|    Sep 19 Tue, 2017 8:56 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ദേശീയ ജൂറിക്കു മുന്നിലും വിനായകന്‍; മലയാളത്തില്‍ നിന്ന് 10 സിനിമകള്‍

Published : 17th March 2017 | Posted By: fsq

vinayakan

പൊന്നാനി: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിനായകന്‍ ദേശീയ അവാര്‍ഡിലും പരിഗണനയില്‍. ദേശീയ ജൂറിക്കു മുമ്പില്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിലയിരുത്തിയ പ്രാദേശിക ജൂറി സമര്‍പ്പിച്ച പട്ടികയില്‍ മികച്ച നടനുള്ള എന്‍ട്രിയില്‍ വിനായകനുമുണ്ട്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി 15 എന്‍ട്രികളാണുള്ളത്. പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറി ഇന്നു മുതല്‍ സിനിമകള്‍ കണ്ടുതുടങ്ങി അഞ്ച് പ്രാദേശിക ജൂറി ടീം സമര്‍പ്പിച്ച എന്‍ട്രികളില്‍ നിന്നു പുരസ്‌കാര നിര്‍ണയം നടത്തും. വിവിധ ഭാഷകളില്‍ നിന്നായി 380 സിനിമകളാണ് പ്രാഥമിക എന്‍ട്രിയായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയില്‍ നിന്നാണ് അഞ്ചു പ്രാദേശിക ജൂറികള്‍ ചേര്‍ന്ന് ദേശീയ അവാര്‍ഡിനു വേണ്ടി ചുരുക്കപ്പട്ടിക ഉണ്ടാക്കിയത്. ദക്ഷിണേന്ത്യന്‍ സിനിമകളുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് രണ്ടു ജൂറി പാനല്‍ ഉണ്ടായിരുന്നു. സൗത്ത് വണ്‍, സൗത്ത് ടു കാറ്റഗറികളില്‍ തമിഴ്, മലയാളം സിനിമകള്‍ സൗത്ത് വണ്‍ കാറ്റഗറിയിലുള്ള ജൂറിയാണ് പരിഗണിച്ചത്. തമിഴ്, മലയാളം സിനിമകളെ പരിഗണിച്ച പ്രാദേശിക ജൂറിയില്‍ മലയാളി സംവിധായകന്‍ ആര്‍ എസ് വിമല്‍, തമിഴ് സംവിധായകന്‍ ബാലാജി ശക്തിവേല്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. ബംഗാളി സിനിമകളെ വിലയിരുത്തിയ ജൂറിക്ക് നേതൃത്വം കൊടുത്തത് സംവിധായകന്‍ ശ്യാമപ്രസാദാണ്. പ്രാദേശിക ജൂറിയാണ് ദേശീയ ജൂറി പരിഗണിക്കേണ്ട ചിത്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. ഈ സിനിമകളില്‍ നിന്നാണ് പ്രിയദര്‍ശന്‍ ചെയര്‍പേഴ്‌സണായ ആറംഗ ജൂറി മികച്ചവ തിരഞ്ഞെടുക്കുക. ഹിന്ദി, മറാത്തി, തമിഴ് സിനിമകളില്‍ നിന്നുള്ള പ്രകടനങ്ങളുമായിട്ടായിരിക്കും കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനു പ്രധാനമായും മത്സരിക്കേണ്ടിവരുക. തമിഴില്‍ നിന്ന് അഞ്ച് എന്‍ട്രികള്‍ ദേശീയ ജൂറിക്കു മുന്നിലെത്തിയപ്പോള്‍, പത്ത് സിനിമകളാണ് ദേശീയ അവാര്‍ഡ് നിര്‍ണയ സമിതിക്കു മുന്നിലേക്ക് മലയാളത്തെ പ്രതിനിധീകരിച്ച് എത്തിയത്. 64ാമത് ദേശീയ പുരസ്‌കാര പ്രഖ്യാപനമാണ് ഇത്തവണത്തേത്. മാര്‍ച്ച് അവസാന വാരത്തിലോ ഏപ്രില്‍ ആദ്യമോ ആയിരിക്കും പുരസ്‌കാര പ്രഖ്യാപനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക