|    Aug 14 Tue, 2018 1:53 pm
FLASH NEWS
Home   >  Sports  >  Athletics  >  

ദേശീയ ഓപണ്‍ അത്‌ലറ്റിക്് ചാംപ്യന്‍ഷിപ്പ്: റെയില്‍വേക്ക് കിരീടം

Published : 28th September 2017 | Posted By: ev sports

ചെന്നൈ: 57ാമത് ദേശീയ ഓപണ്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ റെയില്‍വേയ്ക്ക് കിരീടം. നാല് ദിനം നീണ്ട മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 17 സ്വര്‍ണവും 13 വെള്ളിയും 12 വെങ്കലവുമടക്കം 296 പോയിന്റുമായാണ് റെയില്‍വേ ഒന്നാമതെത്തിയത്. 12സ്വര്‍ണവും 10 വെള്ളിയും ഏഴ് വെങ്കലവുമടക്കം 182 പോയിന്റുമായി സര്‍വീസസ് രണ്ടാമതും നാല് സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമടക്കം 77 പോയിന്റുമായി ഒഎന്‍ജിസി മൂന്നാം സ്ഥാനത്തുമാണ്. മീറ്റില്‍ നിറം മങ്ങിയ പ്രകടനവുമായി 40 പോയിന്റോടെ കേരളം ഏഴാം സ്ഥാനത്താണ്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും മാത്രമാണ് മീറ്റില്‍ കേരളത്തിന് നേടാനായത്.   മീറ്റിന്റെ അവസാന ദിനമായ ഇന്നലെ 12 ഫൈനലുകളാണ് നടന്നത്. ആദ്യദിനം മുതല്‍ ആധിപഥ്യം പുലര്‍ത്തിപ്പോന്ന റെയില്‍വേയുടെ തന്നെ മുന്നേറ്റത്തിനായിരുന്നു ഇന്നലെയും ജവഹര്‍ലാല്‍നെഹ്‌റു സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. നാല് സ്വര്‍ണമാണ് ഇന്നലെ റെയില്‍വേതാരങ്ങള്‍ മെഡല്‍പട്ടികയില്‍ കൂട്ടിച്ചേര്‍ത്തത്. വനിതകളുടെ 800 മീറ്ററില്‍ റെയില്‍വേയുടെ ലിജിദാസിലൂടെയായിരുന്നു ഇന്നലെ റെയില്‍വേയുടെ സ്വര്‍ണവേട്ട തുടങ്ങിയത്. പുരുഷന്‍മാരുടെ 800 മീറ്ററില്‍ അജയ് സരോജ്, വനിതകളുടെ ഹെപ്റ്റാത്തലണില്‍ പൂര്‍ണിമ ഹെബ്രാം, വനിതകളുടെ ഡിസ്‌കസ്‌ത്രോയില്‍ കമല്‍പ്രീത് കൗര്‍, എന്നിവരാണ് റെയില്‍വേയുടെ ഇന്നലത്തെ സ്വര്‍ണവേട്ടക്കാര്‍. പുരുഷന്‍മാരുടെ ട്രിപ്പിള്‍ജംപില്‍ കേരളത്തിന്റെ കെ ശ്രീജിത്ത്‌മോന്‍ (16.15 മീറ്റര്‍) സ്വര്‍ണം നേടി. വനിതകളുടെ 200 മീറ്ററില്‍ ആസാമിന്റെ ഹിമദാസിനായിരുന്നു സ്വര്‍ണം. പുരുഷന്‍മാരുടെ 4-100 മീറ്റര്‍ റിലേയില്‍ സര്‍വീസസും വനിതാവിഭാഗത്തില്‍ കര്‍ണാടകയും സ്വര്‍ണം നേടി. പുരുഷന്‍മാരുടെ 4-400 മീറ്റര്‍ റിലേയില്‍ ഹരിയാനയും വനിതാവിഭാഗത്തില്‍ ഒഎന്‍ജിസിക്കുമായിരുന്നു സ്വര്‍ണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss