|    Oct 20 Sat, 2018 6:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദേശീയ ജലപാതാ വികസനം : സംസ്ഥാനം 177.16 കോടി ചെലവഴിച്ചു

Published : 27th September 2017 | Posted By: fsq

 

എന്‍  എ  ശിഹാബ്

തിരുവനന്തപുരം: ദേശീയ ജലപാത വികസനത്തിനായി സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ 177.16 കോടി ചെലവഴിച്ചു. ആകെ 588.5525 കോടി രൂപ വകയിരുത്തിയതില്‍ 119.66 കോടി രൂപയുടെ പ്രവൃത്തി നടന്നുവരികയാണ്. ദേശീയ ജലപാതയുടെ തുടര്‍വികസനപ്രവൃത്തികള്‍ക്കായി സിയാലും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിക്കുന്ന പുതിയ കമ്പനിക്ക് കഴിഞ്ഞ 16ന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കോവളം മുതല്‍ നീലേശ്വരം വരെയുള്ള 590 കിലോമീറ്റര്‍ ദേശീയ ജലപാതയില്‍ 225 കിലോമീറ്ററാണ് സംസ്ഥാനസര്‍ക്കാര്‍ വികസിപ്പിക്കുന്നത്. കോവളം മുതല്‍ കൊല്ലം വരെ 74.18 കിലോ മീറ്ററും കോഴിക്കോട് മുതല്‍ നീലേശ്വരം വരെ 188 കിലോമീറ്ററും വരുന്ന ജലപാതാ വികസനത്തിന്റെ തുടര്‍പ്രവര്‍ത്തനം പുതിയ കമ്പനിയായിരിക്കും നടത്തുക. ദേശീയ ജലപാതയില്‍ വരുന്ന തിരുവനന്തപുരം പാര്‍വതിപുത്തനാര്‍ നവീകരണം, വര്‍ക്കല തുരങ്കം വലിപ്പം കൂട്ടി ഗതാഗതയോഗ്യമാക്കല്‍, കോഴിക്കോട് നഗരത്തിലൂടെ ഒഴുകുന്ന കനോലി കനാല്‍ നവീകരണം, മാഹി വളപട്ടണം 26 കിലോമീറ്റര്‍ കനാല്‍ നിര്‍മാണം, നീലേശ്വരം ബേക്കല്‍കോട്ട വരെ 25 കി.മീ. കനാല്‍ നവീകരണം എന്നിവയാണു പുതിയ കമ്പനിയുടെ നിര്‍മാണപരിധിയില്‍ വരുന്നത്. വിവിധ വകുപ്പുകളുടെ മെല്ലെപ്പോക്ക് കാരണം വര്‍ഷങ്ങളായി ദേശീയ ജലപാത വികസനം പാതിവഴിയില്‍ ഇഴയുകയായിരുന്നു. 2015ലെ സിഎജി റിപോര്‍ട്ടില്‍ പദ്ധതിയുടെ സമയബന്ധിതമായ നടത്തിപ്പിനായി മേല്‍ അതോറിറ്റി രൂപീകരിക്കാമെന്നു നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ജൂണ്‍ 17ന് സിയാല്‍ മാതൃകയില്‍ പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കമ്പനിയില്‍ 49 ശതമാനം തുക സര്‍ക്കാരും 49 ശതമാനം തുക താല്‍പര്യമുള്ള സിയാല്‍ പോലെയുള്ള കമ്പനിയും മുടക്കും. രണ്ടുശതമാനം തുക രൂപീകരിക്കുന്ന കമ്പനിയുടെ ഓഹരികളായിരിക്കും. 2020ല്‍ പൂര്‍ത്തിയാക്കുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 5000 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ജലവകുപ്പ് മന്ത്രി മാത്യു ടി തോമസ്, ജലവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, സിയാല്‍ എംഡി വി ജെ കുര്യന്‍ എന്നിവരാണ് കമ്പനിയുടെ ആദ്യ ഡയറക്ടര്‍മാര്‍. കോവളം മുതല്‍ കൊല്ലം വരെ 27.50 കിലോമീറ്റര്‍ നിലവില്‍ ഗതാഗതയോഗ്യമാണ്. 11.30 കിലോമീറ്റര്‍ ഭാഗികമായി ഗതാഗതയോഗ്യമാണ്. ശേഷിച്ച 16.14 കിലോമീറ്റര്‍ നീളം വരുന്ന പാര്‍വതി പുത്തനാറിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി 80 കോടി രൂപയുടെ പ്രവൃത്തി നടന്നുവരികയാണ്. സംസ്ഥാനസര്‍ക്കാര്‍- 227.5625 കോടി, നബാര്‍ഡ്- 38.98 കോടി, 12ാം ധനകാര്യ കമ്മീഷന്‍-225 കോടി, 13ാം ധനകാര്യ കമ്മീഷന്‍ 97.01 കോടി എന്നിങ്ങനെയാണു തുക വകയിരുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss