|    Apr 23 Mon, 2018 9:38 am

ദേശീയ കര്‍ഷക സംഗമവും കാര്‍ഷിക പ്രദര്‍ശനവും കായംകുളത്ത്

Published : 27th September 2016 | Posted By: SMR

ആലപ്പുഴ: കേര കാര്‍ഷിക മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നൂറ് വര്‍ഷം തികയുന്നതിന്റെ ഭാഗമായി കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ കര്‍ഷക സംഗമവും കാര്‍ഷിക പ്രദര്‍ശനവും 29, 30 തിയ്യതികളില്‍ നടക്കുമെന്ന് കെ സി വേണുഗോപാല്‍ എം പി, ഡയറക്ടര്‍ ഡോ. പി ചൗദപ്പ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേര കാര്‍ഷിക മേഖലയുടെ സാധ്യതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറില്‍ നാളികേര മേഖലയിലെ വിലസ്ഥിരതയില്ലായ്മയെക്കുറിച്ചും കേരകൃഷിയില്‍ നിന്നുള്ള ഉല്‍പ്പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിച്ച് കേരകാര്‍ഷിക മേഖല ഊര്‍ജസ്വലവും സുസ്ഥിരമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും നയരൂപീകരണത്തിനുള്ള മാര്‍ഗരേഖകളും ചര്‍ച്ചക്ക് വിഷമാകുന്നതാണ്. 29ന് രാവിലെ 11ന് കേന്ദ്ര കാര്‍ഷിക-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി രാധാമോഹന്‍സിങ് കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്യും.
കെ സി വേണുഗോപാല്‍ എം പി അധ്യക്ഷനാവും. കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം കേരകാര്‍ഷിക മേഖലയിലുള്ളവര്‍ക്കും വികസിപ്പിച്ചെടുത്ത ഇ-കല്‍പ എന്ന മൊബൈല്‍ ആപ്ലിക്കേഷനും കേരോല്‍പ്പന്നങ്ങളായ കല്‍പ ക്രഞ്ച്, കല്‍പ ഷുഗര്‍ എന്നിവയും കേന്ദ്രമന്ത്രി നാടിന് സമര്‍പ്പിക്കും. രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി ജെ കുര്യന്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി വി എസ് സുനില്‍കുമാര്‍ വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നിര്‍വഹിക്കും.
കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി മഹാപാത്ര, അഡ്വ. പ്രതിഭാഹരി എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, കായംകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍ ശിവദാസന്‍ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം കേരകാര്‍ഷിക മേഖലയുടെ സാധ്യതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ കാര്‍ഷികോല്‍പ്പാദന കമ്മീഷനര്‍ രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും.
കൃഷി ഡയറക്ടര്‍ ബിജു പ്രഭാകര്‍, ജില്ലാകലക്ടര്‍ വീണ എന്‍ മാധവന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ സംബന്ധിക്കും.
40ലധികം സ്റ്റാളുകള്‍ സജ്ജമാക്കുന്ന കാര്‍ഷിക പ്രദര്‍ശനത്തില്‍ തോട്ടവിളകള്‍, കിഴങ്ങുവര്‍ഗ വിളകള്‍, സുഗന്ധവിളകള്‍, സമുദ്ര മല്‍സ്യങ്ങള്‍, എണ്ണപ്പന എന്നിവയുടെ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങള്‍, കേരള കാര്‍ഷിക സര്‍കലാശാലയുടെ ഗവേഷണ സ്ഥാപനങ്ങള്‍, 12 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്റെ ആത്മ, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഫാക്ട്, നാളികേര വികസന ബോ ര്‍ഡ്, കേരഫെഡ്, നബാര്‍ഡ്, സംരംഭകര്‍, സന്നദ്ധ സംഘടനകള്‍, വളം കീടനാശിനി കമ്പനികള്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഉണ്ടായിരിക്കുന്നതാണെന്ന് ഡയറക്ടര്‍ ചൗദപ്പ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss