|    Sep 19 Wed, 2018 6:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദേശീയ ദുരന്തം: ഒറ്റക്കെട്ടായി സമ്മര്‍ദം ചെലുത്തണം – വിഎസ്

Published : 21st August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ആനുകൂല്യങ്ങളും സഹായങ്ങളും നേടിയെടുക്കാന്‍ കേരളം ഒറ്റക്കെട്ടായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നു വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നാലു വര്‍ഷം മുമ്പ് ജമ്മുകശ്മീരില്‍ സംഭവിച്ച പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതുപോലെ കേരളത്തിലെ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകതന്നെ വേണം.
ദുരന്തനിവാരണ നിയമത്തെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന തര്‍ക്കത്തിനല്ല ഇപ്പോള്‍ പ്രസക്തി. ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം. വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അതിര്‍വരമ്പുകള്‍ നേര്‍ത്തുവരുന്നതായി ആക്ഷേപമുണ്ട്. കുന്നിടിച്ചും വനം കൈയേറിയും വയല്‍ നികത്തിയും തടയണകള്‍ കെട്ടിയും നടക്കുന്ന അനധികൃതമോ അശാസ്ത്രീയമോ ആയ നിര്‍മാണങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല. ദുരന്തമുണ്ടാവുമ്പോള്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ കാണിക്കുന്ന ശുഷ്‌കാന്തി ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും നാം കാണിക്കേണ്ടതുണ്ട്.
ഇപ്പോഴത്തെ ദുരന്തത്തിന്റെ കൂടി പശ്ചാത്തലത്തില്‍ വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കുറെക്കൂടി ശാസ്ത്രീയമായി പുനര്‍നിര്‍വചിക്കേണ്ടി വന്നേക്കും. അത്തരത്തില്‍ നിയമങ്ങള്‍ കര്‍ശനവും പഴുതടച്ചുള്ളതുമാക്കുകയാണ് ഒരു മാര്‍ഗം. മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുകളയുകയും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ ശക്തമാക്കണമെന്നും വിഎസ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss