരു പങ്കും അടഞ്ഞുകിടന്നു. ജില്ലയിലെ വ്യാപാര വ്യവസായ മേഖലയിലും പണിമുടക്ക് പൂര്‍ണമായിരുന്നു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നഗരത്തില്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് സി വിമല്‍കുമാര്‍, സെക്രട്ടറി ഡി ജയകൃഷ്ണന്‍ നേതൃത്വം നല്‍കി. അതേസമയം പണിമുടക്ക് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചില്ലെങ്കിലും വിവിധ റെയില്‍വെ സ്റ്റേഷനുകളില്‍ വന്നിറങ്ങിയ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞു. കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകളും ഇവിടെ വന്നുപോകുന്ന ട്രെയിനുകളും കൃത്യസമയം പാലിച്ചു. പാസഞ്ചര്‍ ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണവും കുറവായിരുന്നു. പണിമുടക്ക് അനുകൂലികള്‍ ട്രെയിനുകള്‍ തടയാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൊല്ലം അടക്കം ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെല്ലാം കൂടുതല്‍ പോലിസിനെയും നിയോഗിച്ചിരുന്നു. കൊല്ലത്തെ റെയില്‍വേ ഗുഡ്‌സ് ഷെഡിന്റെ പ്രവര്‍ത്തനവും പൂര്‍ണമായും നിലച്ചു. തൊഴിലാളികള്‍ എത്താത്തതിനാല്‍ ഗുഡ്‌സ് ട്രെയിനുകളില്‍ നിന്ന് ആന്ധ്രയില്‍ നിന്ന് എത്തിയ അരി അടക്കമുള്ള ചരക്കിറക്ക് നിലച്ചു. ഇവിടത്തെ ലോറി തൊഴിലാളികളും പണിമുടക്കി.കുടുംബശ്രീയുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ ആരംഭിച്ച സരസ് മേളയെയും പണിമുടക്ക് പ്രതികൂലമായി ബാധിച്ചു. പ്രദര്‍ശനത്തിന് സംഘാടകര്‍ ഇന്നലെ അവധി കൊടുത്തു.ചാത്തന്നൂര്‍, പരവൂര്‍, കൊട്ടിയം, ചടയമംഗലം, കടയ്ക്കല്‍, കല്ലുവാതുക്കല്‍, ചവറ, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പത്തനാപുരം, പുനലൂര്‍, കുളത്തൂപ്പുഴ, തെന്മല തുടങ്ങിയ സ്ഥലങ്ങളിലും പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക