|    Oct 21 Sun, 2018 7:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദേശീയ തോട്ടംതൊഴിലാളി ക്ഷേമബോര്‍ഡ് രൂപീകരിക്കാന്‍ സിഡിഎസ് ശുപാര്‍ശ

Published : 23rd January 2017 | Posted By: fsq

 

തിരുവനന്തപുരം: തോട്ടംതൊഴിലാളികളുടെയും ഉടമകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ദേശീയ തോട്ടംതൊഴിലാളി ക്ഷേമബോര്‍ഡ് (എന്‍പിഎല്‍ഡബ്ല്യൂബി) രൂപീകരിക്കണമെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റ—ഡീസിന്റെ (സിഡിഎസ്) ശുപാര്‍ശ. കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സിഡിഎസില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ റിസര്‍ച്ച് പ്രോഗ്രാം ഓണ്‍ പ്ലാന്റേഷന്‍ ഡെവലപ്‌മെന്റ് (എന്‍ആര്‍പിപിഡി) നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ശുപാര്‍ശ നല്‍കിയിരിക്കുന്നത്. പ്രഫ. കെ ജെ ജോസഫ്, പ്രഫ. പി കെ വിശ്വനാഥന്‍ എന്നിവര്‍ സംയുക്തമായി ക്രോഡീകരിച്ച ഗ്ലോബലൈസേഷന്‍ ഡെവലപ്‌മെന്റ് ആന്റ് പ്ലാന്റേഷന്‍ ലേബര്‍ ഇന്‍ ഇന്ത്യ എന്ന പുസ്തകത്തിലാണ് തോട്ടംമേഖല സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തോട്ടം ഉടമകള്‍, സംസ്ഥാന സര്‍ക്കാരുകള്‍, വാണിജ്യമന്ത്രാലയം എന്നിവരെയും കേന്ദ്രസര്‍ക്കാരിന്റെ മുഖ്യധാരാ പദ്ധതികളെയും ഉള്‍പ്പെടുത്തി സാമൂഹികപ്രതിബദ്ധതയുള്ള പ്രഫഷനലുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ദേശീയ തോട്ടംതൊഴിലാളി ക്ഷേമബോര്‍ഡ് തോട്ടംതൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്താന്‍ സഹായകമാവുമെന്ന് പഠനം അവകാശപ്പെടുന്നു. 1951ല്‍ തോട്ടംതൊഴിലാളി നിയമം നിലവില്‍വന്ന സാഹചര്യങ്ങളും ഇന്നത്തെ സാഹചര്യങ്ങളും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. 1951ല്‍ പിഎല്‍എ നിലവില്‍വന്നപ്പോള്‍ തോട്ടംമേഖലയിലുണ്ടായിരുന്ന വിദേശകുത്തകകള്‍ അമിതലാഭം നേടിയിരുന്നു. ആ സ്ഥാനത്ത് ഇന്ന് തോട്ടംമേഖലയുടെ നിലനില്‍പ്പുതന്നെ പരുങ്ങലിലാണ്. വന്‍കിട തോട്ടങ്ങളുടെ സ്ഥാനത്ത് ഇന്ന് തോട്ടംമേഖലയില്‍ ഭൂരിഭാഗവും ചെറുകിടക്കാരാണ്. കുറഞ്ഞ ഉല്‍പാദനച്ചെലവിന്റെയും കൂടിയ ഉല്‍പാദനക്ഷമതയുടെയും പിന്‍ബലത്തില്‍ ഈ മേഖലയില്‍ അടുത്ത കാലത്തായി കടന്നുവന്ന രാജ്യങ്ങളുമായുള്ള മല്‍സരത്തില്‍ ഇന്ത്യയിലെ തോട്ടംമേഖല ചെറുത്തുനില്‍പ്പിന്റെ ഭീഷണിയിലാണ്. ഈ അവസരത്തില്‍ പിഎല്‍എയുടെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുക ഇന്ത്യയുടെ തോട്ടംമേഖലയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായിരിക്കുന്നു. ആഗോളവല്‍ക്കരണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതായും പഠനം വ്യക്തമാക്കുന്നു. തോട്ടംമേഖല പ്രതിസന്ധിയിലായിരിക്കെ തൊഴിലാളികളുടെ ദയനീയമായ ജീവിതസാഹചര്യങ്ങള്‍ വളരെയധികം മെച്ചപ്പെടുത്തേണ്ടതായുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പുസ്തകത്തിന്റെ പ്രകാശനം മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് നിര്‍വഹിച്ചു. സിഡിഎസിലെ ഹോണററി പ്രഫസറും ഇന്റര്‍നാഷനല്‍ പാനല്‍ ഓണ്‍ സോഷ്യല്‍ പ്രോഗ്രസ് അംഗവുമായ പ്രഫ. കെ പി കണ്ണന്‍ അധ്യക്ഷ്യത വഹിച്ചു. സ്‌പൈസസ് ബോര്‍ഡ് ഗവേഷണവിഭാഗം ഡയറക്ടര്‍ ഡോ. എ ബി രമശ്രീ, തൊഴിലാളി യൂനിയന്‍ പ്രതിനിധികളായ അഡ്വ. ലാലാജി ബാബു (സിഐടിയു), എന്നിവര്‍ക്ക് പുസ്തകത്തിന്റെ പകര്‍പ്പുകള്‍ കൈമാറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss